തൃക്കാക്കരയിലെ പണക്കിഴി വിവാദത്തില്‍ ബിജെപിയിലും തമ്മിലടി; ബിജെപി ജില്ലാ ഭാരവാഹിക്ക് മണ്ഡലം പ്രസിഡന്റിന്റെ ഭീഷണി

തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തെച്ചൊല്ലി ബിജെപിയിലും തമ്മിലടി. ബിജെപി ജില്ലാ ഭാരവാഹിയെ മണ്ഡലം പ്രസിഡന്റ് ഭീഷണിപ്പെടുത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് എ ആര്‍ രാജേഷ് ആണ് ഫോണ്‍ വിളിച്ച ഭീഷണിപ്പെടുത്തിയത്. ബിജെപി ഗ്രൂപ്പിലെ വിമര്‍ശനത്തിനാണ് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

പണക്കിഴി വിവാദത്തില്‍ പ്രതിഷേധം നടത്താത്തത് ചോദ്യം ചെയ്തതിനാണ് പാര്‍ട്ടി ജില്ലാ ഭാരവാഹിക്ക് നേരെ ഭീഷണി ഉയര്‍ന്നത്. അതേസമയം ജില്ലാ ഐടി സെല്‍ കോഓര്‍ഡിനേറ്റര്‍ ആര്‍ രാജേഷിനെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്നു.

സംഭവത്തിൽ കോൺഗ്രസിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാത്തതിൽ ബിജെപി മണ്ഡലം കമ്മറ്റിക്കെതിരെ ജില്ലാ ഭാരവാഹി ആർ രാജേഷ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഇതേ തുടർന്നാണ് തർക്കം രൂക്ഷമായത്. പോസ്റ്റിട്ടാൽ വീട്ടിൽ കയറി മർദ്ധിക്കുമെന്ന് പറഞ്ഞ് മണ്ഡലം പ്രസിഡൻ്റിൻ് എ ആർ രാജേഷ് ജില്ലാ ഭാരവാഹി ആർ രാജേഷിനെ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കി.

അതേസമയം തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ വിജിലൻസ് അന്വേഷണം ഉടൻ തുടങ്ങും. എൽ ഡി എഫ് കൗൺസിലർമാരുടെ പരാതിയിലാണ് അന്വേഷണം.ഓണക്കോടിയ്ക്കൊപ്പം പതിനായിരം രൂപ വീതം നഗരസഭാധ്യക്ഷ കൗൺസിലർമാർക്ക് കവറിലിട്ട് നൽകിയ സംഭവത്തിലാണ് വിജിലന്‍സ് അന്വേഷണമാരംഭിക്കുന്നത്.

നഗരസഭാധ്യക്ഷ അജിത തങ്കപ്പന്‍ കൗണ്‍സിലര്‍മാര്‍ക്ക് പതിനായിരം രൂപ വീതം കവറിലിട്ട് നല്‍കിയ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഇക്ക‍ഴിഞ്ഞ 18നാണ് തൃക്കാക്കര നഗരസഭയിലെ എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.പരാതി എറണാകുളം യൂണിറ്റിന് കൈമാറിയതായാണ് വിവരം.

ഓണാവധി അവസാനിക്കുന്നതോടെ അന്വേഷണം ഉടന്‍ തുടങ്ങാനാണ് വിജിലന്‍സ് കൊച്ചി യൂണിറ്റിന്‍റെ തീരുമാനം.പരാതിക്കാരുടെയും ആരോപണവിധേയരുടെയും മൊ‍ഴിയെടുത്ത് പ്രാഥമിക വിവരശേഖരണം നടത്തിയ ശേഷമായിരിക്കും കേസെടുക്കുന്ന നടപടിയിലേക്ക് വിജിലന്‍സ് കടക്കുക.ക‍ഴിഞ്ഞ 17നാണ് പരാതിക്കാധാരമായ സംഭവം നടക്കുന്നത്.

നഗരസഭാ ചെയര്‍പേ‍ഴ്സണ്‍ അജിതാ തങ്കപ്പന്‍ കൗണ്‍സിലര്‍മാരെ തന്‍റെ ചേംബറിലേക്ക് വിളിപ്പിച്ച് വാര്‍ഡുകളില്‍ വിതരണം ചെയ്യാനായി 15 ഓണക്കോടി വീതം നല്‍കി.ഇതോടൊപ്പം ഒരു കവറും ഉണ്ടായിരുന്നു.പിന്നീട് കവര്‍ തുറന്നു നോക്കിയപ്പോള്‍ അതില്‍ പതിനായിരം രൂപയുണ്ടായിരുന്നു.ഇതെത്തുടര്‍ന്ന് ഈ തുക തങ്ങള്‍ ചെയര്‍പേ‍ഴ്സനെ തിരിച്ചേല്‍പ്പിച്ചതായി പിന്നീട് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

പതിനായിരം രൂപ വീതം ഓരോ കൗണ്‍സിലര്‍മാര്‍ക്കും നല്‍കാനുള്ള തുക എവിടെ നിന്നു ലഭിച്ചുവെന്നത് ദുരൂഹമാണെന്നും ഇതെക്കുറിച്ച് അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടാണ് നഗരസഭയിലെ ഇടത് കൗണ്‍സിലര്‍മാര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.നഗരസഭയില്‍ നടക്കുന്ന അ‍ഴിമതിയ്ക്ക് ലഭിച്ച കമ്മീഷന്‍തുകയുടെ പങ്കാണ് കൗണ്‍സിലര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമിച്ചതെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here