കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ചാവേറാക്രമണത്തില്‍ പൊട്ടിത്തെറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തങ്ങളുടെ ദൗത്യത്തിന് വിലങ്ങാകാന്‍ അവരെ അനുവദിക്കില്ലെന്നും ഒഴിപ്പിക്കല്‍ തുടരുമെന്നും ബൈഡന്‍ പറഞ്ഞു. എല്ലാത്തിനും എണ്ണിയെണ്ണി കണക്കുപറയിക്കുമെന്നും വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.
‘ആരാണോ ഈ ആക്രണം നടത്തിയത്, അമേരിക്കയെ ദ്രോഹിക്കണമെന്ന് ആരാണോ ആഗ്രഹിച്ചത് അവര്‍ ഒരു കാര്യം ഓര്‍ക്കുക. ഞങ്ങള്‍ ഇതൊന്നും മറക്കില്ല, പൊറുക്കില്ല, ഞങ്ങള്‍ നിങ്ങളെ വേട്ടയാടി നിങ്ങളെക്കൊണ്ടു തന്നെ എല്ലാത്തിനും കണക്കു പറയിക്കും’ ആക്രമണത്തിനു പിന്നാലെ വൈറ്റ് ഹൗസില്‍ നടത്തിയ വികാരഭരിതമായ പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ ഒഴിപ്പിക്കല്‍ നടപടികള്‍ ഈ മാസം 31നകം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം 11 ദിവസത്തിനിടെ യുഎസ് സഖ്യസേന കാബൂളില്‍നിന്ന് ഒഴിപ്പിച്ചത് 95,700 പേരെയാണ്.
ഒരു ദശകത്തിനിടെ അമേരിക്കന്‍ സൈന്യത്തിന് സംഭവിച്ച ഏറ്റവും മോശം ദിവസമായിരുന്നു ഇതെന്നും ആയിരത്തോളം അമേരിക്കക്കാരും മറ്റ് നിരവധി അഫ്ഗാനികളും ഇപ്പോഴും കാബൂളില്‍ നിന്ന് രക്ഷപ്പെടാന്‍ പാടുപെടുകയാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ തുടര്‍ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജന്‍സികളും സ്‌ഫോടനത്തിന് പിന്നില്‍ ഐ എസ് ആണെന്ന് അറിയിച്ചിരുന്നു.
ലോകത്തെ ഞെട്ടിച്ച സ്‌ഫോടനത്തില്‍ മരണം 73 ആയി ഉയര്‍ന്നു. അമേരിക്കന്‍ സൈനികരടക്കം 140 പേര്‍ക്കാണ് പരിക്കേറ്റത്. ചാവേര്‍ ആക്രമണമാണ് കാബൂള്‍ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നില്‍ നടന്നത്. ഇവിടെയാണ് കൂടുതല്‍ പേര്‍ക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും. വിമാനത്താവളത്തിന് സമീപത്തെ ബാരണ്‍ ഹോട്ടലിന് മുന്നില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ ചിലര്‍ക്ക് നിസാര പരിക്കേറ്റതായാണ് വിവരം. ഇതിന് പിന്നാലെ സ്ഥലത്ത് വെടിവെപ്പും നടന്നിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.