ലെനിന്‍റെ ആരാധകനായ…വിപ്ലവകാരിയായ ഭഗത് സിംഗിന് ആര്‍എസ്എസുമായി എന്ത് ബന്ധം? 

‘എനിക്ക് അരമണിക്കൂര്‍ കൂടി തരണം. ഞാന്‍ വായിച്ചുകൊണ്ടിരിക്കുന്ന ഈ പുസ്തകം തീര്‍ക്കുവാന്‍.’ കഴുമരത്തിലേറുന്നതിന് തൊട്ടുമുന്‍പുള്ള നിമിഷം ഒട്ടുംതന്നെ മരണഭയമില്ലാതെ ഭഗത് സിംഗ് വായിച്ചുകൊണ്ടിരുന്നത് മഹാനായ വിപ്ലവകാരി ലെനിന്റെ ജീവചരിത്രമായിരുന്നു. അവസാന ശ്വാസംവരെ ഭഗത് സിംഗ് ചേര്‍ത്തുപിടിച്ചത് ആര്‍എസ്എസ് ശത്രുക്കളുടെ പട്ടികയില്‍പെടുത്തിയ വിപ്ലവകാരികളെയും. അത്തരത്തില്‍ ഒരിക്കലും ഒരിടത്തും ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രത്തോട് ചേര്‍ത്തുവയ്ക്കാന്‍ സാധിക്കാത്ത ഭഗത്സിംഗ് ഉള്‍പ്പെടെയുള്ളവരെ ആര്‍എസ്എസ് ഇപ്പോള്‍ കൂട്ടുപിടിക്കുന്നതിന്റെ പുറകിലുള്ള ഉദ്ദേശ്യം എന്തെന്നുള്ളത് ഏറെ ആലോചിക്കാതെ തന്നെ പിടികിട്ടും.

ഇപ്പോള്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുള്‍പ്പെടെയുള്ളവരെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍നിന്ന് ഒഴിവാക്കിയതും കേന്ദ്രസര്‍ക്കാരിന്‍റെ തീവ്രഹിന്ദുത്വവാദം രാജ്യത്ത് ഊട്ടിയുറപ്പിക്കുക എന്ന അജണ്ടയുടെ ഭാഗമായിത്തന്നെയെന്ന് പറയേണ്ടിയിരിക്കുന്നു.

യഥാര്‍ഥത്തില്‍ ഭഗത് സിംഗുമായി ആര്‍എസ്എസിന് എന്തെങ്കിലും ബന്ധമുണ്ടോ ?

ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ വ്യക്തിയാണ് ഭഗത് സിംഗ് എങ്കില്‍ ബ്രിട്ടീഷുകാരെ എന്നും അനുകൂലിച്ചവരായിരുന്നു ആര്‍എസ്എസുകാര്‍. അവര്‍ ഒരിക്കല്‍ പോലും സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളായിട്ടില്ല എന്ന് ചരിത്രം തെളിയിക്കുന്നു. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം ഭഗത് സിങ്ങിന്റെ ആശയത്തില്‍ നിന്നുംതികച്ചും വിപരീതമാകുന്നത് അങ്ങനെയാണ്.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ ഏറ്റവുമധികം ആരാധിച്ച വ്യക്തിയായിരുന്നു ഭഗത് സിങ്. ചെറുപ്പത്തില്‍തന്നെ കാള്‍ മാര്‍ക്സിന്റെയും ലെനിന്റെയും ചിന്താരീതികള്‍ അദ്ദേഹത്തെ സ്വാധീനിച്ചു. ബോള്‍ഷെവിക് വിപ്ലവം പ്രചോദനമായി. ലെനിന്‍ ആയിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട വ്യക്തി. തൊഴിലാളികള്‍ക്ക് അധികാരം ലഭിച്ചാലേ ഇന്ത്യയിലെ പാവപ്പെട്ടവരുടെ സാമൂഹിക-സാമ്പത്തിക അവസ്ഥയില്‍ മാറ്റം വരൂവെന്നു അദ്ദേഹം ചിന്തിച്ചു. ഇവ സംബന്ധിച്ചെഴുതിയ ലഘുലേഖകള്‍ ഭഗത്സിംഗ് വിതരണം ചെയ്തിരുന്നു.

മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം തന്റെ സഖാവ് സുഖ്‌ദേവിന് എഴുതിയത് ”നിങ്ങളും ഞാനും ജീവിച്ചിരിക്കില്ല, പക്ഷേ, മാര്‍ക്‌സിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും പ്രത്യയശാസ്ത്രം തീര്‍ച്ചയായും വിജയിക്കും ‘.എന്നായിരുന്നു.

ആര്‍എസ്എസ് കൂട്ടുപിടിച്ച വര്‍ഗീയതയെ വെറുത്തിരുന്ന വ്യക്തിയാണ് ഭഗത് സിംഗ് എന്നതും എടുത്തുപറയേണ്ട മറ്റൊന്നാണ്. ഭഗത് സിംഗ് വര്‍ഗീയതയില്‍ ഏറെ അസ്വസ്ഥനായിരുന്നു.ആര്‍എസ്എസ് തത്വശാസ്ത്രത്തിന്റെ ഓരോ മൂലയിലും മതമുണ്ട്. തികഞ്ഞ നിരീശ്വരവാദിയായിരുന്ന ഭഗത്സിംഗിനെ എങ്ങനെയാണ് നിങ്ങള്‍ ഹിന്ദുവര്‍ഗ്ഗീയതയുടെ ചീഞ്ഞകയറുകൊണ്ട് കെട്ടുക ?

ദൈവത്തെയും മതത്തെയും നിഷേധിച്ചിരുന്ന ഭഗത് സിങ്ങിനെ ആര്‍എസ്എസുകാര്‍ അംഗീകരിക്കാന്‍ തയ്യാറാണോ? ഭഗത് സിങ്ങിന്റെ കമ്യൂണിസ്റ്റ് ചിന്തകളെ നിങ്ങള്‍ ഉള്‍ക്കൊള്ളുമോ? അതെ,എന്നാണ് ഉത്തരമെങ്കില്‍ പിന്നെ എന്തുകെണ്ടാണ് ഗോള്‍വാല്‍ക്കര്‍ തന്റെ പുസ്തകമായ ദി ബെഞ്ച് ഓഫ് തോട്ട്സില്‍ ഇന്ത്യയ്ക്ക് മൂന്നു ശത്രുക്കളാണെന്നു എഴുതിയത്. കമ്യൂണിസ്റ്റുകളെയും മുസ്ലിമുകളെയും ക്രിസ്ത്യാനികളെയും ആ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് എന്തുകൊണ്ടാണെന്നാണ് നിങ്ങള്‍ കരുതുന്നത്? വൈരുധ്യങ്ങളില്ലേ ഇതില്‍ ? തീര്‍ച്ചയായും ഉണ്ട്.

ഇന്ന് ഭഗത്സിംഗിനെ ചേര്‍ത്തുപിടിച്ച് ഞങ്ങളുടെ ആളുകളെന്ന് പറഞ്ഞ് നടക്കുന്നവര്‍തന്നെയാണ് ഏറ്റവുമധികം അദ്ദേഹത്തെ തഴഞ്ഞതും.
2017 മാര്‍ച്ച് 23ന് ഭഗത് സിംഗ് രക്തസാക്ഷിദിനത്തില്‍ ചണ്ഡീഗഡ് വിമാനത്താവളത്തിന് അനശ്വര രക്തസാക്ഷിയായ ഭഗത് സിംഗിന്റെ പേര് നല്‍കണമെന്ന നിലവിലെ സ്പീക്കര്‍ എംബി രാജേഷ് പാര്‍ലമെന്റില്‍ ഉന്നയിച്ച ആവശ്യത്തിന് എല്ലാവരും ഒറ്റക്കെട്ടായി പിന്തുണപ്രഖ്യാപിച്ചപ്പോള്‍ ബിജെപി അതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു.

സവര്‍ക്കര്‍ക്ക് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹോളില്‍ തന്നെ സ്ഥാനം കിട്ടിയപ്പോഴും പാര്‍ലമെന്റ് വളപ്പിലെങ്ങും ഭഗത് സിംഗിന് സ്ഥാനം കൊടുക്കാത്തവരാണ് ഇന്ന് വെറും രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി മാത്രം അദ്ദേഹത്തെ ചേര്‍ത്തുപിടിക്കുന്നത്. ഭഗത് സിങ്ങിനു മുന്‍പ് ആര്‍എസ്എസ് നോട്ടമിട്ടിരുന്നത് പട്ടേലിനെയും ബോസിനെയും ആയിരുന്നു.

ആര്‍എസ്എസിന്റെ വര്‍ഗ്ഗീയ തന്ത്രത്തിന്റെ ഭാഗം മാത്രമാണ് ഇപ്പോള്‍ ഭഗത് സിംഗിനെ അവരുടെ ഭാഗത്താക്കാന്‍ ശ്രമിക്കുന്നതും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അകറ്റിനിര്‍ത്തുന്നതും. മലബാര്‍കലാപമെന്ന മഹത്തായ പോരാട്ടം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ സംഘ പരിവാര്‍ കേന്ദ്രങ്ങള്‍ വളരെ മുമ്പേ തന്നെ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ താലിബാനുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള വന്നിട്ടുള്ള ഇസ്ലാംവിരുദ്ധവികാരം ഊതിക്കത്തിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കുന്നതിന്റെ ഭാഗമാണ് ഐസിഎച്ച്ആര്‍ വഴി പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്.

ആന്തമാന്‍ ജയിലില്‍ നിന്നും ബ്രിട്ടിഷുകാര്‍ക്കു മാപ്പെഴുതിക്കൊടുത്ത് പുറത്ത് വന്നയാളാണ് സവര്‍ക്കറെങ്കില്‍, മാപ്പപേക്ഷിച്ചാല്‍ മെക്കയിലേക്ക് നാടുകടത്താമെന്ന ബിട്ടീഷ് വാഗ്ദാനം വലിച്ചെറിഞ്ഞ് രക്തസാക്ഷിത്വം വരിച്ച ധീര ദേശാഭിമാനിയാണ് കുഞ്ഞഹമ്മദ് ഹാജി. അപ്രകാരമുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാളികളെ രക്തസാക്ഷി പട്ടികയില്‍ നിന്നൊഴിവാക്കി അവരുടെ ഉജ്ജ്വലമായ ചരിത്രം മായ്്ച്ച് സ്വന്തം നാണക്കേട് ഒളിപ്പിച്ചു വെക്കാനാണ് ഇന്ന് അമേരിക്കന്‍ പാദസേവകര്‍ കരുക്കള്‍ നീക്കുന്നത്.

സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രം പറയാനില്ലാത്ത മാപ്പെഴുതിയ ചരിത്രം മാത്രമുള്ള വംശവെറിയും പ്രാകൃത സവര്‍ണ്ണ ബോധവും .മാത്രം കൈമുതലായ ഒരു കൂട്ടര്‍ മലബാര്‍ സമരത്തെ മാത്രമല്ല ജന്മിത്വ വിരുദ്ധ സമരങ്ങളെയും സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളെയുമെല്ലാം ഭയക്കും. മാപ്പിരന്നവരുടെ പിന്മുറക്കാരിപ്പോള്‍ അവര്‍ക്ക് കൈവന്ന ദേശീയാധികാരത്തിന്റെ ബലത്തില്‍ ചരിത്രത്തെ അപനിര്‍മ്മിച് യഥാര്‍ത്ഥ സ്വാതന്ത്ര്യ സമരസേനാനികളെയും ദേശാഭിമാനികളെയും അപകീര്‍ത്തിപ്പെടുത്തുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News