കരമനയില്‍ പൊലീസ് മീന്‍വില്‍പ്പനക്കാരിയുടെ മീന്‍ തട്ടിത്തെറിപ്പിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികള്‍ കൈരളി ന്യൂസിനോട്

കരമനയില്‍ പൊലീസ് മീന്‍വില്‍പ്പനക്കാരിയുടെ മീന്‍ തട്ടിതെറിപ്പിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികള്‍ കൈരളി ന്യൂസിനോട്. മാറിയിരുന്ന മീന്‍ വില്‍ക്കാന്‍ പറയുക മാത്രമാണ് പൊലീസ് ചെയ്തതെന്ന് സംഭവസമയത്ത് അവിടെയുണ്ടായിരുന്ന ദൃക്‌സാക്ഷി യൂസഫും ഓട്ടോറിക്ഷാ ഡ്രൈവര്‍ വിമലും കൈരളി ന്യൂസിനോട് പറഞ്ഞു. സംഭവത്തിലെ ദൂരൂഹത നീക്കാന്‍ പൊലീസ് സയന്റിഫിക്ക് എക്‌സ്‌പെര്‍ട്ടിനെ വെച്ച് പരിശോധന നടത്തി

കരമന പൊലീസിനെതിരെയാണ് മരിയ പുഷ്പം എന്ന മീന്‍വില്‍പ്പനക്കാരി തന്റെ മീന്‍ കുട്ട തട്ടിത്തെറിപ്പിച്ചതായി ഇന്നലെ പരാതി ഉയര്‍ത്തിയത്. പൊലീസ് വാനിലെത്തിയ എസ്.ഐ വാഹനത്തിലിരുന്ന് കൈ കൊണ്ട് മീന്‍ തട്ട് തട്ടി മറിച്ചു എന്നായിരുന്നു ആക്ഷേപം. എന്നാല്‍ ഇതേ സമയം തന്നെ മറ്റൊരു സംഘം പോലീസ് നടപടികള്‍ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു.

പൊലീസുകാര്‍ ആരും ജീപ്പിന് പുറത്ത് ഇറങ്ങിയിട്ടില്ലെന്ന് ഈ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട രണ്ട് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍ കൈരളി ന്യൂസിന് ലഭിച്ചു. കുഞ്ഞാലുംമൂട് സ്വദേശിയായ യൂസഫ് എന്ന വ്യക്തിയും , കാരക്കാമണ്ഡപം സ്വദേശിയായ വിമല്‍ എന്ന ഓട്ടോ ഡ്രൈവറുമാണ് സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തിയത്.

ആറ്റിങ്ങലില്‍ മീന്‍ വില്‍പ്പന നടത്തിയിരുന്ന അഞ്ച് തെങ്ങ് സ്വദേശിനി അല്‍ഫോണ്‍സയുടെ മീന്‍കുട്ട നഗരസഭാ ജീവനക്കാര്‍ തട്ടിതെറിപ്പിച്ചത് വലിയ വിവദമായതിന് പിന്നാലെ പോലീസിനെതിരെ വികാരം ഉയര്‍ത്തുന്നതിന് കരമന സംഭവവും തെറ്റായി ഉപയോഗിക്കുകയാണെന്നാണ് പോലീസിന്റെ വാദം. സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടാന്‍ പോലീസ് സ്ഥലത്ത് സയന്റിക്ക് എക്‌സ്‌പെര്‍ട്ടിനെ കൊണ്ട് പരിശോധന നടത്തി.

പൊലീസ് വാഹനം പാര്‍ക്ക് ചെയ്ത സ്ഥലത്ത് ഇരുന്ന് മല്‍സ്യവില്‍പ്പനക്കാരിയുടെ മൂന്നിലെ മീന്‍ കുട്ട കൈ കൊണ്ട് തട്ടി മറിക്കാന്‍ കഴിയില്ലെന്നാണ് ശാസ്ത്രീയ പരിശോധന സംഘത്തിന്റെയും കണ്ടെത്തല്‍ . സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും സംഭവ സ്ഥലത്ത് സിസിടിവി ഉണ്ടായിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here