പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു മെഡൽ നഷ്ടം

പാരാലിംപിക്‌സില്‍ ഇന്ന് രാവിലെ നാലു മെഡലുകള്‍ സ്വന്തമാക്കിയതിന്റെ ആഹ്ലാദം മായുമുമ്പ് ഇന്ത്യക്കു വന്‍ ഷോക്ക്. ടോക്യോ പാരാലിംപിക്‌സില്‍ ഡിസ്‌കസ് ത്രോയില്‍ വെങ്കലം നേടിയ വിനോദ് കുമാറിനാണ് മെഡല്‍ നഷ്ടമായത്. മത്സരത്തില്‍ പങ്കെടുക്കാനാവശ്യമായ ശാരീരിക അവശതകള്‍ താരത്തിനില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മെഡല്‍ തിരിച്ചെടുത്തത്. മറ്റ് മത്സരാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഒളിംപിക് കമ്മറ്റിയുടെ നടപടി.

42 കാരനായ വിനോദ് കുമാര്‍ 19.91 മീറ്റര്‍ എറിഞ്ഞായിരുന്നു വെങ്കലം കരസ്ഥമാക്കിയത്. ഈയിനത്തിലെ ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്തായിരുന്നു താരത്തിന്റെ മെഡല്‍ നേട്ടം. അഞ്ചാമത്തെ ത്രേയിലായിരുന്നു മെഡലുറപ്പാക്കിയ അദ്ദേഹത്തിന്റെ പ്രകടനം. പക്ഷെ ഫൈനലിനു ശേഷം മറ്റു ചില രാജ്യങ്ങള്‍ ഇതിനെതിരേ പ്രതിഷേധിച്ചിരുന്നു.എഫ്52 എന്ന ഇനത്തിൽ മല്‍സരിക്കാന്‍ വിനോദിന് അര്‍ഹതയില്ലെന്നായിരുന്നു ഇവര്‍ ചൂണ്ടിക്കാട്ടിയത്. ഇതേ തുടര്‍ന്നു മല്‍സരഫലം തല്‍ക്കാലത്തേക്കു മരവിപ്പിക്കുകയും ഇതേക്കുറിച്ച് പുനപ്പരിശോധിക്കുകയുമായിരുന്നു.

എഫ്52 വിഭാഗത്തിന് പകരം സി എന്‍ സി (ക്ലാസിഫിക്കേഷന്‍ നോട്ട് കംപ്ലീറ്റഡ്) കാറ്റഗറിയിലായിരുന്നു താരം മത്സരിക്കേണ്ടിയിരുന്നത് എന്നാണ് വിദഗ്ധ പാനലിന്റെ കണ്ടെത്തല്‍. ശാരീരിക വെല്ലുവിളിയുടെ അടിസ്ഥാനത്തിലാണ് താരങ്ങളുടെ കാറ്റഗറി നിര്‍ണയിക്കുന്നത്.

പേശികളുടെ ബലക്കുറവ്, നിയന്ത്രിത ചലനശേഷി, കൈകാലുകളുടെ കുറവ് അല്ലെങ്കില്‍ കാലിന്റെ നീളവ്യത്യാസം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് എഫ്52 കാറ്റഗറി നിര്‍ണയിക്കുന്നത്.

അതേസമയം, വിനോദിന്റേതടക്കം മൂന്ന് മെഡലുകളാണ് ഞായറാഴ്ച ഇന്ത്യ നേടിയിരുന്നത്. വനിതകളുടെ ടേബിള്‍ ടെന്നീസില്‍ ഭവിനയും പുരുഷ വിഭാഗം ഹൈജംപില്‍ നിഷാദ് കുമാറുമാണ് ഇന്ത്യയ്ക്കായി ഇന്നലെ മെഡല്‍ നേടിയത്. ഇന്ന് വനിതകളുടെ ഷൂട്ടിംഗില്‍ സ്വര്‍ണവും പുരുഷ വിഭാഗം ജാവലിനില്‍ വെള്ളിയും വെങ്കലവും ഇന്ത്യ നേടിയിരുന്നു.

10 മീറ്റര്‍ എയര്‍ റൈഫിളില്‍ അവനി ലേഖര ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയപ്പോള്‍ എഫ്46 കാറ്റഗറിയില്‍ ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജജാരിയ വെള്ളിയും സുന്ദര്‍ സിംഗ് ഗുര്‍ജാര്‍ വെങ്കലവും സ്വന്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News