റെക്കോര്‍ഡിട്ട് കണ്‍സ്യൂമര്‍ ഫെഡ്; തൊഴിലാളികളെയും ജീവനക്കാരെയും അഭിനന്ദിച്ച് മന്ത്രി വി.എന്‍ വാസവന്‍

ഓണക്കാലത്തെ റിക്കോര്‍ഡ് വില്‍പ്പന നടത്തിയ കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരെയും തൊഴിലാളികളെയും സഹകരണം, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അഭിനന്ദിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന വില്‍പ്പനയാണ് കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളിലൂടെയും പ്രത്യേക ഓണം വിപണിയിലൂടെയും നടന്നത്.

ഉത്രാടം വരെയുള്ള പത്തു ദിവസങ്ങളിലായി 90 കോടി രൂപയുടെ അവശ്യ സാധനങ്ങളാണ് സാധാരണക്കാരുടെ കൈകളിലെത്തിയത്. പൊതുവിപണിയിലെ വിലയുടെ പകുതി മാത്രം ഈടാക്കി 13 അവശ്യ സാധനങ്ങളാണ് വിതരണം ചെയ്തത്. ഇതിനു പുറമെ 10 ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ മറ്റ് സാധനങ്ങളും വില്‍പ്പന നടത്തി. 45 കോടിയുടെ വില്‍പ്പനയാണ് ഇതുവഴി നേടാനായത്. നിരന്തരമുണ്ടാകുന്ന ഇന്ധന വില വര്‍ദ്ധനവിനെ തുടര്‍ന്ന് അവശ്യ സാധനങ്ങളുടെ വില പൊതുവിപണിയില്‍ കുതിച്ചുയര്‍ന്നിരുന്നു.

ഓണക്കാലത്ത് വന്‍തോതില്‍ വില വര്‍ദ്ധനയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് കുറഞ്ഞ വിലയ്ക്ക് സാധാരണക്കാര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനങ്ങളോടൊപ്പം നില്‍ക്കാന്‍ സഹകരണ വകുപ്പിനും കണ്‍സ്യൂമര്‍ഫെഡിനും കഴിഞ്ഞു. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മാത്രം വില്‍പ്പന നടത്തിയാല്‍ കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് എത്താന്‍ കഴിയില്ലെന്നത് മുന്നില്‍ കണ്ടാണ് 2000 പ്രത്യേക ഓണവിപണി കൂടി സജ്ജീകരിച്ചത്.

ഇതോടെ സാധാരണക്കാര്‍ക്ക് തൊട്ടടുത്ത് കുറഞ്ഞ വിലയ്ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭ്യമായി. ഇത്രയധികം വില്‍പ്പന നടത്താന്‍ കഴിഞ്ഞത് സാധനങ്ങളുടെ കയറ്റിറക്ക് നടത്തിയ തൊഴിലാളികള്‍ മുതലുള്ളവരുടെ സഹകരണവും അര്‍പ്പണമനോഭാവവും ഉള്ളത് കൊണ്ടാണ്. ഗോഡൗണുകളിലെ പായ്ക്കിംഗ് തൊഴിലാളികള്‍, വിവിധ തലങ്ങളിലെ ജീവനക്കാര്‍, തിരക്ക് നിയന്ത്രിക്കാന്‍ കാര്യമായി പണിയെടുത്ത സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലുള്ളവരും കണ്‍സ്യൂമര്‍ഫെഡുമായും സഹകരണ വകുപ്പുമായും സഹകരിച്ചു.

ഇവരുടെ ആത്മാര്‍ത്ഥതതയ്ക്കും സഹകരണത്തിനും സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും നന്ദി അറിയിക്കുന്നതായി മന്ത്രി വി.എന്‍. വാസവന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel