‘ഒരു സമൂഹമെന്ന നിലയ്ക്ക് നാമിന്ന് അഭിമാനം കൊള്ളുന്ന നിരവധി നേട്ടങ്ങളില്‍ അയ്യങ്കാളിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്’; അയ്യങ്കാളി ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

മഹാത്മാ അയ്യന്‍കാളിയുടെ 158 ആം ജന്മദിനത്തില്‍ ആശംസകളുമായി മുഖ്യമന്ത്രി. ജാതീയതയും വര്‍ഗീയതയും സാമ്പത്തികാസമത്വത്തിനും എതിരെ നടക്കുന്ന രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് അയ്യന്‍കാളിയുടെ ചരിത്രം വഴികാട്ടിയാകുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

‘ഇന്ന് മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ്. ജന്മിത്വവും ജാതിസമ്പ്രദായവും അനാചാരങ്ങളും തീര്‍ത്ത അന്ധകാരത്തിനു മേല്‍ നവോത്ഥാനത്തിന്റെ വെളിച്ചം വിതറി കേരളത്തെ ആധുനികതയിലേയ്ക്ക് ആനയിച്ച മഹാവ്യക്തിത്വങ്ങളുടെ മുന്‍നിരയിലാണ് അയ്യങ്കാളിയുടെ സ്ഥാനം. ദളിതരുടെ മാത്രമല്ല, സ്ത്രീകളുടേയും കര്‍ഷകരുടേയും തൊഴിലാളികളുടേയും അവകാശപ്പോരാട്ടങ്ങളുടെ അമരക്കാരനായിരുന്നു അദ്ദേഹം.

മൃഗങ്ങളേക്കാള്‍ നീചമായി പരിഗണിക്കപ്പെട്ടിരിക്കുന്ന ദളിത് ജനവിഭാഗങ്ങള്‍ നേരിട്ട അനീതികള്‍ക്കെതിരെ അദ്ദേഹം നേതൃത്വം നല്‍കിയ ഐതിഹാസികമായ സമരങ്ങള്‍ കേരള ചരിത്രത്തിന്റെ ഗതി മാറ്റിയെഴുതി. സഞ്ചാര സ്വാതന്ത്ര്യത്തിന്, വസ്ത്ര സ്വാതന്ത്ര്യത്തിന്, വിദ്യാഭ്യാസത്തിന്, കൂലിയ്ക്ക് എന്നിങ്ങനെ അടിച്ചമര്‍ത്തപ്പെട്ട മനുഷ്യര്‍ നേരിടുന്ന ഓരോ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി അയങ്കാളി ശക്തമായ പ്രക്ഷോഭങ്ങളുയര്‍ത്തി. വില്ലുവണ്ടി സമരവും, കല്ലുമാല സമരവും എല്ലാം നമ്മുടെ നവോത്ഥാനപ്രസ്ഥാനത്തിന് ഊര്‍ജ്ജവും പ്രചോദനവും നല്‍കി.

വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ദളിത് ജനവിഭാഗങ്ങള്‍ക്കായി വിദ്യാലയം തന്നെ അദ്ദേഹം ആരംഭിച്ചു. കൂലി നിഷേധിക്കപ്പെട്ടിരുന്ന കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് അയ്യങ്കാളി നടത്തിയ പണിമുടക്ക് സമരം വര്‍ഗചൂഷണത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കി. അത്തരത്തില്‍ ഒരു സമൂഹമെന്ന നിലയ്ക്ക് നാമിന്ന് അഭിമാനം കൊള്ളുന്ന നിരവധി നേട്ടങ്ങളില്‍ അയ്യങ്കാളിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

ജാതീയതയും വര്‍ഗീയതയും സാമ്പത്തികാസമത്വവും നാടിന്റെ പുരോഗതിയ്ക്കും ജനങ്ങളുടെ സമാധാനപൂര്‍ണ്ണമായ ജീവിതത്തിനും ഇന്നും വെല്ലുവിളികളാണ്. അവയെ ഇല്ലാതാക്കിക്കൊണ്ട് മാത്രമേ നിലവില്‍ നമ്മള്‍ നേരിടുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായ പരിഹാരം കണ്ടെത്താന്‍ സാധിക്കൂ. അതിനായി കൃത്യമായ രാഷ്ട്രീയ ബോധ്യമുള്‍ച്ചേര്‍ന്ന സംഘടിതമായ മുന്നേറ്റമുണ്ടായേ തീരൂ. അത്തരമൊരു മുന്നേറ്റത്തില്‍ അയ്യങ്കാളിയുടെ ചരിത്രം നമുക്ക് വഴി കാട്ടും. അദ്ദേഹത്തിന്റെ ജീവിതം പ്രചോദനം പകരും. ആ ആശയങ്ങളുള്‍ക്കൊണ്ട് നമുക്ക് ഒരുമിച്ചു മുന്നേറാം. സമത്വസുന്ദരമായ നവകേരളത്തിനായി സംഘടിക്കാം.’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News