കൊടിക്കുന്നിലിന്റേത് കാലഘട്ടത്തിന് ചേരാത്ത പ്രസ്താവന, അസൂയയുള്ളവര്‍ മുഖ്യമന്ത്രിയെ തേജോവധം ചെയ്യാന്‍ ശ്രമിക്കും: മന്ത്രി കെ രാധാകൃഷ്ണന്‍

മുഖ്യമന്ത്രിക്കെതിരായ കൊടിക്കുന്നില്‍ സുരേഷിന്റെ പരാമര്‍ശം കാലഘട്ടത്തിന് ചേരാത്തതെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ഭരണത്തുടര്‍ച്ചയുണ്ടായതും വളരെ മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാലും അസൂയയുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ തേജോവധം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ പല ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

തന്റെ കാര്യം നോക്കാന്‍ തനിക്കറിയാം. പാര്‍ട്ടിക്ക് നല്ല ബോധ്യമുള്ളതുകൊണ്ടാണ് 1996ല്‍ ഇതിലും ചെറുപ്പത്തില്‍ തന്നെ മന്ത്രിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അത് എങ്ങനെയാണ് താന്‍ കൈകാര്യം ചെയ്തതെന്ന് ജനങ്ങള്‍ക്കും പാര്‍ട്ടിക്കും അറിയാമെന്നും അതിന് കൊടിക്കുന്നില്‍ സുരേഷിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തന്റെ വിവാദ പ്രസംഗത്തില്‍ കെ രാധാകൃഷ്ണനെയും കൊടിക്കുന്നില്‍ അധിക്ഷേപിച്ചിരുന്നു. പട്ടികജാതിക്കാരനായ ഒരു മന്ത്രിക്ക് ദേവസ്വം വകുപ്പ് കൊടുത്തതിനെ കൊട്ടിഘോഷിക്കുകയും അതേസമയം മന്ത്രിയെ നിയന്ത്രിക്കാന്‍ പിണറായി വിജയന്‍ തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയമിക്കുകയും ചെയ്‌തെന്ന് കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചിരുന്നു. കൊടിക്കുന്നിലിന്റെ പ്രസ്താവന വിവാദമായതോടെയാണ് മന്ത്രി കെ. രാധാകൃഷ്ണന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

വളരെ മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ അസൂയയുള്ളവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ തേജോവധം ചെയ്യാന്‍ ശ്രമിക്കും. കൊടിക്കുന്നിലിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ സ്ഥാനത്തിനും വലുപ്പത്തിനും ചേര്‍ന്നതാണോയെന്നും കെട്ടിച്ച് വിടേണ്ടവരാണ് സ്ത്രീകള്‍ എന്ന ധ്വനിയാണ് പ്രസ്താവനയിലുള്ളതെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

മുഖ്യമന്ത്രി മകളെ എന്താണ് പട്ടികജാതി യുവാവിന് കല്യാണം കഴിച്ച് നല്‍കാത്തത് ? മുഖ്യമന്ത്രിയുടെ നവോഥാനം തട്ടിപ്പാണെന്നും പട്ടികജാതി യുവാവിന് മകളെ വിവാഹം കഴിച്ച് നല്‍കിയിരുന്നെങ്കില്‍ നവോഥാനം ആകുമായിരുന്നുവെന്നുമാണ് കൊടിക്കുന്നിലിന്റെ വിവാദ പരാമര്‍ശം.

കെ രാധാകൃഷ്ണന് തൊട്ട് പിന്നാലെ പ്രതികരണവുമായി ഡിവൈഎഫ് ഐയും രംഗത്തെത്തി. കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന ആധുനിക കേരളത്തിന് ചേരുന്നതല്ല. പ്രസ്താവന അപരിഷ്‌കൃതം,ആര് ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തികളുടെ തീരുമാനം. ദളിതനായത് കൊണ്ട് കെപിസിസി അധ്യക്ഷനാകാന്‍ കഴിയാതെ പോയി എന്ന് പരാതി പറഞ്ഞ ആളാണ് കൊടികുന്നില്‍ എന്നും ഡിവൈഎഫ് ഐ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News