സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഏര്‍പ്പെടുത്തിയ 2021 ലെ മികച്ച കര്‍ഷകര്‍ക്കുള്ള മാതൃകാ കര്‍ഷക അവാര്‍ഡ് ഇടുക്കി സ്വദേശി ഇ.എസ്. തോമസിന്. ഇടുക്കി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നും നിര്‍ദ്ദേശിക്കപ്പെട്ട കര്‍ഷകനാണ് ഇ.എസ്. തോമസ്. സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സോളമന്‍ അലക്‌സാണ് മികച്ച കര്‍ഷകരെ പ്രഖ്യാപിച്ചത്.

രണ്ടാം സ്ഥാനം വൈക്കം പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നും നിര്‍ദ്ദേശിക്കപ്പെട്ട കെ.എം. സെബാസ്റ്റ്യനു ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് ഒന്നാം സ്ഥാനം ലഭിച്ച കര്‍ഷകനു നല്‍കുന്നത്. രണ്ടാം സ്ഥാനത്തെത്തിയ കര്‍ഷകന് 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും നല്‍കും.

സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ 14 റീജിയണല്‍ ഓഫീസുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പട്ടികയില്‍ നിന്നാണ് വിദഗ്ദ്ധ സമിതി മികച്ച കര്‍ഷകരെ തീരുമാനിച്ചതെന്ന് സോളമന്‍ അലക്‌സ് പറഞ്ഞു. താലൂക്ക് തലത്തില്‍ കര്‍ഷകരെ കണ്ടെത്തി കൃഷിയിടങ്ങളും കൃഷി രീതികളും വിശദമായി വിലയിരുത്തിയ ശേഷമാണ് മേഖലാ തലത്തില്‍ നിന്നും രണ്ട് എന്‍ട്രികള്‍ സംസ്ഥാന തലത്തിലേയ്ക്ക് എത്തിയത്.

കൊവിഡ് പ്രതിസന്ധിക്കാലത്തും കൃഷി മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടു പോകുന്ന കര്‍ഷകരെ പ്രോഹത്സാഹിപ്പിക്കുന്നതിനാണ് മാതൃകാ കര്‍ഷക അവാര്‍ഡ് നല്‍കുന്നതെന്ന് സംസ്ഥാന കാര്‍ഷിക സഹകരണ ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സോളമന്‍ അലക്‌സ് പറഞ്ഞു. കാര്‍ഷിക മേഖലയുടെ മികവിന് മികച്ച പ്രോഹത്സാഹനങ്ങളാണ് സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക് നല്‍കുന്നത്.

പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന് കര്‍ഷകര്‍ക്കായി നിരവധി പദ്ധതികളും ബാങ്ക് നടപ്പിലാക്കുന്നുണ്ട്. കൂടുതല്‍ പേരെ കാര്‍ഷിക രംഗത്തേയ്ക്ക് ആകര്‍ഷിക്കുന്നതിനുള്ള നടപടികളുടെ കൂടി ഭാഗമാണ് മികച്ച മാതൃകാ കര്‍ഷക അവാര്‍ഡെന്നും സോളമന്‍ അലക്‌സ് അറിയിച്ചു.
സെപ്റ്റംബര്‍ ഒന്നിന് രാവിലെ പതിനൊന്ന് മണിക്ക് ബാങ്ക് ആസ്ഥാനത്ത് കോവിഡ് മാനദണ്ഡ പ്രകാരം നടക്കുന്ന ചടങ്ങില്‍ സഹകരണം, രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

ചടങ്ങില്‍ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സോളമന്‍ അലക്‌സ് അദ്ധ്യക്ഷം വഹിക്കും. ഡയറക്ടര്‍മാരായ കുഞ്ഞഹമ്മദ് കുട്ടി എംഎല്‍എ, മമ്മിക്കുട്ടി എംഎല്‍എ, അഡ്വ.കെ. ശിവദാസന്‍ നായര്‍ എക്‌സ് എംഎല്‍എ എന്നിവരും പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News