‘പാഠമില്ലെങ്കില്‍ പാടത്തേക്കില്ല എന്നതായിരുന്നു മഹാത്മാ അയ്യങ്കാളി  ഉയര്‍ത്തിയ മുദ്രാവാക്യം’: മുഖ്യമന്ത്രി 

അയ്യങ്കാളിയുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍ സാമുദായിക ഉച്ചനീചത്വം കഴിഞ്ഞാല്‍ മറ്റെന്തിനേക്കാളും നാം പ്രാധാന്യംകൊടുക്കേണ്ടതു വിദ്യാഭ്യാസത്തിനാണെന്ന് മുഖ്യമന്ത്രി. അറിവിന്‍റെ തുല്യമായ വിതരണവും പഠിക്കുന്നതിനുള്ള തുല്യമായ അവകാശവും ചേരുമ്പോഴേ വിദ്യാഭ്യാസം എന്ന സങ്കല്‍പം സഫലമാകൂ എന്ന ചിന്തയാണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അയ്യങ്കാളി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍…

മഹാത്മാ അയ്യങ്കാളിയുടെ സ്മരണയ്ക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. മഹാത്മാ അയ്യങ്കാളിയെ ഓര്‍മ്മിക്കുമ്പോള്‍ അദ്ദേഹം ജീവിച്ച കാലഘട്ടത്തെക്കുറിച്ചു കൂടിയാണ് നാം ഓര്‍മ്മിക്കേണ്ടത്. ആദ്യകാലത്ത് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്നിരുന്ന പ്രജാസഭാ യോഗം പിന്നാക്ക ജാതിക്കാര്‍ കൂടി അംഗങ്ങളായതോടെയാണ് വി ജെ ടി ഹാളിലേക്കു മാറ്റിയത്. അങ്ങനെയാണ് ചരിത്രപ്രസിദ്ധമായ ഈ ഹാളില്‍ അയ്യങ്കാളിയുടെ ശബ്ദം മുഴങ്ങുന്നതിന് ഇടവന്നത്.

അയ്യങ്കാളിയുടെ ശബ്ദം കൊണ്ടും സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിട്ടുള്ള ഓഡിറ്റോറിയമാണ് പഴയ വി ജെ ടി ഹാള്‍. ചരിത്രത്തിന്‍റെ ഒരു മധുര പ്രതികാരമെന്ന പോലെ ഈ ഹാള്‍ ഇന്നദ്ദേഹത്തിന്‍റെ പേരിലാണ് അറിയപ്പെടുന്നത്.

അയ്യങ്കാളിയുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍ സാമുദായിക ഉച്ചനീചത്വം കഴിഞ്ഞാല്‍ മറ്റെന്തിനേക്കാളും നാം പ്രാധാന്യംകൊടുക്കേണ്ടതു വിദ്യാഭ്യാസത്തിനാണ്. അറിവിന്‍റെ തുല്യമായ വിതരണവും പഠിക്കുന്നതിനുള്ള തുല്യമായ അവകാശവും ചേരുമ്പോഴേ വിദ്യാഭ്യാസം എന്ന സങ്കല്‍പം സഫലമാകൂ എന്ന ചിന്തയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

പാഠമില്ലെങ്കില്‍ പാടത്തേക്കില്ല എന്നതായിരുന്നു ഒരു ഘട്ടത്തില്‍ അദ്ദേഹം ഉയര്‍ത്തിയ മുദ്രാവാക്യം. വിദ്യാഭ്യാസം ഔദാര്യമല്ലെന്നും അവകാശമാണെന്നുമുള്ള ചിന്തയ്ക്ക് ആ പ്രഖ്യാപനം അടിവരയിടുന്നു.

ജാതിയെ സാമൂഹികവും സാമ്പത്തികവുമായ അടിച്ചമര്‍ത്തലുകള്‍ക്കുള്ള ആയുധമായികണ്ട് അതിനെതിരെ കൃത്യമായ പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയത് പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ രണ്ടാം പാദത്തിലാണ്.

ഇന്ത്യന്‍ സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ വന്ന ഈ വ്യത്യാസമാണ് സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങള്‍ക്ക് ശക്തി കൂട്ടിയത്. അതില്‍ അയ്യങ്കാളിയെ പോലുള്ള മഹാന്മാര്‍ വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്.

1908 ല്‍ സാധുജന പരിപാലന സംഘത്തിന്‍റെ നേതൃത്വത്തില്‍ സമ്പൂര്‍ണ പണിമുടക്ക് നടത്തിയ ധീരസമര നായകനാണ് അയ്യങ്കാളി. ആ പണിമുടക്ക് സമരമാണ് വലിയ ഒരു വിഭാഗം കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശനം ലഭിക്കുന്ന സ്ഥിതിയുണ്ടാക്കിയത്. വേലയ്ക്ക് കൂലി പണമായി തന്നെ വേണം, ജോലി ഉദയം മുതല്‍ അസ്തമയം വരെ മാത്രമേ പാടുള്ളു, കുട്ടികളെയും ഗര്‍ഭിണികളെയും കഠിനമായ ജോലിക്കിറക്കരുത് എന്നൊക്കെയുള്ള നിലപാടുകള്‍ അംഗീകരിപ്പിച്ചതും ആ സമരത്തിലാണ്. സഞ്ചാര സ്വാതന്ത്ര്യത്തിനായി കേരളത്തില്‍ നടന്ന പോരാട്ടങ്ങളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കുന്നതായിരുന്നു വില്ലുവണ്ടി സമരം.

ജാതിക്കതീതമായി മനുഷ്യാവസ്ഥയുടെ അന്തസ്സുയര്‍ത്തിപ്പിടിക്കുന്നതും വര്‍ണവിവേചനത്തിന്‍റെ കോട്ടകളില്‍ നടുക്കം സൃഷ്ടിക്കുന്നതുമായ ചരിത്ര സംഭവമായിരുന്നു ആ വില്ലുവണ്ടിയാത്ര. പൊട്ടുകുത്തിയും തലപ്പാവ് വെച്ചും കോട്ട് ധരിച്ചുമാണ് അയ്യങ്കാളി അന്ന് വില്ലുവണ്ടിയില്‍ യാത്ര ചെയ്തത്. ജാതിയുടെ അടിസ്ഥാനത്തില്‍ മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക് നിഷേധിക്കപ്പെട്ട കാര്യങ്ങളായിരുന്നു പൊട്ടും തലപ്പാവും കോട്ടും. കോട്ട് ധരിക്കുന്നത് ഒരു രാഷ്ട്രീയ അടയാളമായി അംബേദ്കര്‍ സ്വീകരിക്കുന്നതിനും എത്രയോ മുന്‍പാണ് ഇതെന്നോര്‍ക്കണം.

പ്രാകൃതാചാരങ്ങളുടെ, അയിത്തത്തിന്‍റെ, അനാചാരങ്ങളുടെ ദുരന്തകാലമുണ്ടായിരുന്നു ഇവിടെ. ഉജ്ജ്വലമായ പോരാട്ടങ്ങളിലൂടെയാണ് അത് മാറ്റിയെടുത്തത്. ആ സമരപരമ്പരകളിലൂടെയാണ് നാം ഇന്നു കാണുന്ന ഈ കേരളത്തെ രൂപപ്പെടുത്തിയെടുത്തത്.
ആ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് അയ്യങ്കാളിയുടെ ജീവിതം. പഞ്ചമിക്ക് പഠിക്കാന്‍ അവസരം നിഷേധിക്കപ്പെട്ടപ്പോള്‍ അയ്യങ്കാളി ആ പെണ്‍കുട്ടിയെയും കൂട്ടി നേരെ സ്കൂളിലേക്കു പാഞ്ഞുചെന്നു. അന്നത്തെ സാമുദായിക പ്രമാണിമാര്‍ ബഞ്ചിനും ക്ലാസ്മുറിക്കും തീവെച്ചു. ഊരൂട്ടമ്പലം എലമെന്‍റെറി സ്കൂളില്‍ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട് പാതികത്തിക്കരിഞ്ഞ ആ ബെഞ്ച്.

സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ എന്താണ് അയ്യങ്കാളിയടക്കമുള്ളവര്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിന്‍റെ പ്രസക്തി എന്നു പരിശോധിക്കാന്‍ കൂടി നാം ഈയവസരം ഉപയോഗിക്കണം. അധഃസ്ഥിതര്‍ക്ക്നേരെ അതിക്രമങ്ങളും അടിച്ചമര്‍ത്തലുകളും വര്‍ദ്ധിക്കുമ്പോള്‍ മനസിലാക്കേണ്ടത്, ഭരണഘടനയും ജനാധിപത്യവും അപകടത്തിലാവുന്നു എന്നതാണ്. എല്ലാവരേയും ജാതിമതലിംഗ നിരപേക്ഷമായി ഉള്‍ക്കൊള്ളുക എന്നതാണ് ജനാധിപത്യത്തി ന്‍റെയും ഭരണഘടനയുടെയും കാതല്‍. ആരും അതിനു പുറത്തല്ല.

ചില ആളുകള്‍ വര്‍ണം, ജാതി, മതം, സമ്പത്ത് എന്നിവയുടെ പേരില്‍ പ്രത്യേക വിഭാഗങ്ങളെ പുറത്താക്കുവാന്‍ ശ്രമിക്കുന്ന കാഴ്ച നമുക്കു കാണാം. അതായത്, സമഗ്രതയുടെനേരെ എതിര്‍ദിശയിലേക്കു കാര്യങ്ങള്‍ നീങ്ങുന്നു എന്നര്‍ത്ഥം. ഈയവസരത്തിലാണ് അയ്യങ്കാളിയും ശ്രീനാരായണഗുരുവും അംബേദ്കറും എല്ലാം ഉയര്‍ത്തിപ്പിടിച്ച സാഹോദര്യത്തിന്‍റെയും മാനവികതയുടെയും മൂല്യങ്ങള്‍ പ്രസക്തമാകുന്നത്. നമ്മുടെ ചെറുത്തുനില്‍പ്പുകളിലേക്ക് ഇവയെ സന്നിവേശിപ്പിക്കു വാനുള്ള അവസരമായിക്കൂടി ഇത്തരം സ്മരണകളെ ഉപയോഗപ്പെടുത്തണം.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ച ചരിത്ര ഘട്ടമാണിത്. ഈ തുടര്‍ച്ച ഇന്നാട്ടിലെ ജനങ്ങളുടെ നിശ്ചയ ദാര്‍ഢ്യത്തിന്‍റെയും പ്രതിഫലനമാണ്.

കോവിഡ് മഹാമാരി കഠിനമായ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന ഈ ഘട്ടത്തിലും ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനുള്ള അവിശ്രമ പ്രവര്‍ത്തനത്തിലാണ് സര്‍ക്കാര്‍. അതിന്‍െറ ഭാഗമായാണ് നൂറുദിന പരിപാടികളുടെ സാക്ഷാത്കരണത്തിനുള്ള ഇടപെടല്‍.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സാന്നിധ്യത്തിലൂടെ ഭരണസംവിധാനത്തിലും ജനാധിപത്യ പ്രക്രിയയും പാര്‍ശ്വവത്കൃത ജനവിഭാ ഗങ്ങളുടെ പങ്കും ഗണ്യമായി ഉയര്‍ന്നു. ഇതിനൊക്കെ പുറമെ പട്ടികജാതി പട്ടികവര്‍ഗ്ഗ പദ്ധതികള്‍ക്ക് ജനസംഖ്യാനുപാതത്തില്‍ മാത്രം ഉപപദ്ധതി വിഹിതം അനുവദിക്കുന്ന രീതിക്കും ഈ ഘട്ടത്തില്‍
വ്യത്യാസമുണ്ടായി. ജനസംഖ്യാനുപാതത്തില്‍ കൂടുതലായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് അനുവദിച്ച പങ്ക്.

ജനകീയാസൂത്രണത്തിന്‍റെ ഭാഗമായി ആരംഭിച്ച വിവിധ ഭവനപദ്ധതികളുടെ ഗുണഫലവും ചരിത്രത്തില്‍ അരികു വത്കരിക്കപ്പെട്ടുപോയ ജനതയ്ക്ക് ലഭിച്ചു. അതോടൊപ്പം ഭൂമി വാങ്ങുന്നതിനുള്ള ധനസഹായവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കുട്ടികള്‍ക്കായി അവരവരുടെ വീടുകളില്‍ തന്നെ പ്രത്യേക പഠന മുറികളും ഒരുക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ആകട്ടെ സ്മാര്‍ട്ട് ക്ലാസ്സ് മുറികളോടു കൂടിയ റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ അടക്കം നിരവധി മാര്‍ഗ്ഗങ്ങളിലൂടെയാണ് സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുന്നത്.
അങ്ങനെ അരികുവല്‍ക്കരിക്കപ്പെട്ടവരുടെയുള്‍പ്പെടെ സമസ്ത വിഭാഗങ്ങളുടെയും സാമ്പത്തികവും സാമൂഹ്യവുമായ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമാണ് ഈ സര്‍ക്കാര്‍.

പാര്‍ശ്വവത്കൃത സമൂഹത്തില്‍ പുരോഗതി ഉണ്ടായിഎങ്കിലും ആ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഇനിയും ഏറെ ചെയ്യേണ്ടതുണ്ട്. പാര്‍പ്പിട പ്രശ്നങ്ങള്‍, ഭൂവിതരണ പ്രശ്നങ്ങള്‍ എന്നിവയൊന്നും ഇനിയും പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. വ്യാവസായികരംഗത്ത് കാര്യമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതുണ്ട്. അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന വിഭാഗത്തില്‍പ്പെട്ടവരെ കണ്ടെത്തി. പഠനരംഗത്തു നിന്നും പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ കൊഴിഞ്ഞുപോക്കിനെ നാം ഗൗരവമായി കാണേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്ത് ഈ വിഭാഗത്തില്‍ നിന്ന് എന്‍ റോള്‍ ചെയ്യുന്നവരുടെ എണ്ണം നന്നേ കുറവാണ് എന്നതാണ് വസ്തുത. അതിന് അറുതി വരുത്താനായാല്‍ മാത്രമേ നമ്മുടെ മുന്നേറ്റം പൂര്‍ണ്ണമാവൂ. څസ്വസമുദാ യത്തില്‍ പത്തു ബി എക്കാരെ’ കാണുവാന്‍ ആഗ്രഹം പ്രകടിപ്പിച്ച അയ്യന്‍കാളിയുടെ ആശയങ്ങള്‍ അതിനായി മുറുകെപ്പിടിക്കേണ്ടതുണ്ട്.

സാങ്കേതികവിപ്ലവത്തിന്‍റെ യുഗത്തില്‍ പാര്‍ശ്വവത്കൃത ജനത പുറംതള്ളപ്പെട്ടു പോകാതിരിക്കുവാനുള്ള പ്രത്യേകമായ കരുതല്‍ ആവശ്യമാണ്. അതിനുള്ള ആദ്യ ചുവടുവയ്പ് എന്ന നിലയ്ക്കാണ് ഇന്‍റര്‍നെറ്റ് അവകാശമാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറിയത്. ഒരു കുട്ടി പോലും ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനു പുറത്തു പോകുന്നില്ല എന്നുറപ്പുവരുത്താനുള്ള നടപടികളാണ് മുന്നേറുന്നത്.

ഈ അയ്യങ്കാളി സ്മൃതിദിനം കേവലമായ ഒരു ദിനാഘോഷം മാത്രമായല്ല കടന്നു പോകുന്നത്. അരികുവത്കരിക്കപ്പെട്ടവരെ കൂടുതല്‍ അപ്രസക്തരാക്കിക്കൊണ്ട് ചങ്ങാത്തമുതലാളിത്തം ലോകത്തെയാകെ വിഴുങ്ങുമ്പോള്‍ അതിനു ഒരു ബദല്‍ ഉണ്ടെന്ന് തെളിയിച്ച ജനതയാണ് നാം. ജനകീയബദല്‍ എന്ന ആശയം കേരളം പ്രാവര്‍ത്തികമാക്കുകയാണ്. നമ്മുടെ അടിസ്ഥാന സൗകര്യ മേഖലകളിലാകെ ഇതു കൊണ്ടുവന്ന മാറ്റം എല്ലാവര്‍ക്കും മനസ്സിലാവുന്നതാണ്. വികസനത്തിന്‍റെ അടുത്ത ഘട്ടത്തിലേക്കു കുതിക്കുവാന്‍ ഒരുങ്ങി നില്‍ക്കുകയാണ് നാം. ഈ രണ്ടാം തലമുറ വികസനത്തിനും ഒരു ബദല്‍ പരിപ്രേക്ഷ്യം ആവശ്യമാണ്, നേരത്തെ സൂചിപ്പിച്ചതുപോലെ ജനകീയമായ ഒന്ന്.
ഈ സവിശേഷമായ മുഹൂര്‍ത്തത്തില്‍ സര്‍ക്കാര്‍ വരുംനാളുകളില്‍ ചെയ്യാനുദ്ദേശിക്കുന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്കു മുന്നില്‍ വെക്കുകയാണ്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ നിന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ ഉണ്ടാകാന്‍ പാടില്ല എന്ന നിര്‍ബന്ധം സര്‍ക്കാരിനുണ്ട്. ആദിവാസി ഊരുകളിലുള്‍പ്പെടെ ഇന്‍റര്‍നെറ്റ് സംവിധാനം ഒരുക്കുകയെന്ന കര്‍ത്തവ്യം സര്‍ക്കാര്‍ പൊതു സമൂഹ പങ്കാളിത്തത്തോടെ ഏറ്റെടുത്തിട്ടുണ്ട്. അവ നടപ്പിലാക്കും.

ഭവനരാഹിത്യം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന ഈ വിഭാഗത്തിന് ലൈഫ് പദ്ധതി നല്ലൊരു കൈത്താങ്ങാണ്. മുഴുവന്‍ പട്ടികജാതിക്കാര്‍ക്കും 5 വര്‍ഷം കൊണ്ട് കേരളത്തില്‍ വീട് ഉറപ്പുവരുത്തും. ഈ വര്‍ഷം 52,000 വീടുകള്‍ നല്‍കാനാവും.

വിദ്യാഭ്യാസ രംഗത്ത് എല്ലാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളും ഹോസ്റ്റലുകളും മികവുറ്റതാക്കും.
തൊഴില്‍ മേഖലയില്‍ നൈപുണ്യ പരിശീലനവും തുടര്‍ പ്ലേയ്സ്മെന്‍റ് പദ്ധതി പ്രകാരം 20,000 പേര്‍ക്ക് തൊഴില്‍ അവസരം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്.

സര്‍ക്കാര്‍ സര്‍വ്വീസില്‍ മതിയായ പ്രാതിനിധ്യം നല്‍കാന്‍ സമയബന്ധിതമായ നടപടികള്‍ സ്വീകരിക്കും.

പട്ടികജാതി, പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളെ സമൂലമായി പുനരുജ്ജീവിപ്പിച്ച് അവയ്ക്കുള്ള കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനുള്ള സ്കീം ആവിഷ്കരിക്കും.

ആദിവാസി വിഭാഗത്തില്‍പ്പെട്ട കൗമാരക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 60വയസ്സിന് മുകളില്‍ പ്രായമുള്ള വൃദ്ധര്‍, ആറു വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്ക് പോഷകാഹാര മൂല്യം ഉറപ്പുവരുത്തുന്നതിനുള്ള ഭക്ഷണം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പദ്ധതി നടപ്പാക്കും.

പട്ടികജാതി വിഭാഗത്തിന്‍റെ ആരോഗ്യമേഖലയിലെ തൊഴിലധിഷ്ഠിതമായ പഠനത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തെ പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കല്‍ സയന്‍സസ്. അവിടെ പുതിയ കോഴ്സുകള്‍ ആരംഭിക്കുകയും കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുകയും ചെയ്യും.

പട്ടികജാതി സംരംഭകര്‍ക്കായി സ്റ്റാര്‍ട്ട്അപ്പ് ഡ്രീം പദ്ധതികള്‍ ആരംഭിക്കും.
ഒരേ സമയം സംരംഭകരും തൊഴില്‍ദാതാക്കളും എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനായി വിവിധ മേഖലകളിലുള്ള അഭ്യസ്തവിദ്യരായ പട്ടികജാതിപട്ടികവര്‍ഗ്ഗ യുവതീ, യുവാക്കളെ ഉള്‍പ്പെടുത്തി സംരംഭക യൂണിറ്റുകള്‍ ആരംഭിക്കും.

പട്ടികജാതി, പട്ടികവര്‍ഗത്തില്‍പ്പെട്ട മികച്ച യുവ ഗവേഷകര്‍ക്ക് പ്രത്യേക ധനസഹായം നല്‍കും.

ഈ പദ്ധതികള്‍ സര്‍ക്കാരിന്‍റെ മുന്നിലുള്ള ഉത്തരവാദിത്തത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഭരണത്തിന്‍റെ തുടര്‍ച്ചയില്‍ ഇടര്‍ച്ചയും പതര്‍ച്ചയുമല്ല ഉര്‍ജ്ജസ്വലമായ ഉയര്‍ച്ചയിലേക്കാണ് നാട് നീങ്ങുന്നത്. എല്ലാ പ്രതിസന്ധിയും തരണംചെയ്ത് മുന്നേറാന്‍ നമുക്ക് കരുത്തുപകരുന്നത് അയ്യങ്കാളിയെപ്പോലുള്ള മഹാരഥന്‍മാരുടെ സ്മരണകളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel