ഇന്ത്യക്ക് പ്രഥമ വനിതാ ചീഫ് ജസ്റ്റിസ് സാധ്യത തെളിയുന്നു; കൊളീജിയം ശുപാര്‍ശ ചെയ്തവരെ അംഗീകരിച്ച് കേന്ദ്രം

സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് കൊളീജിയം ശുപാര്‍ശ ചെയ്ത ഒമ്പത് പേരേയും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. മൂന്ന് വനിതകള്‍ ഉള്‍പ്പടെ ഒന്‍പത് പേരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ കൊളീജിയമാണ് ശുപാര്‍ശ ചെയ്തിരുന്നത്.

ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകാന്‍ സാധ്യതയുള്ള ജസ്റ്റിസ് ബി വി നാഗരത്‌നയും പട്ടികയിലുണ്ട്. നിലവില്‍ കര്‍ണ്ണാടക ഹൈക്കോടതിയില്‍ പ്രവര്‍ത്തിക്കുകയാണ് ജസ്റ്റിസ് ബി വി നാഗരത്ന. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു വനിത ചീഫ് ജസ്റ്റിസാകാനുള്ള വഴിയൊരുങ്ങുന്നത്. 1989 ല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന ഇ എസ് വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് ബി വി നാഗരത്‌ന. 2027 ല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആകാനാണ് സാധ്യത.

ശുപാര്‍ശകള്‍ രാഷ്ട്രപതി കൂടി അംഗീകരിച്ചാല്‍ പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. ആദ്യമായിട്ടാണ് ഇത്രയധികം പേരെ സുപ്രീം കോടതി ജഡ്ജിമാരായി കൊളീജിയം ശുപാര്‍ശ ചെയ്യുന്നതും കേന്ദ്രം അംഗീകരിക്കുന്നതും. എട്ട് ജഡ്ജിമാരും ഒരു അഭിഭാഷകനുമാണ് പട്ടികയിലുള്ളത്. കേരള ഹൈക്കോടതിയിലെ സി ടി രവികുമാറും ഇതിലുണ്ട്. തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് സുപ്രീം കോടതി ജഡ്ജിമാരാകാന്‍ പോകുന്ന മറ്റു വനിതകള്‍.

കര്‍ണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക്ക, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ കെ മഹേശ്വരി, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി വി നാഗരത്ന, കേരള ഹൈക്കോടതി ജഡ്ജി സി ടി രവികുമാര്‍, മദ്രാസ് ഹൈക്കോടതി ജഡ്ജി എം എം സുന്ദരേഷ്, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ബേല ത്രിവേദി, മുതിര്‍ന്ന അഭിഭാഷകന്‍ പി എസ് നരസിംഹ എന്നിവരാണ് ആ ഒന്‍പതു പേര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel