അടിയന്തര ഘട്ടങ്ങളില്‍ സഹായമാവാന്‍ ബീയിങ് ഗുഡ് ആപ്

അടിയന്തര ഘട്ടങ്ങളില്‍ സാങ്കേതികവിദ്യ പരമാവധി ഉപയോഗിച്ചുകൊണ്ട് ആളുകളെ പരസ്പരം ബന്ധിപ്പിക്കാനും കാര്യനിര്‍വഹണം സാധ്യമാക്കാനും ബീയിങ്ഗുഡ് എന്ന ആപ്പ് വികസിപ്പിച്ച് ലക്ഷദ്വീപ് സ്വദേശിയായ ഷാഹുല്‍ ഹമീദ്.

ഒരു മനുഷ്യന്‍ വിശന്നിരിക്കുന്നു എന്നറിഞ്ഞാല്‍ നമ്മള്‍ അവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ മാത്രം ആയിരിക്കും ചിന്തിക്കുക. എന്നാല്‍ ഷാഹുല്‍ ഹമീദ് ചിന്തിച്ചത് വേറെ രീതിയിലാണ്. എല്ലാ ആളുകള്‍ക്കും ഇതുപോലെ ഏതെങ്കിലും തരത്തിലുള്ള സഹായം വേണ്ടി വരും. അപ്പോള്‍ എല്ലാവര്‍ക്കുമായി എന്ത് ചെയ്യാനാകുമെന്ന ചിന്ത. ആ ചിന്ത ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ബീയിങ്ഗുഡ് എന്ന ആപ്ലിക്കേഷനിലാണ്.

2016ലാണ് ആപ്പ് എന്ന ആശയം ഷാഹുല്‍ ഹമീദിന് തോന്നുന്നത്. കൊറോണക്കാലം അതിനുള്ള ഒരു അവസരം നല്‍കി. അങ്ങനെയാണ് സ്വന്തമായി ഒരു ആപ്പ് പുറത്തിറക്കി ജനങ്ങള്‍ക്ക് സേവനമെത്തിക്കുക എന്ന ആശയത്തിലേക്കെത്തുന്നത്. 2020ല്‍ ആപ് പുറത്തിറക്കാനുള്ള ലക്ഷ്യത്തിലേക്ക് എത്തി. ഒരാള്‍ക്ക് ഒരു ആവശ്യം വന്നാല്‍ ആരും അറിയാതെ പോകരുത് എന്ന ലക്ഷ്യമാണ് ആപ്ലിക്കേഷന് പിന്നില്‍.

ജനോപകാരം ലക്ഷ്യം വച്ച് അധ്യാപകനായ ഷാഹുല്‍ ഹമീദ് നിര്‍മിച്ച ബീയിങ്ഗുഡ് ആപ്ലിക്കേഷന്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി നാടിന് സമര്‍പ്പിച്ചു.

മാപ്, നാവിഗേഷന്‍, നോട്ടിഫിക്കേഷന്‍സ്, റിയല്‍ ടൈം ഇന്‍സ്റ്റന്റ് മെസ്സേജിങ് തുടങ്ങിയ നൂതന സാധ്യതകള്‍ കോര്‍ത്തിണക്കിയാണ് ആപ്പിന്റെ പ്രവര്‍ത്തനം. ദുരന്ത നിവാരണം, മഹാമാരി തുടങ്ങി ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസ ആവശ്യങ്ങളില്‍ വരെ മുന്‍നിര പോരാളികളെയും സന്നദ്ധപ്രവര്‍ത്തകരെയും സഹായിക്കാന്‍ തയ്യാറുള്ള ഏതൊരാളെയും തമ്മില്‍ അതിവേഗത്തില്‍ എകോപിപ്പിക്കാന്‍ ഈ ആപിലെ സംവിധാനങ്ങള്‍ സഹായകമാകും.

അടിയന്തര മെഡിക്കല്‍ സാഹചര്യങ്ങളില്‍ രക്തം ആവശ്യമായലോ, വാഹന തകരാര്‍ മൂലം വഴിയില്‍ കുടുങ്ങിയാലോ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, കടലാക്രമണം പോലുള്ള ദുരന്തങ്ങളില്‍ ഒറ്റപ്പെട്ടാലോ ഭക്ഷണം ആവശ്യമുള്ളവരെപ്പറ്റി ശ്രദ്ധയില്‍പെട്ടാലോ ‘ഗെറ്റ് ഹെല്പ്’ എന്ന ഓപ്ഷന്‍ വഴി ജനങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിക്കാം. തല്‍ഫലമായി തൊട്ടടുത്ത 50 കി മീ പരിധിക്കുള്ളിലുള്ള ആപ് ഉപയോക്താക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുകയും സാധ്യമാവുന്ന സഹായങ്ങള്‍ അവരിലേക്ക് നാവിഗേറ്റ് ചെയ്ത് എത്തിച്ചു നല്‍കാന്‍ കഴിയുകയും ചെയ്യും.

ആപ്പിന്റെ മറ്റൊരു പ്രധാന സവിശേഷത നമ്മളാല്‍ കഴിയുന്ന എന്തു സഹായവും ഈ ആപ്പില്‍ അറിയിക്കാം എന്നതാണ്. ഒരാളുടെ കയ്യില്‍ ഭക്ഷണമോ വസ്ത്രമോ മറ്റെന്ത് സഹായങ്ങള്‍ ഉണ്ടെങ്കിലും ‘ഗിവ് ഹെല്പ്’ എന്ന ഹോം സ്‌ക്രീന്‍ ബട്ടനിലൂടെ മറ്റുള്ളവരെ അറിയിക്കാം.

സഹായാഭ്യര്‍ത്ഥനകള്‍ തീവ്രത അനുസരിച്ച് ചുവപ്പ്, മഞ്ഞ നിറങ്ങളിലും ലഭ്യമായ സഹായങ്ങള്‍ പച്ച നിറത്തിലും മാപില്‍ പ്രത്യക്ഷപ്പെടും. 50 കി മീ പരിധിയിലെ നോട്ടിഫിക്കേഷന്‍ കൂടാതെ ഫില്‍ട്ടര്‍ ബട്ടണിലൂടെ എവിടെയും ഉള്ള സഹായാഭ്യര്‍ത്ഥനകള്‍ വിഭാഗങ്ങള്‍ വേര്‍തിരിച്ച് എല്ലാവര്‍ക്കും കാണാനാവും.

ആറ് വര്‍ഷമായി കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ അധ്യാപകനായും നിലവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ റിസോഴ്‌സ് പേഴ്‌സണായും ജോലിചെയ്യുന്ന ഷാഹുല്‍ ഹമീദ് 30-ല്‍ പരം ഡവലപ്പര്‍മാരെ ഉള്‍പെടുത്തി നീണ്ട ഒരു വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് ഈ ആപ്പ് ജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്നത്. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News