കരുവന്നൂര്‍ ബാങ്ക്: ആസ്തി ബാധ്യതകള്‍ തിട്ടപ്പെടുത്താന്‍ മൂന്നംഗ സമിതി

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആസ്തി ബാധ്യതകള്‍ തിട്ടപ്പെടുത്താന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. നിക്ഷേപകര്‍ക്കു തിരികെ നല്‍കാനുള്ളതിന്റെ കണക്കും ഈ സമിതി വിലയിരുത്തും. പിരിച്ചെടുക്കാനുള്ള കടം കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സഹകരണ രജിസ്ട്രാറിന്റെ മേല്‍നോട്ടത്തില്‍ മൂന്നംഗ സമിതിയായിരിക്കും പ്രവര്‍ത്തിക്കുക. തിരിമറി കേസില്‍ പ്രതികളായവരുടെ ആസ്തി വിലയിരുത്തുന്നതിനും അതു കൈവിട്ട് പോകാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. സഹകരണ വകുപ്പിന്റെ പൊതുവായ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സും നീതി സ്റ്റോറുകളും കരുവന്നൂര്‍ ബാങ്കിനുണ്ട്. ഇവിടെ നിന്നും വരുമാനം ലഭിക്കുന്നുമുണ്ട്. ഈ വരുമാനം അടക്കം വിലയിരുത്തിയായിരിക്കും മുന്നോട്ട് പോകുക. നിക്ഷേപകര്‍ക്ക് നിക്ഷേപം തിരികെ നല്‍കുന്നതിനുള്ള പാക്കേജ് തയ്യാറാക്കി വരുകയാണ്.

തിരികെ നല്‍കുന്നതിനായി അധിക വരുമാനമുള്ള സഹകരണ സംഘങ്ങള്‍, കേരള ബാങ്ക്, സഹകരണ റിസ്‌ക് ഫണ്ട് ബോര്‍ഡ് എന്നിവയുള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു കഴിഞ്ഞു. ആദ്യ ഉന്നതതല അന്വേഷണ സംഘം ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. അന്തിമ റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങളില്‍ ലഭിക്കും. അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാല്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വി.എന്‍. വാസവന്‍ വിശദീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel