വീടുകളില്‍ രോഗവ്യാപനം വര്‍ധിക്കുന്നു: ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

വീടുകളിൽ നിന്നും രോഗബാധിതരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 35 ശതമാനത്തോളം ആളുകൾക്ക് രോഗം ബാധിക്കുന്നത് വീടുകളിൽ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനം കാണിക്കുന്നത്.

വീട്ടിൽ ഒരാൾക്ക് കൊവിഡ് വന്നാൽ ആ വീട്ടിലെ എല്ലാവർക്കും കൊവിഡ് വരുന്ന അവസ്ഥയാണുള്ളത്. ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ കൃത്യമായി പാലിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. വീട്ടിൽ സൗകര്യമുള്ളവർ മാത്രമേ ഹോം ക്വാറന്റൈനിൽ കഴിയാവൂ. അല്ലാത്തവർക്ക് ഇപ്പോഴും ഡി.സി.സി.കൾ ലഭ്യമാണ്.

ഹോം ക്വാറന്റൈനിൽ കഴിയുന്നവർ മുറിയിൽ നിന്നും പുറത്തിറങ്ങരുത്. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മറ്റാരും ഉപയോഗിക്കരുത്. ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്. ഓരോ വീട്ടിലും കൊവിഡ് എത്താതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് പ്രതിരോധിക്കാനുള്ള മാർഗ നിർദേശങ്ങൾ

· ശരിയായി മാസ്‌ക് ധരിക്കുക
· രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കുക
· സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈ വൃത്തിയാക്കുക
· കൊവിഡ് കാലത്ത് വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കുക. ഫോണിൽ വിളിച്ച് ആശംസ അറിയിക്കുന്നതാണ് നല്ലത്. കൊവിഡ് കാലം കഴിഞ്ഞിട്ട് നേരിട്ട് പോകാം.

· പനി, ജലദോഷം, തൊണ്ടവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കൊവിഡ് പരിശോധന നടത്തുക.
· രോഗിയുമായി നേരിട്ട് സമ്പർക്ക പട്ടികയിലുള്ളവർ കൃത്യമായി ക്വാറന്റൈനിലിരിക്കുക. ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുക. അവരുടെ സഹായം സ്വീകരിക്കുക.
· കടകളിൽ തിരക്ക് കൂട്ടാതെ ഹോം ഡെലിവറി സിസ്റ്റം ഉപയോഗിക്കുക.

· മുതിർന്ന പൗരന്മാർ റിവേഴ്‌സ് ക്വാറന്റൈൻ പാലിക്കണം.
· ജീവിതശൈലീ രോഗത്തിനുള്ള മരുന്നുകൾ ആശാ വർക്കർമാർ വഴി വീടുകളിലെത്തിക്കുന്നു.
· ഈ ദിവസങ്ങളിൽ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളിൽ പോകുന്നത് ഒഴിവാക്കുക. ആരിൽ നിന്നും രോഗം വരാവുന്ന അവസ്ഥയാണുള്ളത്.

· വീടുകളിൽ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. ഷോപ്പിംഗിനും ഗൃഹസന്ദർശനത്തിനും അവരെ കൊണ്ടുപോകുന്നത് ഒഴിവാക്കുക.
· ഓഫീസുകളിലും പൊതുയിടങ്ങളിലും മറ്റും പോയി വീട്ടിൽ തിരിച്ചെത്തുമ്പോൾ മറ്റുള്ളവരുമായി ഇടപഴകുന്നതിന് മുമ്പ് കുളിക്കുക.
· പരിശോധനയ്ക്ക് സാമ്പിൾ അയച്ചാൽ ഫലം ലഭിക്കുന്നതുവരെ ക്വാറന്റൈനിൽ കഴിയുക.

· പരിശോധനയ്ക്ക് പോകുമ്പോഴോ മടങ്ങുമ്പോഴോ കടകളോ, സ്ഥലങ്ങളോ സന്ദർശിക്കരുത്.
· അനുബന്ധ രോഗമുള്ളവർ സ്വയം സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
· അടച്ചിട്ട സ്ഥലങ്ങൾ കൊവിഡ് വ്യാപനത്തിന് കാരണമാണ്. അതിനാൽ തന്നെ സ്ഥാപനങ്ങളും ഓഫീസുകളും ജാഗ്രത പാലിക്കണം.
· ഭക്ഷണം കഴിക്കുമ്പോഴും കൈ കഴുകുമ്പോഴും ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പടരാൻ സാധ്യതയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News