ആർഎസ്എസ് വിട്ട് വന്നവർക്ക് ഉന്നത സ്ഥാനങ്ങൾ നൽകി; മഹാരാഷ്ട്ര കോൺഗ്രസിൽ പ്രതിഷേധം ശക്തം

ആർഎസ്എസ് വിട്ട് വന്നവർക്ക് ഉന്നത സ്ഥാനങ്ങൾ നൽകിയതിൽ മഹാരാഷ്ട്ര കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം പുറത്ത് വിട്ട മഹാരാഷ്ട്ര പിസിസി ഭാരവാഹികളുടെ ലിസ്റ്റിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഉൾപ്പടെ ഭൂരിഭാഗം പേരും ആർഎസ്എസ് സജീവ പ്രവർത്തകർ ആയിരുന്നു.

മഹാരാഷ്ട്രയിലെ സമുദായ വോട്ട് ലക്ഷ്യം വെച്ച് ഹിന്ദുത്വ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന കോൺഗ്രസ് നേതൃത്വത്തിൻെറ രീതിയെ പാർട്ടിയിലെ തന്നെ നേതാക്കൾ എതിർത്ത് രംഗത്ത് എത്തിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു മഹാരാഷ്ട്ര പിസിസി ഭാരവാഹികളുടെ ലിസ്റ്റ് സോണിയാ ഗാന്ധി പ്രഖ്യാപിച്ചത്. ആർഎസ്എസ് വിട്ട് പാർട്ടിയിൽ എത്തിയവർക്ക് സുപ്രധാന സ്ഥാനങ്ങൾ നൽകുന്ന ലിസ്റ്റ് പാർട്ടി സംസ്ഥാന അധ്യക്ഷൻ നാന പട്ടോലെ ദില്ലിയിൽ എത്തിയതിനു പിന്നാലെ ആണ് കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്.

ആർഎസ്എസ് സജീവ പ്രവർത്തകനായിരുന്നു പട്ടോലെ. താൻ നിർദ്ദേശിച്ച പട്ടിക സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ അവഗണിച്ചെന്ന പരാതിയാണ് ദില്ലിയിൽ എത്തിയ പട്ടോലേ സോണിയാ ഗാന്ധിയെ അറിയിച്ചത്. ഇതിന് പിന്നാലെ ആണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉൾപ്പടെ മുൻകാല ആർഎസ്എസ് നേതാക്കളെ ഉൾപ്പെടുത്തി കോൺഗ്രസ് മഹാരാഷ്ട്രയിൽ പുനഃസംഘടന നടത്തിയത്.

ആർഎസ്എസ് സജീവ പ്രവർത്തകനായിരുന്ന അഭയ് പട്ടീലിനെ ആണ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിയമിച്ചത്. ജാതി വിവേചനത്തെ തുടർന്ന് ആർഎസ്എസ് വിട്ടു എന്നവകാശപ്പെടുന്ന പട്ടീൽ ഒന്നിലേറെ തവണ ആർഎസ്എസ് സർവ് സംഘ് ചാലക് മോഹൻ ഭാഗവതുമായി വേദി പങ്കിട്ടിട്ടുണ്ട്. വിശ്വ ഹിന്ദു പരിഷത്ത് മേഖല അധ്യക്ഷൻ്റെ മകൻ കൂടിയായ പട്ടീലിനെ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി പട്ടികയിലേക്ക് പരിഗണിച്ചിരുന്നു.

മറ്റൊരു ജനറൽ സെക്രട്ടറിയായ അജിത്ത് ആപ്തെ പൂനെ മേയറും ബിജെപി നേതാവും ആയ മുക്ത തിലകിൻ്റെ മകനാണ്. ഡിസിസി അധ്യക്ഷ സ്ഥാനങ്ങൾ ഉൾപ്പടെ അധികാര കേന്ദ്രങ്ങൾ ആർഎസ്എസ് വിട്ട് വന്നവർക്ക് വ്യാപകമായി നൽകിയാണ് ഹൈക്കമാൻഡ് മഹാരാഷ്ട്രയിൽ പുനഃസംഘടന നടത്തിയത്.

കോൺഗ്രസ് കേന്ദ്ര നേതൃത്വം മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നതിന് എതിരെ പാർട്ടിയിലെ തന്നെ വലിയൊരു വിഭാഗം നേതാക്കളും പ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. സ്വജന പക്ഷപാതവും മഹാരാഷ്ട്ര കോൺഗ്രസിൽ വലിയ തോതിൽ നടക്കുന്നുണ്ട്. മന്ത്രിമാരുടെയും നേതാക്കളുടെയും ആശ്രിതർ വലിയ തോതിൽ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. കെസി വേണുഗോപാലിൻ്റെ താൽപര്യം ഒന്ന് കൊണ്ട് മാത്രം ജോജോ തോമസിനെ ജനറൽ സെക്രട്ടറി ആക്കി എന്നത് ഈ ആരോപണം ശക്തിപ്പെടുത്തുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News