കോണ്‍ഗ്രസ് പ്രതിനിധികള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് വിലക്ക്

പാര്‍ട്ടി പ്രതിനിധികള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കോണ്‍ഗ്രസ്. കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനം ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.

കെ പി സി സി പ്രസിഡന്റ് ആണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഡി സി സി അധ്യക്ഷ പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നത്.

കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷ പട്ടിക പുറത്ത് വന്നതിന് പിന്നാലെ നേതാക്കള്‍ നടത്തുന്ന പരസ്യ പ്രതികരണത്തില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി അറിയിച്ചിരുന്നു. നേതാക്കളുടെ ആവശ്യം അംഗീകരിച്ചത് പൊട്ടിത്തെറിയുണ്ടാകില്ലെന്ന ഉറപ്പിന്മേലായിരുന്നുവെന്നും പ്രതിഷേധം ഉണ്ടാകില്ലെന്ന് ഗ്രൂപ്പ് നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പ്രതികരിച്ചു. പരസ്യ പ്രതികരണം പാടില്ലെന്നും പരാതി പാര്‍ട്ടിക്കുള്ളിലാണ് ഉന്നയിക്കേണ്ടതെന്നും ഹെക്കമാന്‍ഡ് നിര്‍ദേശിച്ചിരിക്കുകയാണ്.

അതേസമയം പട്ടിക തയ്യാറാക്കുമ്പോള്‍ സംസ്ഥാന തലത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയില്ലെന്ന രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും വിമര്‍ശനത്തെ കോണ്‍ഗ്രസ് നേതൃത്വം തള്ളിയിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാനാണ് താനെങ്കില്‍ എന്തിനാണ് ഈ സ്ഥാനത്ത് ഇരിക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു. ഡി സി സി പട്ടികയുടെ എല്ലാ ഉത്തരവാദിത്തവും തനിക്കും കെ സുധാകരനുമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. അനാവശ്യ സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here