മൈസുരു കൂട്ടബലാത്സംഗം: 6.30ക്ക് ശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്ന വിചിത്ര സര്‍ക്കുലറുമായി മൈസൂര്‍ സര്‍വ്വകലാശാല

മൈസുരുവില്‍ കോളേജ് വിദ്യാര്‍ത്ഥിനി ലൈം?ഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് പിന്നാലെ വിദ്യാര്‍ത്ഥിനികള്‍ക്കായി കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് മൈസൂര്‍ സര്‍വ്വകലാശാല. വൈകീട്ട് 6.30 ന് ശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്ന നിബന്ധനയാണ് സര്‍വ്വകലാശാല പുറപ്പെടുവിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കാണെന്നതാണ് ഇതിനായി നിരത്തുന്ന കാരണം.

അതേസമയം ആണ്‍കുട്ടികള്‍ക്കായി യാതൊരുവിധ നിര്‍ദ്ദേശങ്ങളോ നിബന്ധനകളോ പുറപ്പെടുവിച്ചിട്ടില്ല. 6.30 ന് ശേഷം കുക്കരഹള്ളി തടാകത്തിന് സമീപത്തേക്ക് പെണ്കുട്ടികള്‍ പോകുന്നത് വിലക്കിയാണ് യൂണിവേഴ്‌സിറ്റി രജിസ്റ്റാര്‍ ഓര്‍ഡര്‍ ഇറക്കിയിരിക്കുന്നത്. സെക്യൂരിറ്റീ ജീവനക്കാര്‍ വൈകിട്ട് ആറ് മുതല്‍ രാത്രി 9 വരെ പ്രദേശം നിരീക്ഷിക്കണമെന്നും പട്രോള്‍ നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

വിജനമായ സ്ഥലങ്ങളുള്ള ഈ ക്യാംപസിലെ പെണ്‍കുട്ടികളെക്കുറിച്ചുള്ള ആകുലത പൊലീസ് വകുപ്പ് ഉന്നയിച്ചതോടെയാണ് സര്‍ക്കുലര്‍ ഇറക്കിയതെന്ന് ഐ എ എന്‍ എസിന് നല്‍കിയ അഭിമുഖത്തില്‍ ഓര്‍ഡറിനെ കുറിച്ച് കോളേജ് വൈസ് ചാന്‍സലര്‍ പറയുന്നത്. വിജനമായ സ്ഥലത്തേക്ക് പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് പോകരുതെന്നതാണ് സര്‍ക്കുലറുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് 24ന് രാത്രി ഏഴരയോടെയാണ് സുഹൃത്തിനൊപ്പം ബൈക്കില്‍ ചാമുണ്ഡി ഹില്‍സ് കാണാനെത്തിയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. ബൈക്ക് തടഞ്ഞ് നിര്‍ത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തിയതിന് ശേഷമാണ് പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ചത്. ബോധരഹിതയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികള്‍ രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മൈസുരു അല്ലനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൈസുരിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടി മഹാരാഷ്ട്ര സ്വദേശിയെന്നാണ് പ്രാഥമിക നിഗമനം. ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.

സ്ഥലത്തെ സ്ഥിരം മദ്യപസംഘമാണ് കേസിലെ പ്രതികളെന്നായിരുന്നു പൊലീസിന്റെ ആദ്യനിഗമനം. ഇതേതുടര്‍ന്ന് നാട്ടുകാരായ 30 പേരെ ചോദ്യം ചെയ്തു. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസെത്തി. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് വഴിത്തിരിവുണ്ടായത്. സംഭവസമയം ചാമുണ്ഡി മലയടിവാരത്ത് ഉണ്ടായിരുന്ന 20 സിമ്മുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

കേസില്‍ നാലുപേരെ കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. തമിഴ്‌നാട്ടില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. തീവ്രപരിചരണ വിഭാഗത്തിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News