ഉള്ളിയുടെ ദുര്‍ഗന്ധം അകറ്റാന്‍ പ്രയോഗിക്കൂ ഈ വഴികള്‍

ഉള്ളിയോ വെളുത്തുള്ളിയോ അടങ്ങിയ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ആള്‍കൂട്ടത്തിലേക്ക് പോകാന്‍ എല്ലാവര്‍ക്കും മടിയായിരിക്കും. കാരണം വായില്‍ നിന്ന് ഉള്ളിയുടെയോ വെളുത്തുള്ളിയുടെയോ ഒക്കെ മണം വരുന്നതായി സ്വയം മനസ്സിലാകും.

ഉള്ളിയിലും വെളുത്തുള്ളിയിലുമെല്ലാം അടങ്ങിയിരിക്കുന്ന ‘അലിസിന്‍’, ‘അലൈല്‍ മീഥൈല്‍ സള്‍ഫൈഡ്’, ‘സിസ്റ്റീന്‍ സള്‍ഫോക്സൈഡ്’ എന്നീ ഘടകങ്ങളാണ് ഈ മണത്തിന് കാരണമാകുന്നത്. ഉള്ളിയോ വെളുത്തുള്ളിയോ മുറിക്കുന്നതോടെയാണ് ഇവയ്ക്ക് ജീവന്‍ വയ്ക്കുന്നത്. നമ്മളിത് കഴിക്കുന്നതോടെ ഈ ഘടകങ്ങള്‍ നമ്മുടെ രക്തത്തിലും അലിഞ്ഞ് ചേരുന്നു. ഇതാണ് രൂക്ഷമായ ഗന്ധത്തിന് ഇടയാക്കുന്നത്.

എന്നാല്‍ ഈ മണം ഒഴിവായ്ക്കാന്‍ ചില പൊടികൈകളുണ്ട് നോക്കാം അവ ഏതൊക്കെയാണെന്ന്

വെള്ളം കുടിയ്ക്കുക; ഏറ്റവും ലളിതമായ ഒരു മാര്‍ഗമാണിത്. ഭക്ഷണശേഷം വെള്ളം കുടിക്കുക. മണം മാത്രമല്ല, ഭക്ഷണത്തില്‍ നിന്നുണ്ടാകാനിടയുള്ള ഏത് തരം പ്രശ്‌നങ്ങളെയും ചെറുക്കാന്‍ വെള്ളം കുടിക്കുന്നത് സഹായകമാകും.

പാല്‍ കുടിയ്ക്കുക; ഭക്ഷണശേഷം പാല്‍ കഴിക്കുന്നതാണ് ഒരു വഴി. ഉള്ളിയോ വെളുത്തുള്ളിയോ ഉണ്ടാക്കുന്ന രൂക്ഷമായ ഗന്ധത്തെ ലഘൂകരിക്കാന്‍ ഇത് സഹായിക്കും. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം, ഭക്ഷണത്തിന് പതിനഞ്ചോ ഇരുപതോ മിനുറ്റിന് ശേഷം മാത്രമേ പാല്‍ കഴിക്കാവൂ.

ആപ്പിള്‍ കഴിയ്ക്കുക; ഭക്ഷണശേഷം ആപ്പിള്‍ കഴിക്കുന്നതാണ് മണം ഒഴിവാക്കാനുള്ള മറ്റൊരു വഴി. മണമുണ്ടാക്കുന്ന സള്‍ഫര്‍ അംശങ്ങളെ നശിപ്പിക്കാനാണ് ഇത് സഹായിക്കുക. വെറുതെ മുറിച്ച ആപ്പിള്‍ കഴിക്കുകയോ അല്ലെങ്കില്‍ ജ്യൂസ് കഴിക്കുകയോ ആവാം.

നാരങ്ങ ഉപയോഗിയ്ക്കുക; പൊതുവേ മോശം മണങ്ങളെയെല്ലാം ചെറുക്കാന്‍ നമ്മള്‍ വീടുകളില്‍ ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്. ഇതേ മാര്‍ഗം ഭക്ഷണശേഷമുള്ള വായ്നാറ്റങ്ങള്‍ ഒഴിവാക്കാനും പ്രയോഗിക്കാവുന്നതാണ്. നാരങ്ങാവെള്ളം കുടിക്കുകയല്ല വേണ്ടത്, പകരം അല്‍പം വെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്ത്, അതുപയോഗിച്ച് വായ് നന്നായി കഴുകുകയാണ് വേണ്ടത്. നാരങ്ങയിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങളാണ് മണം ഒഴിവാക്കാനായി സഹായിക്കുന്നത്.

ഏലയ്ക്കയോ ജീരകമോ ചവയ്ക്കുക; ഭക്ഷണശേഷം ഏലയ്ക്കയോ ജീരകമോ വായിലിട്ട് ചവയ്ക്കുന്നതാണ് മണങ്ങളെ ചെറുക്കാന്‍ പ്രയോഗിക്കാവുന്ന മറ്റൊരു മാര്‍ഗം. നന്നായി ഭക്ഷണം കഴിച്ച്, അല്‍പനേരത്തിന് ശേഷം വെള്ളം കുടിക്കുക. ഇതിന് മുകളിലാണ് ഏലയ്ക്കയോ ജീരകമോ ചവയ്ക്കേണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here