വര്‍ഷങ്ങള്‍ നീണ്ട വിലക്ക് നീങ്ങിയതോടെ അഭിനയരംഗത്ത് സജീവമാകാനൊരുങ്ങി വടിവേലു

ഒരു കാലത്ത് തമിഴ് സിനിമകളിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായിരുന്നു വടിവേലു. എന്നാല്‍ നാല് വര്‍ഷങ്ങളായി അദ്ദേഹം ഒരു സിനിമ പോലും ചെയ്തിട്ടില്ല. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ വിലക്കായിരുന്നു കാരണം. ഇതിനുപിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ സംവിധായകന്‍ ഷങ്കര്‍ നിര്‍മ്മിച്ച് ചിമ്പുദേവന്‍ സംവിധാനം ചെയ്ത ‘ഇംസൈ അരസന്‍ 24-ാം പുലികേശി’ എന്ന സിനിമയുടെ ചിത്രീകരണം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നതിനെത്തുടര്‍ന്നാണ് വടിവേലുവിനെതിരായ വിലക്ക് വന്നത്. 2017 ഓഗസ്റ്റിലായിരുന്നു ഇത്.

അണിയപ്രവര്‍ത്തകരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കേണ്ട വടിവേലുവിനുമിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് ചിത്രം ഉപേക്ഷിക്കപ്പെട്ടത്. വടിവേലുവിന്റെ അനാവശ്യ ഇടപെടലും നിസ്സഹകരണവുമാണ് ചിത്രം നിര്‍ത്തേണ്ട നിലയിലേക്ക് എത്തിച്ചതെന്ന് ചൂണ്ടിക്കാട്ടി ഷങ്കര്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിനെ സമീപിച്ചതോടെയാണ് സംഘടനയുടെ വിലക്ക് വന്നത്. ‘ഇംസൈ അരസന്‍ 24-ാം പുലികേശി’ ഉപേക്ഷിച്ചതുമൂലം ഷങ്കറിനുണ്ടായ നഷ്ടം നികത്താതെ വടിവേലുവിന് മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാനാവില്ലെന്നായിരുന്നു പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ നിലപാട്. നാല് വര്‍ഷത്തിനിപ്പുറം ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടിരിക്കുകയാണ്.

‘ഇംസൈ അരസന്‍ 23-ാം പുലികേശി’യുടെ രണ്ടാംഭാഗം എന്ന നിലയില്‍ തുടങ്ങിയ ചിത്രമായിരുന്നു ‘ഇംസൈ അരസന്‍ 24-ാം പുലികേശി’. ലൈക്ക പ്രൊഡക്ഷന്‍സിനുവേണ്ടി ഫസ്റ്റ് കോപ്പി കരാറിലാണ് ഷങ്കറിന്റെ എസ് പിക്‌ചേഴ്‌സ് നിര്‍മ്മിക്കാന്‍ ഒരുങ്ങിയത്. എസ് പിക്‌ചേഴ്‌സ് പ്രതിനിധികളുടെയും വടിവേലുവിന്റെയും സാന്നിധ്യത്തില്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ നടത്തിയ ചര്‍ച്ചയിലാണ് നടനെതിരായ വിലക്ക് നീങ്ങിയത്.

പ്രശ്‌ന പരിഹാരത്തിന് ലൈക്ക പ്രൊഡക്ഷന്‍സിന്റെ ഇടപെടലും കാരണമായതായി റിപ്പോര്‍ട്ടുകളുണ്ട്. ഷങ്കറിന്റെ ‘ഇന്ത്യന്‍ 2’ നിര്‍മ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സ് ആണ്. അതേസമയം തിരിച്ചുവരവില്‍ ലൈക്കയുമായി അഞ്ച് സിനിമകളുടെ കരാറില്‍ വടിവേലു ഒപ്പു വച്ചിട്ടുമുണ്ട്. ഇതില്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നത് സുരാജ് ആണ്. സുരാജിന്റെ തന്നെ 2006 ചിത്രം ‘തലൈ നഗര’ത്തിന്റെ സ്പിന്‍ ഓഫ് ആണ് ഈ ചിത്രം. ചിത്രത്തില്‍ വടിവേലുവിന്റെ പ്രേക്ഷകപ്രീതി നേടിയ കഥാപാത്രമായ ‘നായ് ശേഖറി’നെ ചുറ്റിപ്പറ്റിയാവും പുതിയ ചിത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News