മലയാളി പൊലീസ് ഓഫീസർമാരുടെ ഓണാഘോഷം ഗംഭീരമായി; സെനറ്റർ കെവിൻ തോമസ് മുഖ്യാതിഥിയായി

അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യുണൈറ്റഡ് (AMLEU) ആദ്യമായി  ഓണാഘോഷം സംഘടിപ്പിച്ചു.  മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും രുചിവൈവിധ്യത്തിന്റെയും ആഘോഷത്തിന് മാറ്റുകൂട്ടാൻ  വിവിധ പരിപാടികൾ നടത്തി.

ഫ്രണ്ട്സ് ഓഫ് കേരള ചെണ്ടമേളം ഗ്രൂപ്പിന്റെ മാവേലിയായിരുന്നു മുഖ്യ ആകർഷണം.  ബ്രെത്ത് ലെസ് എന്റർടൈൻമെന്റിന്റെ ആഭിമുഖ്യത്തിൽ  അവതരിപ്പിച്ച  തിരുവാതിരയും ഏവരുടെയും ശ്രദ്ധ നേടി.

ഗായകരായ ജെംസണും ശാലിനിയും മലയാള മണ്ണിന്റെ ഗന്ധമുള്ള ഗാനങ്ങൾ ആലപിച്ച് വേദി കയ്യടക്കി. ന്യൂയോർക്കിലെ ജെറിക്കോയിലുള്ള  കൊട്ടീലിയനാണ് സദ്യവട്ടങ്ങൾ കേരളത്തനിമ ഒട്ടും ചോരാതെ ഒരുക്കിയത്.

പരിപാടിയുടെ ഭാഗമായി ഒത്തുചേർന്ന കുടുംബങ്ങളും കുട്ടികളും കൂടി  അതിമനോഹരമായി ഒരുക്കിയ  അത്തപ്പൂക്കളം ഏവരുടെയും ഹൃദയം കവർന്നു. നീന ഫിലിപ്സും ലുലുവും  അവതരിപ്പിച്ച നൃത്ത പരിപാടിയും കാണികൾ ആസ്വദിച്ചു. 6 വയസ്സുകാരൻ  മാറ്റിയോ ജോയ് “വൈശാഖ സന്ധ്യേ” എന്ന മലയാളഗാനം പാടി സദസ്സിനെ കയ്യിലെടുത്തു.

ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്ററും മലയാളിയുമായ കെവിൻ തോമസ്, ഭദ്രദീപം തെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എംഎൽഇയു പ്രസിഡന്റ് തോമസ് ജോയ് (പൊലീസ് ഓഫീസർ, സഫോക്ക് കൗണ്ടി പൊലീസ്, ലോംഗ് ഐലന്റ്) ആയിരുന്നു  പരിപാടിയുടെ എംസി. 120 -ലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

സെനറ്റർ കെവിൻ തോമസിനു പുറമെ റാണ അഷ്ഫാക്ക്, പ്രസിഡന്റ്, രജപുത് അസോസിയേഷൻ ഓഫ് അമേരിക്ക, ഹെഡ്ജ് ന്യൂയോർക്കിന്റെ പ്രതിനിധികൾ, മാൻഡലർ ആൻഡ് സീഗറിലെ പീറ്റർ മാൻഡലർ, അറ്റോർണിസ് അറ്റ് ലോ, റെജി ഈപ്പൻ, റിയൽറ്റർ, ലിജു തോട്ടം, ഡെപ്യൂട്ടി ഇൻസ്പെക്ടർ, എൻ.വൈ.പി.ഡി എന്നിവരും പരിപാടിയുടെ ഭാഗമായി.

അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ദേശീയ കൂട്ടായ്മയാണ് എഎംഎൽഇയു. രാജ്യത്തെ ആകെയുള്ള 150 അമേരിക്കൻ മലയാളികളായ പൊലീസ് ഉദ്യോഗസ്ഥരിൽ 120 ൽ കൂടുതൽ പേർ  എഎംഎൽഇയുവിൽ  അംഗങ്ങളാണ്. ഇവരിൽ 5 അമേരിക്കൻ മലയാളി  വനിതകളും ഉൾപ്പെടുന്നു.

ഫെഡറൽ മുതൽ ലോക്കൽ തലം വരെ, അമേരിക്കയുടെ എല്ലാ കോണുകളിലെയും  40 -ലധികം പൊലീസ് ഏജൻസികളിൽ നിന്നും എഎംഎൽഇയു- ൽ അംഗത്വമുണ്ട്. 2001 സെപ്റ്റംബർ 11 ന് നടന്ന ഭീകരാക്രമണങ്ങളിൽ വേൾഡ് ട്രേഡ് സെന്ററിൽ ആദ്യം ഓടിയെത്തിയവരിൽ എഎംഎൽഇയു അംഗങ്ങളുമുണ്ടെന്നത് അഭിമാനകരമാണ്.

സംഘടനയിലെ നിരവധി  അംഗങ്ങൾ  സൈനികരാണ്. അവരിൽ പലരും യുദ്ധത്തിൽ പങ്കെടുത്തിട്ടുമുണ്ട്. പൊലീസ് മേധാവി, അസിസ്റ്റന്റ് ചീഫ് ഓഫ് പോലീസ്, യൂണിറ്റ് ചീഫ്, ഡെപ്യൂട്ടി ഇൻസ്പെക്ടർ, ക്യാപ്റ്റൻമാർ, ലെഫ്റ്റനന്റുകൾ, സർജന്റുകൾ, ഡിറ്റക്ടീവുകൾ എന്നിങ്ങനെ സ്തുത്യർഹമായ  പദവികൾ വഹിക്കുന്ന ഒരുപാടുപേർ  അംഗങ്ങളാണ്.

ചാരിറ്റി സംഘടനയായി നിലകൊള്ളുന്ന എഎംഎൽഇയു, നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. അമേരിക്കയിലെ  നിയമപാലനത്തേക്കും  സൈന്യത്തിലേക്കും    കൂടുതൽ  മലയാളികൾ കടന്നുവരുന്നതിനെ  പ്രോത്സാഹിപ്പിക്കാനും എഎംഎൽഇയു ലക്ഷ്യമിടുന്നു.

അമേരിക്കയിലുടനീളവും കേരളത്തിലും  ജീവകാരുണ്യ പ്രവർത്തനങ്ങൾ, കമ്മ്യൂണിറ്റി ഔട്ട്  റീച്ച്, മറ്റ് പ്രോജക്ടുകൾ എന്നിവയിൽ എഎംഎൽഇയു വളരെയധികം ഏർപ്പെട്ടിട്ടുണ്ട്. നിയമപാലനരംഗത്തെ തൊഴിലുകളിൽ  താൽപ്പര്യമുള്ളവർക്ക് എഎംഎൽഇയു ഈ വർഷം മുതൽ  $ 5,000 കോളജ് സ്കോളർഷിപ്പ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.

വാർഷികാടിസ്ഥാനത്തിൽ മിഡിൽ മുതൽ സീനിയർ ലെവൽ മാനേജ്മെന്റ് തലത്തിലേക്ക് വരെ   ഇന്ത്യൻ പോലീസ് സർവീസിലെ  നിരവധി അംഗങ്ങളെ അമേരിക്കയിലേക്ക് കൊണ്ടുവരുന്ന  ലോ എൻഫോഴ്സ്മെന്റ് എക്സ്ചേഞ്ച് പ്രോഗ്രാം    പ്രവർത്തനങ്ങളിലാണ് ഇപ്പോൾ എഎംഎൽഇയു പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഐപിഎസ് ഓഫീസർമാർക്ക് പ്രൊഫഷണൽ വിദ്യാഭ്യാസവും അമേരിക്കയിലെ ഇപ്പോഴത്തെ കമ്മ്യൂണിറ്റി പോലീസ് രീതികളും , ആധുനിക പോലീസ് തന്ത്രങ്ങളും , നടപടിക്രമങ്ങളും  ഉൾക്കാഴ്ചയും പകർന്നുകൊണ്ട് സമൂഹത്തിന്റെ പ്രയോജനത്തിനായി മാറ്റങ്ങൾ  നടപ്പിലാക്കാൻ കൂടുതൽ സജ്ജമാക്കുന്ന പദ്ധതിയാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News