ഡി സി സി പ്രസിഡന്റ് നിയമനം; ഗ്രൂപ്പ്‌വഴക്കിൽ ഇടപെടാൻ ഭയന്ന് മുസ്ലീം ലീഗ് നേതൃത്വം

ഡി സി സി പ്രസിഡന്റുമാരുടെ നിയമനത്തെച്ചൊല്ലിയുള്ള കോൺഗ്രസ് ഗ്രൂപ്പ്‌വഴക്കിൽ ഇടപെടാൻ ഭയന്ന് മുസ്ലീം ലീഗ് നേതൃത്വം. ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും അവഗണിക്കപ്പെടുന്നതിൽ ലീഗ്‌ നേതൃത്വത്തിന്‌ അസംതൃപ്‌തിയുണ്ട്‌. കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്തിൻ്റെ സ്വന്തക്കാരാണ് പുതിയ കോൺഗ്രസ് നേതൃത്വം എന്നതും ലീഗ് നേതാക്കളെ അസ്വസ്ഥരാക്കുന്നുണ്ട്. സ്വന്തം പാർട്ടിയിലെ തമ്മിലടി തീർക്കാൻ പറ്റാത്ത ലീഗ് നേതൃത്വത്തിന് കോൺഗ്രസ് വിഷയത്തിൽ അഭിപ്രായം പറയാൻ എന്ത് അവകാശം എന്ന ചോദ്യവും ഉയരുന്നുണ്ട്.

അതേസമയം, കോൺഗ്രസിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായ ഘട്ടങ്ങളിലെല്ലാം മധ്യസ്ഥ റോളിലെത്തിയിരുന്നത് മുസ്ലീംലീഗായിരുന്നു.ചില വേളകളിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശമുന്നയിക്കാനും ലീഗ് നേതൃത്വം തയ്യാറായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി യുഡിഎഫിലെയും കോൺഗ്രസിലേയും പ്രശ്നങ്ങളിൽ ക്രൈസിസ് മാനേജരായി ഇടപെട്ടിരുന്നത് പി കെ കുഞ്ഞാലിക്കുട്ടിയായിരുന്നു. പക്ഷെ പുതിയ സാഹചര്യത്തിൽ കുഞ്ഞാലിക്കുട്ടി നിശബ്ദനാണ്. നിലവിലെ കോൺഗ്രസ് സമവാക്യത്തിൻ്റെ ഭാഗമായി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പൂർണ്ണമായും തഴയപ്പെടുന്നതിൽ കുഞ്ഞാലികുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾക്ക് വലിയ അതൃപ്തിയുണ്ട്. എന്നാൽ ഒന്നും മിണ്ടാനാകാത്ത സാഹചര്യത്തിലാണ് ലീഗ് നേതാക്കൾ.

തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് ലീഗിലുണ്ടായ പൊട്ടിത്തെറികൾ ഇതു വരെയും കെട്ടടങ്ങിയിട്ടില്ല. സ്വന്തം പാർട്ടിയിലെ തർക്കങ്ങൾ പരിഹരിക്കാൻ പറ്റാത്തവർക്ക് കോൺഗ്രസിൻ്റെ വിഷയത്തിൽ ഇടപെടാൻ എന്തവകാശമെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാൽ ഇതൊന്നുമല്ല പി കെ കുഞ്ഞാലിക്കുട്ടിയെ അലട്ടുന്ന പ്രശ്നം . കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചത് യു ഡി എഫിൻ്റെ ‌ തോൽവിക്ക്‌ കാരണമായെന്ന ലീഗിലെ ഒരുവിഭാഗത്തിന്റെ ആരോപണം കെപിസിസി റിപ്പോർട്ടിലടക്കമുണ്ട്‌‌. ഇത്‌ സ്വാഭാവികമായ കണ്ടെത്തലായല്ല കുഞ്ഞാലിക്കുട്ടി കാണുന്നത്‌. കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷത്തിന്റെ ഇഷ്‌ടക്കാരാണ്‌ ഇപ്പോൾ കോൺഗ്രസ്‌ തലപ്പത്ത്‌. കോൺഗ്രസിലേതിന്‌ സമാനമായ നേതൃമാറ്റ ആവശ്യത്തിനുള്ള നീക്കം ലീഗിലും നടക്കുന്നുണ്ട് .

അടുത്തമാസം ചേരുന്ന പ്രവർത്തകസമിതിയിലും ഇക്കാര്യം പ്രധാന ചർച്ചയാകും‌. അത്തരമൊരവസ്ഥയിൽ കെ സുധാകരനും വി ഡി സതീശനുമടങ്ങുന്ന കോൺഗ്രസ്‌ നേതൃത്വത്തിന്റെ താൽപ്പര്യമാകും ലീഗിലും നിർണായകമാവുക. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും ചെന്നിത്തലയും തഴയപ്പെടുമ്പോൾ കോൺഗ്രസിന് പുറത്ത് അതേറെ ബാധിക്കുക പി കെ കുഞ്ഞാലിക്കുട്ടിയെയാരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News