പരിമിതികളില്‍ പടപൊരുതി വിജയം നേടി; അട്ടപ്പാടിക്ക് രണ്ടു ഡോക്ടര്‍മാര്‍ കൂടി

അട്ടപ്പാടിക്കാര്‍ക്കിടയിലേക്ക് ഇനി രണ്ടു ഡോക്ടര്‍മാര്‍ കൂടി. പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും പുതൂര്‍ ഊരിലെ ഡി. രാഹുല്‍രാജും അഗളി വെള്ളമാരി ഊരിലെ ആര്‍.കാര്‍ത്തികയുമാണ് എംബിബിഎസ് നേടിയത്. രാഹുല്‍രാജ് ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജിലും കാര്‍ത്തിക തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജിലുമായിരുന്നു പഠനം.

ഇല്ലായ്മയില്‍ നിന്ന് ഉണ്ടാക്കിയെടുത്ത വിജയമാണിതെന്ന് രാഹുല്‍ രാജ് പറയുന്നു. പരിമിതികളെ പരിശ്രമം കൊണ്ട് മറികടക്കാമെന്ന് പഠിപ്പിച്ചത് തന്റെ അമ്മയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കര്‍ഷകനായ ദുരൈരാജിന്റെയും അങ്കണവാടി വര്‍ക്കറായ വിജയലക്ഷ്മിയുടെയും മകനാണ് രാഹുല്‍രാജ്. ചെറിയ വരുമാനം കൊണ്ട് ഊരിലെ നിന്നുതിരിയാന്‍ ഇടമില്ലാത്ത കൊച്ചുവീട്ടില്‍ അല്ലലും അലട്ടുമറിയിക്കാതെ വളര്‍ത്തിയ അമ്മയാണ് എല്ലാം എന്നു രാഹുല്‍രാജ് പറയുന്നു.

ആലുവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസോടെ പ്ലസ്ടു വിജയിച്ച രാഹുല്‍രാജിനെ പട്ടികവര്‍ഗ വകുപ്പാണ് മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന് അയച്ചത്. എംഡിയെടുത്ത് അട്ടപ്പാടിയില്‍ സേവനം അനുഷ്ഠിക്കണമെന്നാണ് താല്‍പര്യമെന്നും രാഹുല്‍ പറയുന്നു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ ഒന്നാം വര്‍ഷ സുവോളജി വിദ്യാര്‍ഥി പ്രഫുല്‍രാജാണ് സഹോദരന്‍.

അഗളി എഎസ്പി ഓഫിസില്‍ എഎസ്‌ഐ ആയ ആര്‍. രാഘവന്റെയും മുന്‍ പഞ്ചായത്തംഗം ആര്‍. ശാന്താമണിയുടെയും മകളാണ് കാര്‍ത്തിക. ജെല്ലിപ്പാറ മൗണ്ട് കാര്‍മല്‍ ഹൈസ്‌കൂളിലും കോട്ടത്തറ ആരോഗ്യമാത ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമായിട്ടായിരുന്നു കാര്‍ത്തികയുടെ പഠനം. പഠനത്തില്‍ മികവ് തെളിയിച്ച് ഡോക്ടറായി പുറത്തിറങ്ങിയ കാര്‍ത്തികയും ഇപ്പോള്‍ നാടിന് അഭിമാനമായി മാറിയിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News