പാരാലിമ്പിക്‌സ്: ഭവിന പട്ടേലിന് 3 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഗുജറാത്ത്

ഭവിന പട്ടേലിന് 3 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഗുജറാത്ത്. ടോക്യോയില്‍ നടക്കുന്ന പാരാലിമ്പിക് ഗെയിംസില്‍ വനിതകളുടെ ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ ഭവിന പട്ടേലിന് വെള്ളി മെഡലാണ് ലഭിച്ചത്.

ഭവിന പട്ടേല്‍ ഇന്ത്യയുടെയും ഗുജറാത്തിന്റേയും യശസ് ഉയര്‍ത്തിയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ രൂപാണി പറഞ്ഞു. ദുവ്യാംഗ് ഖേല്‍ പ്രതിഭാ പ്രതോഷന്‍ പുരസ്‌കാര്‍ യോജനയുടെ കീഴിലാണ് ഭവിന പട്ടേലിന് സര്‍ക്കാര്‍ മൂന്ന് കോടി നല്‍കുന്നത്.

ഫൈനലില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ഴൂ യിങിനോട് പരാജയപ്പെട്ടാണ് ഭവിന രണ്ടാം സ്ഥാനം നേടിയത്. ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് യിങ് ഭവിനയെ കീഴടക്കിയത്. സ്‌കോര്‍ 3-0. ടോക്യോ പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ ആണിത്. ടേബിള്‍ ടെന്നിസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന റെക്കോര്‍ഡും ഭവിന സ്വന്തമാക്കി.

കടുത്ത എതിരാളികളെ മറികടന്നെത്തിയ ഭവിനക്ക് കലാശപ്പോരില്‍ ലഭിച്ചത് ഏറ്റവും ബുദ്ധിമുട്ടേറിയ താരമായിരുന്നു. 11-7 എന്ന സ്‌കോറിന് ആദ്യ സെറ്റ് സ്വന്തമാക്കിയ ചൈനീസ് താരം രണ്ടാം സെറ്റ് 11-5 എന്ന സ്‌കോറിനു വിജയിച്ചു. നിര്‍ണായകമായ മൂന്നാം സെറ്റില്‍ 6നെതിരെ 1 പോയിന്റുകള്‍ നേടി താരം സ്വര്‍ണമെഡലില്‍ മുത്തമിട്ടു. ചൈനയുടെ തന്നെ ഴാങ് മിയാവോക്കെതിരെ ഐതിഹാസിക പോരാട്ടം കാഴ്ചവച്ചാണ് ഭവിന കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. സ്‌കോര്‍ 3-2. ലോക മൂന്നാം നമ്പര്‍ താരമായ മിയാവോയ്‌ക്കെതിരെ മുന്‍പ് മൂന്ന് തവണ കളിച്ചപ്പോഴും ഭവിന പരാജയപ്പെട്ടിരുന്നു.

ആദ്യ സെറ്റ് ഏഴിനെതിരെ 11 പോയിന്റുകള്‍ക്ക് ചൈനീസ് താരം സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ തിരികെ വന്ന ഭവന ഇതേ സ്‌കോറിന് മിയാവോയെ തോല്‍പിച്ചു. മൂന്നാം സെറ്റില്‍ ചൈനീസ് താരത്തെ നിഷ്പ്രഭയാക്കിയ ഭവിന 11-4 എന്ന സ്‌കോറിനാണ് വിജയിച്ചത്. നാലാം സെറ്റില്‍ 9നെതിരെ 11 പോയിന്റുകള്‍ നേടിയ മിയാവോ ഇന്ത്യന്‍ താരത്തിനൊപ്പം പിടിച്ചു. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ 8നെതിരെ 11 പോയിന്റുകള്‍ നേടിയ ഭവിന സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News