പഞ്ചാബ് – ഛത്തീസ്ഗഢ് പി സി സികളില്‍ പ്രതിസന്ധി

കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിനെ പ്രതിസന്ധിയില്‍ ആക്കി പഞ്ചാബ് – ഛത്തീസ്ഗഢ് പി സി സികള്‍. കോണ്‍ഗ്രസ്സ് കേന്ദ്രനേതൃത്വം വിമര്‍ശിച്ചതിന് പിന്നാലെ പഞ്ചാബ് പി സി സി അധ്യക്ഷന്‍ സിദ്ദുവിന്റെ ഉപദേശകന്‍ തല്‍സ്ഥാനം രാജി വച്ചിരുന്നു. അതേസമയം ഭരണ നേതൃത്വത്തിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ കേന്ദ്ര നേതൃത്വത്തിനെ കാണാന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ ദില്ലിയില്‍ എത്തി.

സിദ്ധുവിന്റെ ഉപദേശക സംഘത്തിന് എതിരെ വിമര്‍ശനവുമായി ആദ്യം രംഗത്ത് എത്തിയത് പഞ്ചാബ് മുഖ്യമന്ത്രി ആയ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ആയിരുന്നു. ഇതിന് പിന്നാലെ എ ഐ സി സി നേതൃത്വവും വിമര്‍ശനം ഉന്നയിച്ചു. ഇതോടെയാണ് നവ്‌ജ്യോത് സിങ് സിദ്ധുവിന്റെ ഉപദേശകനായ മല്‍വീന്ദര്‍ സിങ് മാലി ഉപദേശക സ്ഥാനം രാജി വച്ചത്.

കശ്മീരിനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ രണ്ട് ഉപദേശകരേയും പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സിദ്ധുവിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മല്‍വീന്ദര്‍ സിങിന്റെ രാജി. മല്‍വീന്ദറിനേയും പ്യാരെ ലാല്‍ ഗാര്‍ഗിനേയും ഉപദേശക സ്ഥാനത്തുനിന്ന് മാറ്റണമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് സിദ്ധുവിനോട് ആവശ്യപ്പെട്ടിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പഞ്ചാബ് കോണ്‍ഗ്രസിനെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് നയിക്കുമെന്ന് ഹൈക്കമാന്‍ഡ് തീരുമാനം എടുത്തതിനു പിന്നാലെ സിദ്ധു അനുകൂല പക്ഷത്തിന് തിരിച്ചടികള്‍ ആണ് കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം ഛത്തീസ്ഗഢ് പി സി സിയിലും തര്‍ക്കം തുടര്‍ന്ന് കൊണ്ട് ഇരിക്കുകയാണ്. ഭരണ നേതൃത്വത്തിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ കേന്ദ്രനേതൃത്വത്തിനെ കാണാന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ ദില്ലിയില്‍ എത്തി. മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് മന്ത്രി ആയ ടി എസ് സിംഗ് ഡിയോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ ആണ് ഭൂപേഷ് ഭാഗല്‍ ദില്ലിയില്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ എത്തിയത്.

ഭരണമാറ്റത്തിന് ഉള്ള സാധ്യതകള്‍ തള്ളി ഭാഗല്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. പ്രശ്‌ന പരിഹാരത്തിനായി രാഹുല്‍ ഗാന്ധി അടുത്ത ആഴ്ച ഛത്തീസ്ഗഢില്‍ എത്തുമെന്ന് അറിയിച്ചതായും കൂടിക്കാഴ്ചയ്ക്ക് ശേഷം ഭൂപേഷ് ഭാഗല്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News