രക്ഷാപ്രവര്‍ത്തനത്തിനിടെ വിമാനത്തില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കി അഫ്ഗാന്‍ യുവതി

അഫ്ഗാനില്‍നിന്ന് രക്ഷപ്പെടുന്നതിനിടെ വിമാനത്തില്‍ കുഞ്ഞിന് ജന്മം നല്‍കി അഫ്ഗാന്‍ യുവതി. അഫ്ഗാന്‍ അഭയാര്‍ത്ഥികളുമായി തിരിച്ച യു എസ് വിമാനത്തിലാണ് യുവതിയുടെ സുഖപ്രസവം.

ജര്‍മ്മനിയിലെ റാംസ്റ്റീന്‍ വ്യോമകേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പ്രസവ വേദന അനുഭവപ്പെട്ടത്. വിമാനം ജര്‍മ്മനിയില്‍ ഇറങ്ങിയപ്പോള്‍ മെഡിക്കല്‍ സംഘം വിമാനത്തിനുള്ളിലെത്തി. അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. യു എസ് മിലിട്ടറിയാണ് പ്രസവ വാര്‍ത്ത ട്വീറ്റ് ചെയ്തത്.

താലിബാന്‍ അഫ്ഗാനിസ്താന്‍ നിയന്ത്രണത്തിലാക്കിയതിനു പിറകെ കാബൂളില്‍നിന്ന് രക്ഷപ്പെട്ട യുവതി പശ്ചിമേഷ്യയിലെ ഒരു താല്‍ക്കാലിക അഭയാര്‍ത്ഥി കേന്ദ്രത്തിലായിരുന്നു കഴിഞ്ഞത്. ഇവിടെനിന്ന് കഴിഞ്ഞ ദിവസം യുഎസ് സൈനിക വിമാനത്തില്‍ ജര്‍മനിയിലെത്തിക്കുന്നതിനിടെയാണ് വിമാനത്തില്‍ വച്ച് പ്രസവവേദന അനുഭവപ്പെട്ടത്.

വിമാനം സമുദ്രനിരപ്പില്‍നിന്ന് 28,000 അടി ഉയരത്തിലെത്തിയതോടെ യുവതി അസ്വസ്ഥതകള്‍ കാണിക്കാന്‍ തുടങ്ങി. താഴ്ന്ന അന്തരീക്ഷ മര്‍ദ്ദം കാരണമുള്ള ബുദ്ധിമുട്ടുകളാണ് യുവതി നേരിട്ടത്. ഇതോടെ അന്തരീക്ഷ മര്‍ദ്ദം ഉയര്‍ത്താനായി വിമാന കമാന്‍ഡര്‍ പതുക്കെ വിമാനം താഴ്ത്തി.

മറ്റു വിമാനജീവനക്കാര്‍ യുവതിക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കിക്കൊടുക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന യു എസ് വ്യോമസേനാ മെഡിക്കല്‍ സംഘം പ്രസവ പരിചരണങ്ങള്‍ നല്‍കി. ഒടുവില്‍ വിമാനം ജര്‍മനിയിലെ റാംസ്‌റ്റൈന്‍ വ്യോമതാവളത്തിലിറങ്ങുന്നതിനു തൊട്ടുമുന്‍പ് യുവതി ഒരു പെണ്‍കുഞ്ഞിനു സുരക്ഷിതമായി ജന്മം നല്‍കുകയും ചെയ്തു.

യു എസ് സൈന്യത്തിനു കീഴിലുള്ള വ്യോമരക്ഷാ ദൗത്യസംഘമായ എയര്‍ മൊബിലിറ്റി കമാന്‍ഡ് ട്വിറ്ററിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടത്. വിമാനമിറങ്ങിയയുടന്‍ തന്നെ യുവതിയെയും കുഞ്ഞിനെയും അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തിച്ചു. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്നും എയര്‍ മൊബിലിറ്റി കമാന്‍ഡ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News