ഓണക്കാലത്ത് ലോക്ഡൗണിൽ ഇളവ് നൽകിയത് മൂലം കൊവിഡ് കേസുകളിൽ വര്‍ധനയുണ്ടായി; മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഓണത്തോടു കൂടി ലോക്ക്ഡൗണിൽ ഇളവ് നൽകിയത് മൂലം കൊവിഡ് കേസുകളിൽ വർധനയുണ്ടായി . ഈ സാഹചര്യം മുൻകൂട്ടി കണ്ട് ചികിത്സാ സൗകര്യങ്ങളും വർധിപ്പിച്ചിരുന്നു. വാക്സിനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. സാമൂഹിക പ്രതിരോധ ശേഷി സമീപകാലത്ത് തന്നെ ആർജിക്കാനാവും എന്നാണ് പ്രതീക്ഷ. ജനസംഖ്യ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകുന്നത് കേരളത്തിലാണ്. ഒരു ദിവസം അഞ്ച് ലക്ഷം പേർക്ക് വരെ വാക്സിൻ നൽകുന്നുണ്ട്.

മരണനിരക്ക് പിടിച്ചു നിർത്താനായി. എന്നാൽ രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവിന് ആനുപാതികമായി മരണങ്ങളും വർധിച്ചു. മരിക്കുന്നവരിലേറെയും പ്രായാധിക്യവും അനുബന്ധ രോഗങ്ങളും ഉള്ളവരാണ്. വാക്സിൻ ആദ്യം തന്നെ നൽകിയത് ഈ വിഭാഗത്തിൽപ്പെട്ടവർക്കാണ്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന പരമപ്രധാനമായ ലക്ഷ്യം മുൻനിർത്തിയാണ് നമ്മുടെ സംസ്ഥാനം തുടക്കം മുതൽ പ്രവർത്തിക്കുന്നത്. ആ ഉദ്യമം നല്ല രീതിയിൽ കൊണ്ടു പോകാൻ നമുക്കായി. അതു പ്രശംസിക്കപ്പെടുകയും ചെയ്തു. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തെ ഗൗരവപൂർവ്വം പരിശോധിക്കുകയും നടപടി സ്വീകരിച്ചു വരികയും ചെയ്യുകയാണ്. മൂന്നാം തരംഗത്തിൻ്റെ സാധ്യത കണക്കിലെടുത്ത് ഇനിയുള്ള ദിവസങ്ങളിൽ മുന്നോട്ട് പോയെ മതിയാവൂ.

ദേശീയനിരക്കുമായി താരതമ്യം ചെയ്താൽ കേരളത്തിലെ മരണനിരക്ക് വളരെ കുറവാണ്. ശക്തമായ പൊതുജനാരോഗ്യസംവിധാനമുള്ളതിനാൽ കേസ് കൂടിയാലും കേരളത്തിന് നേരിടാനാവും. കേരളത്തിൽ വലിയൊരു വിഭാഗം ഇനിയും രോഗബാധിതരായിട്ടില്ല എന്നതും ആരോഗ്യവിദഗ്ധർ ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here