ഭാരത് സീരീസ്: വാഹന രജിസ്‌ട്രേഷന് ഇനി ഏകീകൃത സംവിധാനം

രാജ്യത്തെ വാഹന രജിസ്‌ട്രേഷന് ഏകീകൃത സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഭാരത് സീരീസ് രജിസ്‌ട്രേഷന്‍ സംവിധാനം വഴി രാജ്യത്തെ ഏത് സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ നിയമ നടപടികള്‍ ഒഴിവാക്കി ഉപയോഗിക്കാന്‍ സാധിക്കും. കേന്ദ്ര ഗതാഗത വകുപ്പ് പുറത്തിറക്കിയ ബി എച്ച് രജിസ്‌ട്രേഷന്‍ അടുത്ത മാസം പതിനഞ്ച് മുതലാണ് നിലവില്‍ വരിക. ഓണ്‍ലൈന്‍ വഴിയാണ് ഭാരത് സീരീസില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.

പ്രതിരോധ വകുപ്പ്, കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ ഓഫീസ് ഉള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കാണ് ബി എച്ച് സീരീസില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക.

നിലവിലെ നിയമം അനുസരിച്ച് വാഹന ഉടമ മറ്റൊരു സംസ്ഥാനത്തേക്ക് താമസം മാറിയാല്‍ ഒരു വര്‍ഷം മാത്രമേ പഴയ രജിസ്‌ട്രേഷനില്‍ വാഹനം പുതിയ സംസ്ഥാനത്ത് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. അതിനു ശേഷം വാഹനം മുന്‍പ് രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്ത് നിന്ന് എന്‍ ഓ സി ഉള്‍പ്പെടെ ഹാജരാക്കി വാഹനം പുതുക്കി രജിസ്റ്റര്‍ ചെയ്യണമായിരുന്നു. ഈ സാഹചര്യത്തെ ഒഴിവാക്കുകയാണ് പുതുക്കിയ ഏകീകൃത സംവിധാനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍.

ബി എച്ച് സീരീസില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമല്ല. ഇത്തരത്തില്‍ ഏകീകൃത രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ രണ്ടോ അതിലധികമോ വര്‍ഷത്തേക്ക് ഉള്ള നികുതി അടച്ച് ഉപഭോക്താവിന് ആവശ്യമെങ്കില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാം. വാഹനം വാങ്ങിയ വര്‍ഷത്തെ സൂചിപ്പിക്കുന്ന രണ്ട് അക്കം, ബി എച്ച് എന്നീ അക്ഷരങ്ങള്‍, നാല് അക്കങ്ങള്‍ ഏറ്റവും ഒടുവില്‍ രണ്ട് ഇംഗ്ലീഷ് സീരിയല്‍ അക്ഷരങ്ങള്‍ ഇതായിരിക്കും ഭാരത് സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ രൂപം.

ഓണ്‍ലൈന്‍ വഴി ഉപഭോക്താക്കള്‍ക്ക് ഭാരത് സീരീസില്‍ അടുത്ത മാസം പതിനഞ്ച് മുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ ഭാരത് സീരീസ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധിതമല്ലെങ്കിലും ഏകീകൃത രജിസ്‌ട്രേഷന്‍ സംവിധാനം യാഥാര്‍ഥ്യമാക്കാന്‍ ഉള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന് തുടക്കം കുറിക്കുകയാണ് ബി എച്ച് സീരീസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News