”അവൾ ഇനി പറക്കട്ടെ” അഫ്ഗാനിലെ പൊള്ളുന്ന കാഴ്ചകൾക്കിടയിലും നിറമുള്ള ഒരു ചിത്രം

അഫ്ഗാനിസ്ഥാനിൽ താലിബാന്‍ ഭീകരര്‍ കടന്നുകയറിയതിന് പിന്നാലെ ലോകമനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് അവിടെ അരങ്ങേറുന്നത്. സ്വന്തം രാജ്യത്ത് ജീവിക്കാൻ പറ്റാത്ത സാഹചര്യമായതോടെ വിമാനത്തിന്റെ ചിറകുകളിൽ കയറിയിരുന്ന് രക്ഷപെടാൻ ശ്രമിക്കുന്ന അഫ്ഗാൻ പൗരന്മാർ, നിറവയറോടെ തിങ്ങി ഞെരുങ്ങിയ വിമാനത്തിൽ രക്ഷപെടാൻ ശ്രമിക്കവേ അതിനുള്ളിൽ പ്രസവിച്ച യുവതി, വിമാന ചിറകുകളിൽ നിന്നും കൊഴിഞ്ഞു വീണ ജീവനുകൾ തുടങ്ങി അഫ്ഗാൻ ലോകത്തിന്റെ വിങ്ങലായി മാറുകയാണ്.

എന്നാൽ, പൊള്ളുന്ന കാഴ്ചകൾക്കിടയിലും നിറമുള്ള ഒരു ചിത്രം ശ്രദ്ധേയമാകുകയാണ്. ബെല്‍ജിയം എയര്‍പോര്‍ട്ടിലെ റണ്‍വേയില്‍ ഒരു അഫ്ഗാന്‍ പെണ്‍കുട്ടി സന്തോഷത്തോടെ തുള്ളിക്കളിക്കുന്ന ഒരു ഫോട്ടോയാണ് വൈറലായത്.

ബെല്‍ജിയം എയര്‍പോര്‍ട്ടിന്റെ റണ്‍വേയിലൂടെ വിമാനത്തില്‍ നിന്ന് ഇറങ്ങിയ ഒരു നാലംഗ കുടുംബം നടന്നുപോകുന്നതാണ് ആ ചിത്രത്തില്‍ കാണുന്നത്. പെണ്‍കുട്ടി അവളുടെ മാതാപിതാക്കള്‍ക്ക് പിന്നില്‍ സന്തോഷത്തോടെ തുള്ളിച്ചാടി നടക്കുന്നതും ആ ചിത്രത്തില്‍ വ്യക്തമാണ്. മെല്‍സ്‌ബ്രോക്ക് മിലിട്ടറി എയര്‍പോര്‍ട്ടില്‍ നിന്ന് റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ ജോഹന്ന ജെറോണ്‍ ക്ലിക്ക് ചെയ്ത ഫോട്ടോ, ബെല്‍ജിയത്തിലെ മുന്‍ പ്രധാനമന്ത്രി ഗൈ വെര്‍ഹോഫ്സ്റ്റാഡും ട്വിറ്ററില്‍ പങ്കുവെച്ചു.

‘നിങ്ങള്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കുമ്പോള്‍ ഇതാണ് സംഭവിക്കുന്നത്… ബെല്‍ജിയത്തിലേക്ക് സ്വാഗതം, ചെറിയ പെണ്‍കുട്ടി!’ എന്നായിരുന്നു ഗൈ വെര്‍ഹോഫ്സ്റ്റാഡ് ചിത്രത്തോടൊപ്പം കുറിച്ചത്. ചിത്രം ഉടന്‍ തന്നെ വൈറലാവുകയും ആയിരകണക്കിന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഈ ഫോട്ടോ പങ്കുവയ്ക്കുകയും ചെയ്തു.

‘എന്തൊരു ചിത്രമാണിത്! എന്റെ ഹൃദയത്തില്‍ കൊണ്ടു’, ‘മഹത്തായ ചിത്രം, ‘എന്തൊരു സന്തോഷത്തിലാണാ ചെറി പെൺകുട്ടി’, ‘ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രം’, ‘ബെല്‍ജിയത്തില്‍ അവള്‍ക്ക് ഒരു മികച്ച ഭാവി ഉണ്ടാകും’, ‘ചിത്രം പങ്കുവച്ചതിന് നന്ദി’.. തുടങ്ങിയ ഒട്ടേറെ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News