അമേരിക്കയ്ക്ക് അന്ത്യശാസനവുമായി താലിബാന്‍; തീരുമാനം ഉടന്‍ അറിയിക്കുമെന്ന് ജോ ബൈഡന്‍

അമേരിക്കയ്ക്ക് അന്ത്യശാനവുമായി താലിബാന്‍. ആഗസ്റ്റ് 31 നകം എല്ലാ അമേരിക്കക്കാരേയും ഒഴിപ്പിക്കണമെന്നാണ് താലബാന്‍ അമേരിക്കയ്ക്ക് നല്‍കിയ അന്ത്യശാസനം. എന്നാല്‍ ഈ വിഷയത്തില്‍ 24 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. എന്നാല്‍ എല്ലാ അമേരിക്കക്കാരേയും ഒഴിപ്പിക്കണമെന്ന അന്ത്യശാസനം നടപ്പാക്കുക എളുപ്പമല്ലെന്ന് അമേരിക്ക പറയുന്നുണ്ട്.

അമേരിക്കന്‍ സേനാംഗങ്ങള്‍ അഫഗാനില്‍ തുടര്‍ന്നാല്‍ കാബൂള്‍ വിമാനത്താവളത്തില്‍ ഇനിയും സംഘര്‍ഷങ്ങളുണ്ടാകുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കയോ ബ്രിട്ടനോ കൂടുതല്‍ സമയം ചോദിക്കുകയാണെങ്കിലും ഉത്തരം ഇല്ല എന്നായിരിക്കുമെന്ന് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ അറിയിച്ചു.

അതേസമയം താലിബാനുമേല്‍ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്താനൊരുങ്ങുകയാണ് ബ്രിട്ടണ്‍. ഇന്ന് നടക്കുന്ന ജി 7 ഉച്ചകോടിയില്‍ അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യും. ഇന്ന് നടക്കുന്ന ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ താലിബാനെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍ സമ്മര്‍ദ്ദം ചെലുത്തും. സാമ്പത്തിക ഉപരോധത്തെ പിന്തുണയ്ക്കുമെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഞായറാഴ്ച ഇതുമായി ബന്ധപ്പെട്ട യോഗം വിളിച്ചു ചേര്‍ത്തിരുന്നു. അമേരിക്ക, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, കാനഡ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ തലവന്മാരായിരുന്നു ഈ വിര്‍ച്വല്‍ മീറ്റിംഗില്‍ പങ്കെടുത്തിരുന്നത്.

താലിബാന്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുകയും അവിടം ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ താവളമാവുകയും ചെയ്യുകയാണെങ്കില്‍ താലിബാനുമേല്‍ കര്‍ശനമായ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ബ്രിട്ടീഷ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

താലിബാനെതിരെ ഒരു സംയുക്ത സമീപനമാണ് ജി 7 രാജ്യങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും ഇതിന്റെ ഭാഗമായി ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റലിയന്‍ പ്രധാനമന്ത്രി മാരിയോ ദ്രാഗി എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയെന്നും ബോറിസ് ജോണ്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ 20 വര്‍ഷങ്ങളായുള്ള അഫ്ഗാന്റെ നേട്ടങ്ങള്‍ സംരക്ഷിക്കാനും, സുരക്ഷിതമായ ഒഴിപ്പിക്കലുകള്‍ ഉറപ്പുവരുത്താനും അന്താരാഷ്ട്ര സമൂഹം ഒന്നിച്ചു നില്‍ക്കേണ്ടത് അത്യാവശ്യമാണെന്ന് ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു. അമേരിക്കയും ഈ ഉപരോധത്തെ പിന്തുണയ്ക്കുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

അഫ്ഗാനിസ്ഥാനില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് ശ്രമകരമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ മാസം 31നകം അമേരിക്കന്‍ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടി പൂര്‍ത്തിയാക്കുമെന്നും, അതിനുശേഷം താലിബാനെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ തയ്യാറാണെന്നുമാണ് അമേരിക്കയുടെ നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News