മൊത്ത വിപണിയില്‍ വില കുത്തനെ ഇടിഞ്ഞു; തക്കാളി റോഡിലുപേക്ഷിച്ച് കര്‍ഷകര്‍

മഹാരാഷ്ട്രയില്‍ തക്കാളി വില കുത്തനെ ഇടിഞ്ഞതോടെ കനത്ത നഷ്ടം നേരിട്ട കര്‍ഷകര്‍ തക്കാളി റോഡിലുപേക്ഷിച്ച് പ്രതിഷേധിച്ചു. നാസിക്കിലും ഔറംഗാബാദിലുമുള്ള കര്‍ഷകരാണ് മൊത്തവിപണിയില്‍ വില ഇടിഞ്ഞതോടെ ദുരിതത്തിലായത്. ഉത്പാദനം കൂടുകയും കയറ്റുമതി സാധ്യതകള്‍ കുറയുകയും ചെയ്തതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ചില്ലറ വിപണിയില്‍ ഒരു കിലോഗ്രാം തക്കാളിക്ക് 25 രൂപ മുതല്‍ 30 രൂപവരെ വിലയുണ്ടെങ്കിലും നാസിക്കിലെ പിംപല്‍ഗാവിലെ മൊത്തവിപണയില്‍ കര്‍ഷകര്‍ക്ക് കിട്ടുന്നത് രണ്ടോ മൂന്നോ രൂപയാണ്. 25 കിലോ കൊള്ളുന്ന തക്കാളി കൂടയ്ക്ക് 100 രൂപപോലും കിട്ടില്ലെന്നറിഞ്ഞപ്പോഴാണ് കര്‍ഷകര്‍ കടുത്ത നിലപാടെടുത്തത്.

കൂടയ്ക്ക് ചുരുങ്ങിയത് 300 രൂപ കിട്ടിയാല്‍ മാത്രമാണ് നഷ്ടം നികത്താനാകൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്. ഈ വര്‍ഷം പേമാരിയോ കൊടുംവരള്‍ച്ചയോ ഇല്ലാതിരുന്നത് തക്കാളിക്കൃഷിയ്ക്ക് ഗുണം ചെയ്തിരുന്നു. നല്ലമഴ കിട്ടിയതും വിളവെടുപ്പിന് അനുകൂലമായി. എന്നാല്‍ കൊവിഡിന്റെ രണ്ടാം തരംഗം ഉയര്‍ത്തിയ പ്രതിബന്ധങ്ങള്‍ കാരണം കയറ്റുമതി കുറഞ്ഞതാണ് കര്‍ഷകരെ വലച്ചത്. ഉത്പാദനം കൂടുകയും. കയറ്റുമതി കുറയുകയും ചെയ്തതോടെ വില ഇടിയാന്‍ കാരണമായി.

രാജ്യത്തെ ഏറ്റവും വലിയ തക്കാളി ഉത്പാദന കേന്ദ്രമായ നാസിക്കിലെ ലാസല്‍ഗാവ്, പിംപല്‍ഗാവ് മൊത്ത വിപണികളില്‍ ഒരു ക്വിന്റല്‍ തക്കാളി 664 രൂപയ്ക്കാണ് വില്‍ക്കുന്നത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 2037 രൂപ കിട്ടിയിരുന്ന സ്ഥാനത്താണ് വില കുത്തനെ ഇടിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel