ADVERTISEMENT
ലക്ഷദ്വീപില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പിജി കോഴ്‌സുകളും അറബിക് ഡിഗ്രി കോഴ്‌സും നിര്‍ത്തലാക്കി അഡ്മിനിസ്‌ട്രേറ്റര്‍. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവി വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് എസ് എഫ് ഐ. ദ്വീപ് വിദ്യാര്‍ത്ഥികളുടെ പഠിക്കാനുള്ള അവകാശമാണ് അഡ്മിനിസ്‌ട്രേറ്റര്‍ തടയുന്നതെന്നും കേരളവുമായുള്ള ബന്ധം ഇല്ലാതാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നും സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ് എം എല്‍ എ പറഞ്ഞു.
ബിരുദ ബിരുദാനന്തര കോഴ്‌സുകളില്‍ വലിയ മാറ്റമാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ നടപ്പാക്കുന്നത്. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ BA, MA അറബിക്, MA English , Political Science, Mcom, MSc മാത്സ്, അക്വാ കള്‍ച്ചര്‍, എന്നി കോഴ്‌സുകള്‍ നിര്‍ത്തി. പഠനത്തിന് വിദ്യാര്‍ത്ഥികള്‍ കുറവാണെന്ന് പറഞ്ഞാണ് തീരുമാനം.
സാമ്പത്തിക ബാധ്യതയും കാരണമായി പറയുന്നു. കൂടുതല്‍ ജോലി സാധ്യതയുള്ള കോഴ്‌സുകള്‍ തുടങ്ങേണ്ടതുണ്ടെന്നാണ് അഡ്മിനിസ്‌ട്രേറ്ററുടെ വാദം. എന്നാല്‍ ബി എ അറബിക് കോഴ്‌സ് നിര്‍ത്തലാക്കുന്നതിന് വിശദീകരണമില്ല. കോഴ്‌സുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരെ എസ്എഫ്‌ഐ ബേപ്പൂര്‍ ലക്ഷദ്വീപ് സെന്ററിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ് എം എല്‍ എ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
കോഴ്‌സുകളും അധ്യാപകരെയും അനുവദിക്കുന്നത് സര്‍വകലാശാലയാണെങ്കിലും കേന്ദ്രം പ്രവര്‍ത്തിക്കുന്നത് ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലാണ്. കഴിഞ്ഞ വര്‍ഷം തന്നെ കോഴ്‌സുകള്‍ നിര്‍ത്താന്‍ ലക്ഷദ്വീപ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സര്‍വ്വകലാശാല ഇടപെട്ട് തുടര്‍ന്നു. ഇത്തവണ നടന്ന സംയുക്ത റിവ്യൂ മീറ്റിങ്ങില്‍ ദ്വീപ് ഭരണകൂടം കര്‍ശന നിലപാട് എടുത്തു. യൂണിവേഴ്‌സിറ്റിയ്ക്ക് സ്വന്തം നിലയില്‍ കോഴ്‌സ് തുടരാന്‍ കഴിയാത്തതിനാല്‍ തീരുമാനം സിന്റിക്കേറ്റ് അംഗീകരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.