രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവരേയും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ക്ക് വിധേയമാക്കും

രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവരേയും ആർ.ടി.പി.സി.ആർ ടെസ്റ്റുകൾക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 18 വയസ്സിനു മുകളിലുള്ളവരിൽ 80 ശതമാനത്തിലധികം പേർക്ക് ആദ്യത്തെ ഡോസ് വാക്സിനേഷൻ ലഭിച്ച ജില്ലകളിൽ സെൻറിനൈൽ സർവൈലൻസിൻറെ ഭാഗമായി 1000 സാമ്പിളുകളിൽ ടെസ്റ്റ് നടത്തും. 80 ശതമാനത്തിനു താഴെ ആദ്യത്തെ ഡോസ് ലഭിച്ച ജില്ലകളിൽ 1500 സാമ്പിളുകളിലായിരിക്കും ടെസ്റ്റ് നടത്തുക.

രണ്ടു ഡോസ് വാക്സിൻ എടുത്തവരിൽ രോഗലക്ഷണങ്ങൾ കാണിക്കാത്തവർക്കും ഒരു മാസത്തിനുള്ളിൽ കൊവിഡ് പോസിറ്റീവായവർക്കും ടെസ്റ്റുകൾ ആവശ്യമില്ല.

12 മണിക്കൂറിനുള്ളിൽ ടെസ്റ്റ് റിസൾട്ട് നെഗറ്റീവാണെങ്കിലും പോസിറ്റീവ് ആണെങ്കിലും റിപ്പോർട്ട് ചെയ്യാത്ത ലബോറട്ടറികളുടെ ലൈസൻസ് റദ്ദാക്കും.
ഓരോ ലാബിലും ഉപയോഗിക്കുന്ന ആൻറിജൻ, ആർ.ടി.പി.സി.ആർ ടെസ്റ്റ് കിറ്റുകൾ ജില്ലാ അതോറിറ്റികൾ പരിശോധിക്കും. നിലവാരമില്ലാത്ത കിറ്റുകൾ ഉപയോഗിക്കുന്ന ലബോറട്ടറികളുടെ ലൈസൻസ് റദ്ദാക്കും.

കഴിഞ്ഞ 24 മണിക്കൂറിനുളളിൽ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 7,537 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 6,480 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 13,44,100 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

നമ്മുടെ നാടിനെതിരെ ചില കേന്ദ്രങ്ങൾ ആസൂത്രിതമായി നടത്തുന്ന ദുഷ്പ്രചാരണങ്ങളെ കുറിച്ച് കൂടുതൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് രണ്ടാം തരംഗം അതിശക്തമായി ആഞ്ഞടിച്ചിട്ടും ചികിത്സാസംവിധാനങ്ങളെ ശാക്തീകരിച്ചതിനാലും നമ്മുടെ ആരോഗ്യസംവിധാനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ തരംഗത്തെ പിടിച്ചു നിർത്തിയതിനാലും മരണ നിരക്ക് രാജ്യത്ത് തന്നെ ഏറ്റവും മികച്ച രീതിയിൽ കുറച്ചു നിർത്താൻ നമുക്ക് സാധിച്ചു.

ഓക്സിജൻ ലഭ്യമാകാതെ, ചികിത്സാ സൗകര്യങ്ങൾ ഇല്ലാതെ രോഗികളുമായി അലയേണ്ടി വരുന്ന അവസ്ഥ ഇവിടെ ആർക്കുമുണ്ടായില്ല. ഉറ്റവരുടെ മൃതദേഹങ്ങളുമായി ശ്മശാനങ്ങൾക്കു മുന്നിൽ ആളുകൾ വരി നിൽക്കുന്ന കാഴ്ച നമ്മുടെ നാട്ടിൽ കാണേണ്ടി വന്നിട്ടില്ല.

നിവൃത്തിയില്ലാതെ മൃതദേഹങ്ങൾ നദികളിൽ ഒഴുക്കിക്കളയേണ്ട ഗതികേട് ഇവിടെ ആർക്കും ഉണ്ടായിട്ടില്ല. എത്രയൊക്കെ ദുഷ്പ്രചരണങ്ങൾ നടത്തിയാലും ആർക്കും മായ്ച്ചു കളയാനാകാത്ത യാഥാർഥ്യമായി അക്കാര്യങ്ങൾ ജനങ്ങളുടെ മുൻപിലുണ്ട്. അതീ നാടിൻറെ അനുഭവമാണ്. ജനങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടത്തിൻറെ ഫലമാണ്. ആ വ്യത്യാസം ഈ ലോകം കണ്ടറിഞ്ഞതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News