ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ജനങ്ങള്‍ സമ്മാനിച്ച തുടര്‍ഭരണം വൃഥാവിലാവില്ലെന്ന് ഉറപ്പ്; ഗുരുവായൂരില്‍ ദളിത് കലാകാരനെ നിയമിച്ചതില്‍ നന്ദിയറിയിച്ച് അശോകന്‍ ചരുവില്‍

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ജനങ്ങള്‍ സമ്മാനിച്ച തുടര്‍ഭരണം വൃഥാവിലാവില്ലെന്ന് ഉറപ്പാണെന്നും അത് തടസ്സപ്പെട്ടു നിന്ന നവോത്ഥാനത്തേയും കേരളത്തിന്റൈ ജനാധിപത്യവല്‍ക്കരണത്തേയും സുധീരം മുന്നോട്ടു കൊണ്ടു പോകുമെന്നും എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍.

ദളിതനായതിന്റെ പേരില്‍ കലാകാരനെ ഇറക്കിവിട്ട ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തകില്‍ വാദ്യത്തില്‍ ക്ഷേത്ര അടിയന്തരക്കാരനായി ദളിത് കലാകാരനെ നിയമിച്ച സന്ദര്‍ഭത്തിലാണ് ഇടതുപക്ഷ സര്‍ക്കാരിന് അഭിനന്ദനവുമായി അശോകന്‍ ചരുവില്‍ രംഗത്തെത്തിയത്. സംസ്ഥാന ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആണ് നിയമനം നടത്തിയത്.

നീണ്ടവര്‍ഷങ്ങള്‍ക്കുശേഷം ഗുരുവായൂര്‍ ക്ഷേത്രത്തിലെ തകില്‍ വായനക്കുള്ള അടിയന്തിരക്കാരനായി മേലേപ്പുരക്കല്‍ സതീഷ് നിയമിക്കപ്പെടുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് സ്മരണയായി നാരായണഗുരു ഇരമ്പി വരുന്നുവെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മേലേപ്പുരക്കൽ സതീഷ് ഗുരുവായൂരിൽ തകിൽ വായിക്കുമ്പോൾ.

ശ്രീനാരായണഗുരു രണ്ടു തവണ കണ്ണീരണിഞ്ഞതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്ന് നെയ്യാറ്റിലെ ശങ്കരൻകയത്തിൽ നിന്നും ഒരു പാറക്കല്ല് പൊക്കിയെടുത്ത് ശിവനെന്ന് കൽപ്പിച്ച് അരുവിപ്പുറത്ത് പ്രതിഷ്ഠിക്കുമ്പോഴാണ്. ആ കണ്ണുകളിൽ നിന്നും നീർ ധാരയായി ഒഴുകി എന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തി. രണ്ടാമത്തേത് പറവൂരിനടുത്ത് ഈഴവ പ്രമാണിമാർ നടത്തുന്ന ഒരു ക്ഷേത്രത്തിൻ്റെ നടക്കൽ വെച്ചാണ്. ഗുരുവിൻ്റേയും സഹോദരൻ അയ്യപ്പൻ്റെയും നിരന്തര ശ്രമത്തിൻ്റെ ഫലമായി ദളിതരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുവാൻ അവിടത്തെ ഭാരവാഹികൾ സമ്മതിച്ചിരുന്നു. കുളിച്ചു പുതുവസ്ത്രം ധരിച്ച തേവൻ എന്ന കർഷകത്തൊഴിലാളി അകത്തു കയറിയപ്പോൾ കണ്ണുനിറച്ചുകൊണ്ട് ഗുരു പറഞ്ഞു:

“ദേവനാണ് ഇപ്പോൾ അകത്തു കയറിയത്.”

നീണ്ടവർഷങ്ങൾക്കുശേഷം ഗുരുവായൂർ ക്ഷേത്രത്തിലെ തകിൽ വായനക്കുള്ള അടിയന്തിരക്കാരനായി മേലേപ്പുരക്കൽ സതീഷ് നിയമിക്കപ്പെടുമ്പോൾ നമ്മുടെ മനസ്സിലേക്ക് സ്മരണയായി നാരായണഗുരു ഇരമ്പി വരുന്നു. ഒപ്പം സത്യഗ്രഹകാലത്ത് സവർണ്ണ സനാതനി ഗുണ്ടകളുടെ അടിയേറ്റു വീണ സഖാക്കൾ പി.കൃഷ്ണപ്പിള്ളയുടേയും എ.കെ.ജി.യുടേയും ആവേശകരമായ ഓർമ്മകൾ. കെ.കേളപ്പനേയും ഒരുപാട് സമരഭടന്മാരെയും നമ്മൾ ഓർക്കണം. പിന്നെ കേരളത്തിലെ ക്ഷേത്രനടകളിൽ നിന്നും കണ്ണീടക്കി മടങ്ങിയ എത്രയോ കലാകാരന്മാർ! വാദ്യകലയിലെ മഹാവിസ്മയമായ പെരിങ്ങോട് ചന്ദ്രനും കല്ലൂർ ബാബുവും പുല്ലൂർ സജുചന്ദ്രനും ഉൾപ്പടെ എത്രയോ പേർ.

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ജനങ്ങൾ സമ്മാനിച്ച തുടർഭരണം വൃഥാവിലാവില്ലെന്ന് ഉറപ്പ്. അത് തടസ്സപ്പെട്ടു നിന്ന നവോത്ഥാനത്തേയും കേരളത്തിൻ്റെെ ജനാധിപത്യവൽക്കരണത്തേയും സുധീരം മുന്നോട്ടു കൊണ്ടു പോകും.

ദേവസ്വം വകുപ്പുമന്ത്രി പ്രിയപ്പെട്ട കെ.രാധാകൃഷ്ണനും ഗുരുവായൂർ ദേവസ്വം ഭരണസമിതിക്കും ഹൃദയം നിറഞ്ഞ നന്ദി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News