ന്യൂനമര്‍ദ്ദം; തിങ്കളാഴ്ച വരെ കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കാലവർഷം സജീവമായി. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ ഒഡിഷ തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടതിൻറെയും കർണാടക കേരള തീരത്ത് നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനത്തിൽ തിങ്കളാഴ്ച വരെ കേരളത്തിൽ വ്യാപകമായി മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്നും നാളെയും അതി ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലെർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലെർട്ടും. നാളെ (29/8 /2021) കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലെർട്ടും കാസർകോട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിശക്തമായ മഴ തുടർച്ചയായ ദിവസങ്ങളിൽ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും വെള്ളക്കെട്ടുകൾക്കും മിന്നൽ പ്രളയങ്ങൾക്കും കാരണമായേക്കാമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

25 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ തീവ്രതയുള്ള മഴ ലഭിക്കുന്ന സാഹചര്യമാണ് അപകടം സൃഷ്ടിക്കാറുള്ളത്. അതുകൊണ്ട് തന്നെ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രധാന അണക്കെട്ടുകളിൽ നിന്ന് ജലം തുറന്നു വിടേണ്ട സാഹചര്യം നിലവിൽ ഇല്ല. തമിഴ് നാട്ടിൽ നിന്ന് കേരളത്തിലേക്ക് ജലം ഒഴുകിവരുന്നയിടങ്ങളിലെ അണക്കെട്ടുകളിൽ ജലനിരപ്പ് നിയന്ത്രണവിധേയമാക്കണമെന്ന് തമിഴ്നാട് സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

വനത്തിലും പശ്ചിമഘട്ടത്തിലും മറ്റും ശക്തമായ മഴ പെയ്യുന്നത് കൊണ്ട് നദികളിൽ പൊതുവെ ഒഴുക്ക് ശക്തമായിരിക്കും. അതുകൊണ്ട് പുഴകളിലും മറ്റ് ജലാശയങ്ങളിലും കുളിക്കാനും മീൻ പിടിക്കാനും മറ്റും ഇറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കണം.

മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എല്ലാവരും മുന്നറിയിപ്പ് കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here