
ഡിസിസി പട്ടികയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ആടിയുലഞ്ഞ് കോണ്‍ഗ്രസ് എന്ന കപ്പല്‍. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം കെ.സി.വേണുഗോപാലെന്ന് എ-ഐ ഗ്രൂപ്പുകള്‍. എഐസിസി പ്രതിനിധി താരിഖ് അന്‍വര്‍ കെ.സി. വേണുഗോപാലിന്റെ കൈയ്യിലെ ചട്ടുകം. താരിഖ് അന്‍വറിനെ കേരളത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റണമെന്നും ഗ്രൂപ്പുകള്‍. രാഹുലിനെ നേരില്‍ കാണാന്‍ ഒരുങ്ങി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും. പരസ്യ പ്രതികരണത്തിന് കര്‍ശന അച്ചടക്ക നടപടി എടുക്കാന്‍ എഐസിസി നിര്‍ദേശം.
കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പ് മുതല്‍ കേരളത്തിലെ സംഘടന പ്രശ്‌നങ്ങള്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കെ.സി വേണുഗോപാല്‍, എഐസിസി പ്രതിനിധികളെ തെറ്റിദ്ധരിപ്പിച്ച് സ്ഥാനാര്‍ഥി പട്ടിക കെസി അട്ടിമറിച്ചു. പിന്നീട് ചെന്നിത്തലയെയും മുല്ലപ്പള്ളിയെയും അവഹേളിച്ച് ഇറക്കിവിടുന്നതിന് പിന്നിലും കെ.സി വേണുഗേപാല്‍ തന്നെ. അവസാനം ഡിഡിസി അധ്യക്ഷന്‍മാരുടെ നിയമനത്തിന് പിന്നിലും ദില്ലിയില്‍ ചരടുവലിച്ചത് കെസി വേണുഗോപാലാണ്. ഇതാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നാണ്എ-ഐ ഗ്രൂപ്പുകളുടെ നിലപാട്.
സംഘടനാ പുനസംഘടനയില്‍ ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലെയും ഒതുക്കാന്‍ സുധാകരനും സതീശനും കെസിയും ഒരുമിച്ചു തീരുമാനിച്ചു. ഈ നീക്കത്തിന് ചട്ടുകമായി കേരളത്തിന് ചുമതലയുള്ള താരിഖ് അന്‍വറും പ്രവര്‍ത്തിച്ചു. അതിനാല്‍ കേരളത്തിന്റെ ചുമതലയില്‍ നിന്ന് താരിഖ് അന്‍വറിനെ മാറ്റണമെന്നാണ് എ-ഐ ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം രാഹുല്‍ ഗാന്ധിയെ നേരിട്ട് അറിക്കാനാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ആലോചിക്കുന്നത്.
കെസിയെ ഒഴിവാക്കി ചര്‍ച്ചകള്‍ക്ക് അവസരം ഒരുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടും. അതേസമയം ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തില്‍ പരസ്യപ്രതികരണം നടത്തുന്ന നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാനുള്ള നിര്‍ദേശം എഐസിസി നേതൃത്വം കെപിസിസി നേതൃത്വത്തിന് നല്‍കിയെന്നാണ് സൂചന.
ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ ഉണ്ടായ പൊട്ടിത്തെറിയെത്തുടര്‍ന്ന് പ്രാഥമിക അംഗത്വം എ വി ഗോപിനാഥ് രാജി വെച്ചു.
ഉമ്മൻചാണ്ടിയോടും എ ഗ്രൂപ്പിനോടുമുള്ള അതൃപ്തി പരസ്യമാക്കി തിരുവഞ്ചൂർ രാധാകൃഷ്ണനും രംഗത്തെത്തി. ഗ്രൂപ്പിൽ നിന്നുള്ള എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ലെന്നും വിളിക്കാത്ത ചാത്തതിന് ഉണ്ണാൻ പോകാൻ കഴിയുമോയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
6 മാസത്തിനകം കോൺഗ്രസിനകത്ത് സമ്പൂർണ മാറ്റമുണ്ടാകുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും മാറ്റി നിർത്തണമെന്ന അഭിപ്രായമില്ല. ഇത്രയും നാൾ പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയ വർ തന്നെ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുമെന്ന് കരുതുന്നില്ലെന്നും സുധാകരന്‍ പ്രതികരിച്ചു.
എ വി ഗോപിനാഥ് പാർട്ടി വിട്ടു പോകില്ല എന്നാണ് വിശ്വാസമെന്ന് വി കെ ശ്രീകണ്ഠൻ എം പി പ്രതികരിച്ചു. ഗോപിനാഥുമായി ചർച്ച നടത്തുമെന്നും ശ്രീകണ്ഠൻ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here