അമ്മുക്കുട്ടിയേച്ചീ, എന്തൊരു ജീവിതമായിരുന്നു നിങ്ങളുടേത് .! മനുഷ്യർ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു;’ ശ്രദ്ധേയമായി നിതീഷ് നാരായണന്റെ ഫേസ്ബുക്ക് കുറിപ്പ്

കേരളത്തിന്റെ കര്‍ഷക അവകാശസമരങ്ങളിലെ മുന്നണിപ്പോരാളിയും കര്‍ഷകത്തൊഴിലാളി നേതാവുമായ അന്തരിച്ച കെ എസ് അമ്മുക്കുട്ടിയെക്കുറിച്ച് എസ് എഫ് ഐ കേന്ദ്രകമ്മിറ്റിയംഗം നിതീഷ് നാരായണന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

“പട്ടിണിയല്ലേ കുഞ്ഞേ, രാവേറും വരെ പണിയെടുത്താലും ഒരിത്തിരിയല്ലേ കിട്ടത്തൊള്ളൂ. കുഞ്ഞാണെങ്കിലും ഞാൻ കൂടെ പോയാൽ അത്രേം കൂടി ആയല്ലോ എന്ന് കരുതി ” എന്നാരംഭിക്കുന്നതാണ് നിതീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

“പട്ടിണിയല്ലേ കുഞ്ഞേ, രാവേറും വരെ പണിയെടുത്താലും ഒരിത്തിരിയല്ലേ കിട്ടത്തൊള്ളൂ. കുഞ്ഞാണെങ്കിലും ഞാൻ കൂടെ പോയാൽ അത്രേം കൂടി ആയല്ലോ എന്ന് കരുതി “
കാട്ടിൽ മുളവെട്ടി കുടിൽ കെട്ടി താമസം തുടങ്ങിയ ശേഷം പതിമൂന്നാം വയസിൽ കൂലിയായ് കിട്ടുന്ന നെല്ല് ഒരിത്തിരി അധികം കിട്ടാൻ തൻ്റെ മാതാപിതാക്കൾക്കൊപ്പം ജന്മിയുടെ കൃഷിയിടത്തിൽ പണിക്ക് പോകാൻ തുടങ്ങിയതിനെ കുറിച്ച് പറഞ്ഞതാണ് (കാലം 1947-48)
“ഞാൻ എത്രയോ മാസം ദേഹമാസകലം വേദന കൊണ്ട് പുളഞ്ഞു.
ആറ് മാസമെടുത്തു, സ്വന്തം കൈ കൊണ്ട് ഒരു ബണ്ണ് കഴിക്കാൻ.”
മണ്ണിലധ്വാനിക്കുന്നവർക്ക് മണ്ണിനു വേണ്ടി നടത്തിയ മിച്ചഭൂമി സമരത്തിന് നേതൃത്വം നൽകിയതിന് അന്നത്തെ വലതുപക്ഷ ഗവൺമെൻ്റിൻ്റെ ഗുണ്ടകൾ പതിയിരുന്നാക്രമിച്ചതാണ്. ദിവസങ്ങളോളം അമ്മുക്കുട്ടി ബോധരഹിതയായ് കിടന്നു. മാസങ്ങളോളം ഒന്നനങ്ങാനാവാതെ കട്ടിലിൽ വീണു. അതിനെക്കുറിച്ച് പറഞ്ഞതാണ്. ( കാലം 1970)
“സഖാവ് സുർജിത്തിൻ്റെ കൂടെ എൻ്റെ പേരും എഴുതിയില്ലേ. അതിനു മാത്രം ഈ പാർട്ടി എന്നെ വളർത്തിയില്ലേ. അതിനപ്പുറം എന്തു വേണം കുഞ്ഞേ?”
അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ്റെ ഏറ്റവും ഉന്നത സമിതിയായ വർക്കിംഗ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ച് പറഞ്ഞതാണ്. (90കളുടെ പകുതി)
ഇന്ന് പുലർച്ചെ അമ്മുക്കുട്ടിയേച്ചി മരിച്ചു. കർഷക തൊഴിലാളികളുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും വിമോചന സമരങ്ങളിൽ തന്നെ സമർപ്പിച്ച അസാധാരണ പോരാട്ടമായിരുന്നു ആ ജീവിതം. കേരളത്തിൻ്റെ ചരിത്രത്തിൽ ആ അഞ്ചാം ക്ലാസുകാരിക്ക് ഇടമുണ്ടാകണം.
കുറച്ച് സമയത്തിനുള്ളിൽ പയ്യാമ്പലത്ത് അമ്മുക്കുട്ടിയേച്ചിയുടെ ശരീരം എരിഞ്ഞൊടുങ്ങും. ചരിത്രത്തിൽ പക്ഷേ ആ വിപ്ലവകാരി കൊളുത്തിയ കനൽ കെടാതെ കത്തും.
അമ്മുക്കുട്ടിയേച്ചീ, എന്തൊരു ജീവിതമായിരുന്നു നിങ്ങളുടേത്.! മനുഷ്യർ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.”
May be an image of 3 people and people standing

2021 മേയില്‍ ട്രൈകോണ്ടിനെറ്റല്‍ സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി അമ്മുക്കുട്ടിയെ കണ്ട് നിതീഷ് ദീര്‍ഘസംഭാഷണം പ്രസിദ്ധീകരിച്ചിരുന്നു. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ കര്‍ഷക തൊഴിലാളി യൂണിയനും പാര്‍ട്ടിയും കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച നേതാവാണ് കെ എസ് അമ്മുക്കുട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News