ബാങ്ക് ജീവനക്കാരുടെ കുടുംബ പെന്‍ഷന്‍ അവസാന ശമ്പളത്തിന്റെ 30% ആയി ഉയര്‍ത്തി

രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ കുടുംബ പെന്‍ഷന്‍ അവസാന ശമ്പളത്തിന്റെ 30 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. പൊതുമേഖലാ ബാങ്കുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിനും സംശുദ്ധ സ്മാര്‍ട്ട് ബാങ്കിങ് ലക്ഷ്യമിട്ടുമുള്ള ഭേദഗതികളടങ്ങിയ ‘ഈസ് 4.0’ (എന്‍ഹാന്‍സ്ഡ് ആക്‌സസ് ആന്‍ഡ് സര്‍വീസ് എക്‌സലന്‍സ്) നയം മുംബൈയില്‍ പുറത്തിറക്കിക്കൊണ്ടാണ് ധനമന്ത്രി ഇതു പ്രഖ്യാപിച്ചത്. ഇതോടൊപ്പം ബാങ്ക് ജീവനക്കാരുടെ ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍.പി.എസ്.) യിലേക്കുള്ള ബാങ്കുകളുടെ വിഹിതം പത്തുശതമാനത്തില്‍നിന്ന് 14 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു.

പ്രഖ്യാപനമനുസരിച്ച് ബാങ്ക് ജീവനക്കാരുടെ കുടുംബ പെന്‍ഷന് മുമ്പുണ്ടായിരുന്ന 9,284 രൂപയെന്ന പരിധി ഇല്ലാതാകും. അവസാന ശമ്പളത്തിന്റെ 30 ശതമാനമാക്കിയതോടെ 30,000 രൂപ മുതല്‍ 35,000 രൂപ വരെ പെന്‍ഷന്‍ ലഭ്യമാകുമെന്ന് ഫിനാന്‍സ് സെക്രട്ടറി ദേബാശിഷ് പാണ്ഡ വ്യക്തമാക്കി.

ബാങ്കുകളുടെ സാമ്പത്തിക പ്രകടനം വിലയിരുത്തുന്നതിനും കൊവിഡ് മഹാമാരിയുടെ പ്രതിസന്ധി മറികടക്കുന്നതില്‍ ഓരോ ബാങ്കും കൈവരിച്ച പുരോഗതി വിലയിരുത്തുന്നതിനുമായി ധനമന്ത്രി 12 പൊതുമേഖലാ ബാങ്കുകളുടെയും സി ഇ ഒമാരുമായി കൂടിക്കാഴ്ച നടത്തി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ബംഗാള്‍, ഒഡിഷ എന്നിവയ്ക്കായി പ്രത്യേക പദ്ധതികള്‍ രൂപവത്കരിക്കാന്‍ മന്ത്രി ബാങ്കുകളോട് അഭ്യര്‍ഥിച്ചു. ഇതോടൊപ്പം വായ്പാ വളര്‍ച്ച മെച്ചപ്പെടുത്തുന്നതിന് ജില്ലകള്‍ കേന്ദ്രീകരിച്ച് പദ്ധതികളൊരുക്കണം.

ബാങ്കുകളുടെ നേതൃത്വത്തിലുള്ള ആസ്തി പുനര്‍നിര്‍മാണ കമ്പനിയായ എന്‍ എ ആര്‍ സി എലിന് ലൈസന്‍സ് ലഭിക്കാനായി ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചിട്ടുണ്ട്. ബാഡ് ബാങ്കിനു കൈമാറുന്ന കിട്ടാക്കടത്തിന് സര്‍ക്കാര്‍ ഗ്യാരന്റി നില്‍ക്കുന്ന കാര്യം പരിഗണനയിലാണ്. തുടര്‍ച്ചയായി അഞ്ചുവര്‍ഷം നഷ്ടം വരുത്തിക്കൊണ്ടിരുന്ന പൊതുമേഖലാ ബാങ്കുകള്‍ ഇത്തവണ 31,817 കോടി രൂപ ലാഭമുണ്ടാക്കിയതായി മന്ത്രി പറഞ്ഞു.

ലോജിസ്റ്റിക് മേഖലയ്ക്കും കയറ്റുമതി മേഖലയ്ക്കും സമയാധിഷ്ഠിതമായി സഹായം ലഭ്യമാക്കുന്ന രീതിയില്‍ പദ്ധതികള്‍ തയ്യാറാക്കാന്‍ കയറ്റുമതി പ്രോത്സാഹന ഏജന്‍സികള്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ വിദേശ വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും അടുത്ത ബജറ്റില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News