താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കേണ്ടതില്ലെന്ന് ജി-7 രാജ്യങ്ങള്‍; അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന് ജോ ബൈഡന്‍

താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കേണ്ടതില്ലെന്ന്  ജി 7  രാജ്യങ്ങളുടെ യോഗത്തില്‍ പൊതുതീരുമാനം. ആഗസ്റ്റ് 31നകം അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന് ജോ ബൈഡന്‍. സമയപരിധിക്കുള്ളില്‍ സ്വന്തം പൗരന്മാരെ പിന്‍വലിക്കണമെന്ന് താലിബാന്‍റെ ഭീഷണി.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ അധ്യക്ഷതയില്‍ ബ്രിട്ടനില്‍ ചേര്‍ന്ന ജി- 7 രാജ്യങ്ങളുടെ യോഗത്തിലാണ് താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കേണ്ടതില്ലെന്ന പൊതുതീരുമാനമുണ്ടായത്. അഫ്ഗാന്‍ ജനതയുടെ ഭാവി സംബന്ധിച്ച ആശങ്കയും യോഗം പങ്കുവച്ചു.

താലിബാന്‍ ഭരണകൂടത്തിനെതിരെ സാമ്പത്തിക ഉപരോധമടക്കം ഏര്‍പ്പെടുത്തണമെന്ന് യോഗത്തില്‍ ഇറ്റലിയും ജര്‍മനിയും ആവശ്യപ്പെട്ടു. താലിബാന്‍ നല്‍കിയ ആഗസ്റ്റ് 31 എന്ന സമയപരിധി നീട്ടണോ എന്ന വിഷയവും ചര്‍ച്ചയായിട്ടുണ്ട്.

ആഗസ്റ്റ് 31നകം അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാനാണ് ജോ ബൈഡന്‍ അറിയിച്ച തീരുമാനം. യോഗത്തില്‍ ബൈഡന്‍ ഏഴ് മിനിറ്റോളം സംസാരിച്ചതായാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സാമ്പത്തിക, സൈനിക ശക്തികളായ രാജ്യങ്ങളുടെ കൂട്ടായ്മ എന്ന നിലയില്‍ ജി-സെവന്‍റെ പൊതു തീരുമാനം മറ്റ് രാജ്യങ്ങളുടെ അഫ്ഗാന്‍ അജണ്ടയിലും പ്രതിഫലിക്കും. പക്ഷേ, അഫ്ഗാന്‍ ജനതയുടെ ഭാവി എന്താകും എന്ന വിഷയത്തില്‍ ആശങ്കയില്‍ കവിഞ്ഞൊരു ഇടപെടല്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

കാബൂളില്‍ നടന്ന അമേരിക്ക- താലിബാന്‍ രഹസ്യ ചര്‍ച്ചയിലും ആഗസ്റ്റ് 31 എന്ന ഡെഡ്ലൈന്‍ നീട്ടുന്നതില്‍ സമവായമുണ്ടായിട്ടില്ല. സമയപരിധി നീട്ടിനല്‍കില്ലെന്ന ദുശ്ശാഠ്യത്തിലാണ് താലിബാന്‍. 31നകം സ്വന്തം പൗരന്മാരെ പിന്‍വലിക്കണമെന്നും അഫ്ഗാന്‍ പൗരന്മാരെ കൊണ്ടുപോകരുതെന്നും താലിബാന്‍ അന്ത്യശാസനം നല്‍കി.

ഡോക്ടര്‍മാരുള്‍പ്പെടെയുള്ള പ്രഫഷണലുകള്‍ രാജ്യം വിട്ടാല്‍ രാജ്യവികസനത്തില്‍ പ്രശ്നമാകുമെന്നാണ് താലിബാന്‍ വാദം. പിന്മാറ്റം വൈകിയാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുമെന്നും താലിബാന്‍ ഭീഷണി ഉയര്‍ത്തി. ചര്‍ച്ചയില്‍ ഉയര്‍ന്ന മറ്റ് വിഷയങ്ങള്‍ വെളിവായിട്ടില്ല.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബ്രിക്സ് രാജ്യങ്ങളുടെ യോഗത്തിലും അഫ്ഗാന്‍ വിഷയം ചര്‍ച്ചയായി. താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഏഷ്യയില്‍ തീവ്രവാദത്തിനുണ്ടായേക്കാവുന്ന വളര്‍ച്ച സംബന്ധിച്ച ആശങ്ക ഇന്ത്യ പങ്കുവച്ചു. ഇന്ത്യയുള്‍പ്പെടെ എല്ലാ ഏഷ്യന്‍ രാജ്യങ്ങളുടെയും സുപ്രധാന വ്യാപാര പങ്കാളിയായിരുന്ന അഫ്ഗാന്‍ താലിബാന്‍റെ കൈയിലിരിക്കുമ്പോള്‍ ഏത് വിധത്തില്‍ ഇടപെടും എന്നതും പ്രധാനമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News