‘പാരാ അത്ലറ്റുകള്‍ രാജ്യത്തിനു അഭിമാനം’; പാരാലിമ്പിക്സ് താരങ്ങളെ അഭിനന്ദിച്ച് സച്ചിനും കോഹ്ലിയും

പാരാലിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്‌നേഹാംശസകളും പിന്തുണയും നേര്‍ന്ന് ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ‘ടോക്കിയോ പാരാലിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിന് ആശംസകളും പിന്തുണയും അറിയിക്കുന്നു. പാരാ അത്ലറ്റുകള്‍ രാജ്യത്തിനായി അഭിമാന നേട്ടങ്ങള്‍ സ്വന്തമാക്കുമെന്ന് എനിക്കുറപ്പാണ്’ എന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ട്വീറ്റ് ചെയ്തു.

ടോക്കിയോയില്‍ പാരാലിംപിക്സിന് ഇന്നാണ് തുടക്കമാവുന്നത്. വൈകിട്ട് നാലരയ്ക്ക് ഉദ്ഘാടന ചടങ്ങുകള്‍ക്ക് ആരംഭിക്കും. നമുക്ക് ചിറകുകള്‍ ഉണ്ട് എന്ന സന്ദേശവുമായാണ് ടോക്കിയോ പാരാലിംപിക്സ് വിരുന്നെത്തുന്നത്. ഉദ്ഘാടന ചടങ്ങിന് നിറംപകരാന്‍ എഴുപത്തിയഞ്ച് കലാകാരന്‍മാര്‍ വേദിയിലെത്തും.

ഉദ്ഘാടന ചടങ്ങില്‍ അഞ്ച് താരങ്ങളും ആറ് ഒഫീഷ്യല്‍സുമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. റിയോ പാരാലിംപിക്സ് ഹൈജംപിലെ സ്വര്‍ണമെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു ഇന്ത്യന്‍ പതാകയേന്തും. മലയാളി ഷൂട്ടര്‍ സിദ്ധാര്‍ഥ് ബാബു ഉള്‍പ്പടെ 54 താരങ്ങളെയാണ് ഇന്ത്യ ഗെയിംസില്‍ അണിനിരത്തുന്നത്. പാരാലിംപിക് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്.

സെപ്റ്റംബര്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന പാരാലിംപിക്സില്‍ 160 രാജ്യങ്ങളില്‍ നിന്നുള്ള 4,400 അത്‌ലറ്റുകള്‍ മാറ്റുരയ്ക്കും. ബാഡ്മിന്റണും തെയ്‌ക്വോണ്‍ഡോയും അരങ്ങേറ്റം കുറിക്കുന്ന ടോക്കിയോ പാരാലിംപിക്സില്‍ ഇത്തവണ 22 മത്സര ഇനങ്ങളുണ്ട്. രാഷ്ട്രീയ കാരണങ്ങളാല്‍ രണ്ടംഗ ടീം പിന്‍മാറിയെങ്കിലും ഉദ്ഘാടന ചടങ്ങില്‍ അഫ്ഗാന്‍ പതാക ഉള്‍പ്പെടുത്തും. അഭയാര്‍ഥികളെ പ്രതിനിധീകരിച്ച് ആറ് താരങ്ങള്‍ പങ്കെടുക്കും.

ഇതുവരെ 11 പാരാലിംപിക്സില്‍ നിന്ന് 12 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. ഇത്തവണ അഞ്ച് സ്വര്‍ണമടക്കം 15 മെഡല്‍ നേടുമെന്നാണ് ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷ. 2004 മുതല്‍ ചൈനയാണ് മെഡല്‍ വേട്ടയില്‍ മുന്നില്‍.

ടോക്കിയോ പാരാലിംപിക്സില്‍ മത്സരിക്കുന്ന ഇന്ത്യന്‍ താരങ്ങളെ പിന്തുണയ്ക്കണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ‘പാരാലിംപിക്സില്‍ മത്സരിക്കുന്ന 54 അത്ലറ്റുകളും മെഡല്‍ നേടില്ലായിരിക്കാം. എന്നിരുന്നാലും എല്ലാ അത്ലറ്റുകളെയും പ്രോല്‍സാഹിപ്പിക്കുക എന്നതാണ് പ്രധാനം. അപ്പോഴേ നമ്മുടെ കായികരംഗത്ത് യഥാര്‍ഥ മാറ്റം വരികയുള്ളൂ’ എന്നും സച്ചിന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News