നേതാക്കള്‍ ഒന്നൊഴിയാതെ പാര്‍ട്ടി വിടുന്നു; പഞ്ചാബ് ബി.ജെ.പിയില്‍ കനത്ത പ്രതിസന്ധി

പ്രധാനനേതാക്കൾ ഒന്നൊഴിയാതെ പാർട്ടി വിടുന്നതോടെ പഞ്ചാബ് ബി.ജെ.പിയില്‍ കനത്ത പ്രതിസന്ധി. സംഭവത്തില്‍ ബി.ജെ.പി അടിയന്തരയോഗം വിളിച്ചു . കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ബി.ജെ.പി നേതാക്കളാണ് മറ്റ് പാര്‍ട്ടികളില്‍ ചേർന്നത്.

സംസ്ഥാന അധ്യക്ഷൻ അശ്വനി ശർമയുടെ നേതൃത്വത്തിലായിരുന്നു യോഗം. മുൻമന്ത്രി അനിൽ ജോഷി കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടതിനു പിന്നാലെ സംസ്ഥാന-ജില്ലാ നേതാക്കളും പാര്‍ട്ടി വിട്ടിരുന്നു.

മുൻ എം.എൽ.എ സുഖ്പാൽ സിംഗ് നന്നു കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് രാജിവെച്ചിരുന്നു. കാർഷിക നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിനിടെ സമരക്കാർ മരിക്കാനിടയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുഖ്പാൽ പാർട്ടിവിട്ടത്.സമരം ചെയ്യുന്നവർ മരണപ്പെടുന്നതിൽ തന്റെ അനുയായികൾ നിരാശരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദക്ഷിണ പഞ്ചാബിലെ ബി.ജെ.പിയുടെ സുപ്രധാനനേതാക്കളിൽ ഒരാളാണ് സുഖ്പാൽ സിങ് നന്നു. സുഖ്പാലിന്റെ രാജിയെ തുടർന്ന് കനത്ത പ്രതിസന്ധിയാണ് സംസ്ഥാന ബി.ജെ.പിയിൽ ഉണ്ടായിരിക്കുന്നത്.

പഞ്ചാബ് ബി.ജെ.പി വക്താവ് അനിൽ സരീൻ സുഖ്പാൽ സിംഗുമായി ചർച്ച നടത്തിയെങ്കിലും രാജിവെയ്ക്കാനുള്ള തീരുമാനവുമായി സുഖ്പാൽ മുന്നോട്ട് പോകുകയായിരുന്നു. അശ്വനി ശർമ്മയാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്നും സംസ്ഥാനത്തിന്റെ വികാരം കൃത്യമായി കേന്ദ്ര നേതൃത്വത്തെ അറിയിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടെന്നും സുഖ്പാൽ പറഞ്ഞിരുന്നു.കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാന ബി.ജെ.പിയിലെ നിരവധി പേർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കർഷക സമരത്തെ കേന്ദ്രസർക്കാർ നേരിടുന്ന ശൈലിയ്‌ക്കെതിരെയും പലരും വിമർശനമുന്നയിച്ചിരുന്നു.കാർഷിക നിയമത്തിൽ പ്രതിഷേധിച്ചാണ് ശിരോമണി അകാലിദൾ എൻ.ഡി.എ വിട്ടിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News