വനം വകുപ്പ് ഓഫീസുകള്‍ ജനകീയമാകണം: മന്ത്രി എ.കെ ശശീന്ദ്രന്‍

വനം-വന്യജീവി വകുപ്പ് മൃഗങ്ങള്‍ക്ക് മാത്രമുള്ളതല്ലെന്നും നിയമത്തിന്റെ പരിധിയില്‍ നിന്ന്‌കൊണ്ട് ജനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യാനുള്ളതാണെന്നും വനം-വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വന പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന മണ്ഡങ്ങളിലെ എം.എല്‍.എമാരുടെയും, വനം-റവന്യു വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനം വകുപ്പ് ഓഫീസുകളില്‍ ചെല്ലാന്‍ ജനങ്ങള്‍ ഭയപ്പെടുന്ന സാഹചര്യം ഇന്നും നിലവിലുണ്ട്. ഈ സ്ഥിതി മാറണം. വനം വകുപ്പ് ഓഫീസുകള്‍ സൗഹൃദപരവും ജനകീയവുമാകണം. നിസാര കാര്യങ്ങള്‍ക്ക് വേണ്ടി വനം വകുപ്പ് ഓഫീസുകളില്‍ പലതവണ കയറിയിങ്ങേണ്ട സാഹചര്യം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മന്ത്രി പറഞ്ഞു.

സാങ്കേതിക കാര്യങ്ങളും നിയമത്തിന്റെ കാര്‍ക്കശ്യവും ഉപയോഗിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണണം. നിലവിലുള്ള നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ ജനങ്ങളെ ഏത് വിധത്തില്‍ ബാധിക്കുന്നുവെന്നത് കൂടി പരിഗണിക്കണം. കയ്യൂക്ക് കാണിച്ച് ജനങ്ങളെ പേടിപ്പെടുത്തരുതെന്നും മന്ത്രി പറഞ്ഞു.

വന്യ മൃഗങ്ങള്‍ പലപ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നുണ്ട്. കാര്‍ഷിക വിളകള്‍ ഉള്‍പ്പടെ നശിപ്പിക്കുന്നുണ്ട്. ഇതിനെല്ലാം ശാശ്വത പരിഹാരം കാണാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കാര്‍ഷിക വിളകള്‍ ഇന്‍ഷൂര്‍ ചെയ്ത് നഷ്ടപരിഹാരം ഉറപ്പ് വരുത്തുന്നതിന് എം.എല്‍.എമാരുടെ നേതൃത്വത്തില്‍ പ്രത്യേക കാമ്പയിന്‍ നടത്തണം.

വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ക്കുള്ള പട്ടയലഭ്യത, മറ്റ് നിര്‍മാണ തടസങ്ങള്‍ എന്നിവ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി പ്രത്യേകം ശ്രദ്ധ നല്‍കണമെന്ന് വനം-വന്യ ജീവി വകുപ്പ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വന്യജീവി ആക്രമണ സാധ്യതയുള്ള മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി ഫെന്‍സിങ് വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

വനാതിര്‍ത്തികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ വൈദ്യുത ലൈന്‍ സ്ഥാപിക്കല്‍, സഞ്ചാര പാതകളുടെ നിര്‍മാണം എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഉണ്ടാകാനിടയാക്കരുതെന്ന് മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്കും കാര്‍ഷിക വിളകള്‍ നഷ്ടപ്പെടുന്നവര്‍ക്കമുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുന്ന കാര്യവും പരിശോധിക്കും.

കരുവാരക്കുണ്ട് പഞ്ചായത്തില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷാജിയുടെ കുടുംബത്തിന് ജോലി നല്‍കണമെന്ന എ.പി അനില്‍കുമാര്‍ എം.എല്‍.എയുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു. ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല് കോളനിയില്‍ തടസപ്പെട്ടു കിടന്നിരുന്ന കോളനിവാസികളുടെ വീട് പണി പുനരാരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും മന്ത്രി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News