അഫ്ഗാൻ വിഷയം; രാജ്യ താൽപ്പര്യം സംരക്ഷിച്ച് മാത്രമേ നിലപാട് സ്വീകരിക്കൂവെന്ന് വിദേശകാര്യ മന്ത്രി

അഫ്ഗാനിസ്ഥാൻ വിഷയം ചർച്ച ചെയ്യാൻ ചേർന്ന സർവ്വകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചു.രാജ്യതാൽപ്പര്യം സംരക്ഷിച്ച് മാത്രമേ അഫ്ഗാൻ നയത്തിൽ സർക്കാർ നിലപാട് സ്വീകരിക്കൂ എന്ന് വിദേശകാര്യ മന്ത്രി യോഗത്തിൽ വ്യക്തമാക്കി. പതിനാല് പ്രതിപക്ഷ പാർട്ടി നേതാക്കളും കേന്ദ്ര മന്ത്രിമാരും ദില്ലിയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു.

അഫ്ഗാനിസ്ഥാനിൽ രക്ഷാ പ്രവർത്തനം തുടരുന്നതിന് ഇടയിലാണ് കേന്ദ്ര സർക്കാർ പ്രതിപക്ഷ പാർട്ടി നേതാക്കളെ ഉൾപ്പെടുത്തി സർവ്വകക്ഷി യോഗം വിളിച്ചത്. മൂന്ന് മണിക്കൂർ നീണ്ട യോഗത്തിൽ അഫ്ഗാൻ വിഷയത്തിലെ കേന്ദ്ര സർക്കാരിൻ്റെ നയം വിദേശ കാര്യ മന്ത്രി വ്യക്തമാക്കി. അഫ്ഗാൻ ജനതയ്ക്ക് ഒപ്പമാണ് ഇന്ത്യ എന്ന് പറയുമ്പോഴും താലിബാനോട് ഉള്ള കേന്ദ്ര സർക്കാരിൻ്റെ നയം എന്താണെന്ന് ഇത് വരെയും സർക്കാർ വ്യക്തമാക്കിയിട്ടില്ല.

അമേരിക്കൻ നയങ്ങൾക്ക് ഇന്ത്യ കീഴടങ്ങരുത് എന്നാണ് സർവ്വകക്ഷി യോഗത്തിൽ ഇടത് പക്ഷ നേതാക്കൾ ആവശ്യപ്പെട്ടത്. തിരിച്ചെത്താൻ ഉള്ളവരുടെ കണക്ക് കൃത്യമായി കേന്ദ്ര സർക്കാർ തയ്യാറാക്കണം എന്നും യോഗത്തിൽ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ താൽപ്പര്യം സംരക്ഷിച്ച് മാത്രം ആയിരിക്കും അഫ്ഗാൻ നയത്തിൽ സർക്കാരിൻ്റെ നയം രൂപീകരിക്കുക എന്ന് കേന്ദ്ര സർക്കാരിന് വേണ്ടി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സർവ്വകക്ഷി സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാത്തതിനെ കോൺഗ്രസും വിമർശിച്ചു. ചൈന, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങൾ നിലവിൽ അഫ്ഗാനിസ്ഥാനിൽ സമാധാനം പുന:സ്ഥാപിക്കാൻ ആവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്.

വിമാനത്താവളത്തിലേക്ക് ഉള്ള ഓരോ പത്ത് കിലോമീറ്റർ റോഡിലും പതിനഞ്ചോളം താലിബാൻ ചെക്ക് പോസ്റ്റുകൾ ഉണ്ട്. ഇത് രക്ഷാ പ്രവർത്തനം ദുഷ്ക്കരം ആക്കുന്നുണ്ട്. എംബസി ഇല്ലാത്തതിനാൽ ദില്ലിയിൽ നിന്നാണ് ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് എന്നും കേന്ദ്ര സർക്കാർ യോഗത്തിൽ അറിയിച്ചു.

ദോഹയിലെ ഉച്ചകോടിയിലുണ്ടാക്കിയ ധാരണ താലിബാൻ തെറ്റിച്ചു. സമാധാനപരമായും ജനാധിപത്യ പരമായും ഭരണ കൈമാറ്റം നടത്തണം എന്ന നിലപാടിൽ നിന്ന് താലിബാൻ പിന്നോട്ട് പോയി എന്നും അഫ്ഗാനിസ്ഥാനിലെ സ്ഥിതി ചർച്ച ചെയ്യുന്നതിനിടെ കേന്ദ്ര സർക്കാർ കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News