ആര്‍എസ്എസിന് സ്വാതന്ത്ര്യ സമരത്തോട് പുച്ഛം: എം സ്വരാജ്

ആര്‍എസ്എസിന് സ്വാതന്ത്ര്യ സമരത്തോട് പുച്ഛമെന്ന് എം സ്വരാജ്. ചരിത്രത്തെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്. ബ്രിട്ടന്റെ മനോഭാവമാണ് ആര്‍എസ്എസിനെന്നും എം സ്വരാജ് കൈരളി ന്യൂസിനോട് പറഞ്ഞു. മലബാറിലെ സമരത്തെ മാത്രമല്ല നമ്മുടെ രാജ്യത്ത് ഉയര്‍ന്നുവന്ന സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെ മൊത്തത്തില്‍ പരിഹസിക്കുകയും ഇകഴ്ത്തി കാണിക്കുകയും ആക്ഷേപിക്കുകയും ചെയ്യുക എന്നത് ബ്രിട്ടീഷ് കാലത്തെ രീതിയാണ്. എം സ്വരാജ് പറഞ്ഞു.

ഒന്നാം സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് പഠിക്കുമ്പോള്‍ ഇപ്പോഴും ബ്രിട്ടീഷ് ചരിത്രകാരന്മാരെ കടമെടുത്തുകൊണ്ട് ശിപ്പായി ലഹള എന്ന വാക്ക് നമ്മള്‍ ഉപയോഗിക്കുന്നുണ്ട്. നമ്മള്‍ അതിനെ മഹത്തായ സ്വാതന്ത്ര്യ പ്രക്ഷോഭം, ഒന്നാം സ്വാതന്ത്ര്യ സമരം എന്നൊക്കെയാണ് പറയുന്നത്. പക്ഷേ ബ്രിട്ടന്‍ അതിനെ വിളിച്ചത് ശിപായി ലഹള എന്നാണ്. ശിപായിമാര്‍ ഉണ്ടാക്കിയ ഒരു ലഹള എന്നത് വെച്ചാണ് അവര്‍ അങ്ങനെ വിളിച്ചത്. അതേമനോഭാവമാണ് മലബാര്‍ സമരത്തോട്. അതാണ് മാപ്പിള ലഹള എന്ന് പറയുന്നത്.

ബ്രിട്ടീഷ് മാനസികാവസ്ഥ ഇപ്പോഴും സൂക്ഷിക്കുന്നവരാണ് ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍, സംഘപരിവാര്‍ എന്നിവര്‍. അവരുടെ നിയന്ത്രണത്തിലാണ് നമ്മുടെ രാജ്യത്തിന്റെ ഭരണാധികാരം. ആ ഭരണാധികാരം ഉപയോഗിച്ച് കൊണ്ട് നമ്മുടെ രാജ്യത്തെ മഹത്തായ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ ചരിത്രത്തെ തിരുത്തി എഴുതാന്‍ ശ്രമിക്കുകയാണ് അവര്‍.

സ്വാതന്ത്ര്യ സമരം നടക്കുന്ന കാലഘട്ടത്തില്‍ ആര്‍എസ്എസും ഹിന്ദുമഹാസഭയും അതില്‍ ഒരു പങ്കും വഹിച്ചിട്ടില്ല. എന്നുമാത്രമല്ല, ബ്രിട്ടണ്‍ ഇന്ത്യ ഭരിക്കുന്നതില്‍ അവര്‍ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നുമില്ല. ബ്രിട്ടന്‍ ഭരിച്ചോട്ടെ എന്നായിരുന്നു അവരുടെ മനോഭാവം. ബ്രിട്ടന് വേണ്ടിയുള്ള ഒരു നിലപാടായിരുന്നു അന്ന് അവര്‍ സ്വീകരിച്ചിരുന്നത്. ആ നിലപാട് തന്നെയാണ് ഇപ്പോഴും സംഘപരിവാറിന്റെ മനസ്സിലുള്ളത്. അതുകൊണ്ട് സ്വാതന്ത്ര്യസമരത്തോട് തന്നെ അവര്‍ക്ക് അവജ്ഞയും പുച്ഛവുമാണ്. അതിന്റെ മറ്റൊരു പ്രതിരൂപമായാണ് ഇപ്പോള്‍ നമ്മള്‍ ഇത് കാണേണ്ടത്. സ്വരാജ് കൂട്ടിച്ചേര്‍ത്തു.

ഖിലാഫത്തും നിസ്സഹകരണ പ്രസ്ഥാനവും മുന്‍പ് ഞാന്‍ സൂചിപ്പിച്ച കുടിയാന്‍ സംഘവും ഇവരെല്ലാം കൈകോര്‍ത്ത് പിടിച്ചാണ് അവിടെ മലബാര്‍ പ്രക്ഷോഭം ശക്തമായി വരുന്നത്. കാര്‍ഷിക പ്രശ്‌നങ്ങള്‍ സമരത്തിന്‍റെ അടിത്തറയാണ്. ഖിലാഫത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഇവിടെ ഉപയോഗപ്പെടുത്തണമെന്ന ഗാന്ധിജിയുടെ കാഴ്ചപ്പാട് അതിന് ശക്തിപകര്‍ന്നു. നിസ്സഹകരണ പ്രസ്ഥാനം അന്നത്തെ ദേശീയ പ്രസ്ഥാനവും ആണ് ആ സമരം നടക്കുന്നതെന്നും എം സ്വരാജ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News