കൊവിഡ് മഹാമാരി മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം

കൊവിഡ് മഹാമാരി മൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ധനസഹായം അനുവദിക്കുന്നതിനായി 3,19,99,000 രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് അനുവദിക്കുന്നത്. കൂടാതെ ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വഹിക്കുന്നതാണ്. അടുത്തമാസം ആദ്യ ആഴ്ചയോടെ അവരുടെ അക്കൗണ്ടിൽ തുക നിക്ഷേപിക്കും.

നിലവിൽ ആനുകൂല്യത്തിനർഹരായ 87 കുട്ടികളേയാണ് കണ്ടെത്തിയിട്ടുള്ളത്. ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം കൊവിഡ് വന്നു മാറിയതിനു ശേഷം കുട്ടികൾക്കിടയിൽ കുറഞ്ഞ തോതിലെങ്കിലും കാണുന്ന ആരോഗ്യപ്രശ്നമാണ് മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം. അതിവേഗം ചികിത്സിക്കാൻ കഴിയുന്ന രോഗമാണിത്. പൊതുവേ കാണുന്ന രോഗലക്ഷണങ്ങൾ വയറു വേദന, ത്വക്കിൽ കാണുന്ന തിണർപ്പ്, പനി തുടങ്ങിയവയാണ്.

അത്തരം രോഗലക്ഷണങ്ങൾ കാണുന്ന കുട്ടികളെ എത്രയും പെട്ടെന്ന് ആശുപത്രികളിൽ എത്തിക്കേണ്ടതാണ്. ഡോക്ടർമാർക്ക് ഈ അസുഖം ചികിത്സിക്കാനാവശ്യമായ പരിശീലനങ്ങൾ നൽകുന്നുണ്ട്. ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ മെഡിക്കൽ കോളേജുകളിലും പ്രധാന ആശുപത്രികളിലും സജ്ജമാക്കിയിട്ടുണ്ട്. ഈ രോഗബാധ ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്യാനുള്ള നിർദ്ദേശം എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികൾക്കും നൽകിയിട്ടുമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News