കൊച്ചി മയക്കുമരുന്ന് കടത്ത്: കടത്തിയത് 4 കിലോയെന്ന് കണ്ടെത്തല്‍

കൊച്ചി വാഴക്കാലയിലെ ഫ്‌ലാറ്റില്‍ നിന്നും എക്‌സൈസ് പിടികൂടിയ മയക്കുമരുന്ന് സംഘം ചെന്നൈയില്‍ നിന്ന് കടത്തിയത് 4 കിലോ എം ഡി എം എ യെന്ന് വിവരം. ഇതില്‍ രണ്ട് കിലോ കണ്ടെടുത്തെങ്കിലും ബാക്കിയുള്ള 2 കിലോയ്ക്ക് വേണ്ടി പരിശോധനകള്‍ തുടരുകയാണ്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങും.

ഇക്കഴിഞ്ഞ 19നാണ് ഒരു യുവതി ഉള്‍പ്പടെ 5 അംഗ സംഘത്തെ എം ഡി എം എയുമായി കാക്കനാട് വാഴക്കാലയിലെ ഫ്‌ലാറ്റില്‍ നിന്നും എക്‌സൈസ് സംഘം പിടികൂടിയത്. ഇവരില്‍ നിന്ന് 84 ഗ്രാം എം ഡി എം എയാണ് ആദ്യം പിടിച്ചെടുത്തതെങ്കിലും പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ ഒളിപ്പിച്ചുവെച്ച 1.115 കിലോ എം ഡി എം എ കൂടി കണ്ടെടുത്തിരുന്നു.

ഏകദേശം നാലുകോടി രൂപയോളം വിലവരുന്ന മയക്കുമരുന്നാണ് എക്‌സൈസ് പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശി ശ്രീമോന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ നിന്നായിരുന്നു മയക്കുമരുന്ന് കടത്തിയത്. എക്‌സൈസിനു ലഭിച്ച രഹസ്യ വിവരപ്രകാരം പ്രതികള്‍ കടത്തിയത് 4 കിലോ എം ഡി എം എയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബാക്കിയുള്ള മയക്കുമരുന്ന് കണ്ടെത്താനായി എക്‌സൈസും കസ്റ്റംസും വിവിധയിടങ്ങളില്‍ പരിശോധന തുടരുകയാണ്.

ഇതിനിടെ പ്രതികള്‍ നേരത്തെ താമസിച്ചിരുന്ന വയനാട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. പ്രതികള്‍ക്ക് പോണ്ടിച്ചേരിയിലുള്ള മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.

ചെന്നൈയില്‍ നിന്നും എത്തിക്കുന്ന എം ഡി എം എ സംസ്ഥാനത്ത് എവിടെയൊക്കെ വില്‍പ്പന നടത്തുന്നു, ഈ സംഘത്തിലെ മറ്റ് കണ്ണികള്‍ ആരൊക്കെ തുടങ്ങി നിരവധി വിവരങ്ങള്‍ പ്രതികളില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. ഈ സഹചര്യത്തില്‍ പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം അടുത്ത ദിവസം കാക്കനാട് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News