‘രോഗവ്യാപനം ഉയരും, ഭയമല്ല ജാഗ്രതയാണ് വേണ്ടത്’;ഡോ. ബി ഇക്‌ബാൽ എഴുതുന്നു

ഓണക്കാലം കഴിഞ്ഞതോടെ കോവിഡ് വ്യാപനം ശക്തമാകുകയാണ്‌. സ്ഥിതി കൈകാര്യം ചെയ്യാൻ ഉചിതമായ നടപടികൾ വിവിധ തലങ്ങളിൽ സ്വീകരിക്കേണ്ടതുണ്ട്. 2020 ആഗസ്‌ത്‌ അവസാനമായിരുന്നു കഴിഞ്ഞവർഷം ഓണാഘോഷം. തിരുവോണദിനമായ 30 ന് 2154 കോവിഡ് രോഗികളും ഏഴ്‌ മരണവുമുണ്ടായിരുന്നത് സെപ്തംബർ എട്ടോടെ മൂവായിരത്തിലേറെ രോഗികളും 12 മരണവുമായി വർധിച്ചു. ഒക്‌ടോബർ 10 ന് 11755 പോസിറ്റീവ് കേസും 23 മരണവുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിന്നീട് രോഗം ശമിച്ചു തുടങ്ങി. മരണവും കുറഞ്ഞു.

ഇത്തവണ കഴിഞ്ഞ ഓണവുമായി തട്ടിച്ച് നോക്കുമ്പോൾ കോവിഡുമായി ബന്ധപ്പെട്ട അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. അതിവ്യാപനശേഷിയുള്ള ഡെൽറ്റാ വൈറസിന്റെ സാന്നിധ്യമാണ് ഇത്തവണ നേരിടേണ്ടിവരുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. ഓണക്കാലത്തെ ചെറുതും വലുതുമായ ആൾക്കൂട്ടങ്ങൾ രോഗപ്പകർച്ച വളരെയേറെ വർധിക്കാനിടയായേക്കാം. രോഗലക്ഷണകാലം കുറവായതിനാൽ ഓണം കഴിഞ്ഞുടനെ രോഗവർധന അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്‌. ആഗസ്റ്റ് 27ന്‌ രോഗികളുടെ എണ്ണം 32,801 ആയി വർധിച്ചുകഴിഞ്ഞു.

ഇപ്പോഴുള്ള ഒരു പ്രധാന അനുകൂല സാഹചര്യം വാക്സിനേഷൻ ധൃതഗതിയിൽ നടക്കുന്നു എന്നതാണ്. 68 ശതമാനം പേർക്ക് ഒന്നാം ഡോസ് വാക്സിനും 24 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിനും ലഭിച്ച് കഴിഞ്ഞു. വാക്സിൻ എടുത്തവർക്ക് രോഗമുണ്ടായാൽ തന്നെ ലക്ഷണങ്ങൾ അത്ര കഠിനമാകില്ല. മരണസാധ്യതയും വളരെ കുറവാണ്. പ്രായാധിക്യമുള്ളവരിൽ 88 ശതമാനം പേർക്ക് ( 45 വയസ്സ്) ഒന്നാം ഡോസ് വാക്സിൻ ലഭിച്ചതിനാൽ താരതമ്യേന പ്രായം കുറഞ്ഞവർക്കായിരിക്കും ഇത്തവണ കൂടുതലായി രോഗം ബാധിക്കുക.

ചെറുപ്പക്കാർക്ക് രോഗം വരുമ്പോൾ ചില പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇവരിൽ ഭൂരിഭാഗത്തിനും രോഗലക്ഷണങ്ങൾ കടുത്തതാകില്ല. അതു കൊണ്ട് തന്നെ മിക്കവരും ഗാർഹിക പരിചരണത്തിലായിരിക്കും. രോഗലക്ഷണങ്ങൾ കുറവാണെങ്കിലും അനുബന്ധരോഗമുള്ളവരെല്ലാം കോവിഡ് ആശുപത്രികളിൽ ചികിത്സ തേടണം. കേരളത്തിൽ ചെറുപ്പക്കാരിലും പ്രമേഹം, രക്താതിമർദ്ദം, ശ്വാസകോശരോഗങ്ങൾ, ക്യാൻസർ തുടങ്ങിയവ കാണപ്പെടുന്നുണ്ട്. ഇത്തരം അനുബന്ധരോഗമുള്ളവരിലാണ് രോഗം പെട്ടെന്ന് മൂർച്ഛിക്കാൻ സാധ്യതയുള്ളത്. കോവിഡ് ആശുപത്രികളിൽ ചികിത്സതേടാൻ മടിക്കുകയോ താമസിക്കുകയോ ചെയ്യരുത്.

അതുപോലെ ഗാർഹിക ചികിത്സയിലുള്ളവർ പതിവായി രക്തത്തിലെ ഓക്സിജന്റെ അളവ് പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് പരിശോധിക്കണം. ഇടയ്‌ക്കിടെ ആറ്‌ മിനിറ്റ്‌ നടന്നശേഷം ഓക്സിജൻ നില നോക്കാനും ശ്രദ്ധിക്കേണ്ടതാണ് . ഓക്സിജൻ നില കുറഞ്ഞാൽ ഒട്ടും വൈകാതെ ആശുപത്രിയിലെത്തണം.

പ്രമേഹം ഇതുവരെയില്ലാത്തവരാണെങ്കിലും ഗ്ലൂക്കോ മീറ്റർ ഉപയോഗിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരിക്കലെങ്കിലും പരിശോധിക്കേണ്ടതാണ്. കേരളത്തിലെ ജനസംഖ്യയിൽ 66 ശതമാനം പേരും പ്രമേഹ പൂർവ ഘട്ടത്തിലാണെന്നത് ഓർത്തിരിക്കണം. പകർച്ചവ്യാധികളും മറ്റും പിടിപെടുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിച്ച് പ്രമേഹസ്ഥിതി ആവിർഭവിക്കാൻ സാധ്യതയുണ്ട്.

രോഗവർധന കണക്കിലെടുത്ത്‌ ആരോഗ്യവകുപ്പ് കോവിഡ് ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. ഏതു പ്രതിസന്ധിയേയും നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ആസൂത്രണം ചെയ്‌തു കഴിഞ്ഞു. അതോടൊപ്പം പൊതുസമൂഹവും കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിച്ചും എത്ര ചെറിയതാണെങ്കിലും ആൾക്കൂട്ട സന്ദർഭങ്ങൾ ഒഴിവാക്കിയും ഓണക്കാലത്തെ തുടർന്നുണ്ടായേക്കാവുന്ന രോഗവ്യാപനത്തെ പ്രതിരോധിക്കാൻ ശ്രമിക്കണം.

കടപ്പാട്; ദേശാഭിമാനി 

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News