താലിബാനെ വെള്ളപൂശാനുള്ള നീക്കവുമായി ഐക്യരാഷ്ട്ര സഭ; വിമര്‍ശനവുമായി സീതാറാം യെച്ചൂരി

താലിബാനെ വെള്ളപൂശാനുള്ള ഐക്യരാഷ്ട്ര സഭയുടെ നീക്കത്തില്‍ വിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യു എന്‍ രക്ഷാ സമിതി അധ്യക്ഷ പദവിയില്‍ ഇന്ത്യയുടെ പ്രതിനിധി ഇരിക്കവെയാണ് താലിബാനെ വെള്ളപൂശാന്‍ രക്ഷാ സമിതി ശ്രമിക്കുന്നത്. താലിബാനെ കുറിച്ച് പരാമര്‍ശിക്കാതെ യുഎന്‍ പുറപ്പെടുവിച്ച പ്രസ്താവനയെ ഐക്യരാഷ്ട്ര സഭയിലെ മുന്‍ ഇന്ത്യന്‍ പ്രതിനിധി സെയിദ് അക്ബറുദ്ദീന്‍ ട്വിറ്ററില്‍ വിമര്‍ശിച്ചിരുന്നു.

താലിബാനോ മറ്റേതെങ്കിലും അഫ്ഗാന്‍ ഗ്രൂപ്പോ വ്യക്തിയോ അഫ്ഗാന്‍ അതിര്‍ത്തി ഉപയോഗിച്ച് ഏതെങ്കിലും രാജ്യത്തെ ഭീഷണിപ്പെടുത്താനോ ആക്രമിക്കാനോ മുതിരുകയില്ലെന്ന് ഉറപ്പാക്കാന്‍ രക്ഷാസമിതി പ്രതിജ്ഞാബദ്ധമാണെന്ന് ആഗസ്ത് 16ന് രക്ഷാസമിതി പ്രസ്താവന ഇറക്കിയിരുന്നു. ഇതിന് ശേഷമാണ് കാബൂളില്‍ ചാവേറാക്രമണം നടന്നത്.

ഇതിന് പിന്നാലെ യുഎന്‍ രക്ഷാ സമിതി പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ: ഏതെങ്കിലും രാജ്യത്തെ ഭീഷണിപ്പെടുത്താനോ ആക്രമിക്കാനോ അഫ്ഗാന്‍ അതിര്‍ത്തി ഉപയോഗപ്പെടുത്തുന്നതും ഏതെങ്കിലും രാജ്യത്തെ ഭീകരര്‍ക്ക് ഏതെങ്കിലും അഫ്ഗാന്‍ ഗ്രൂപ്പിന്റെയോ വ്യക്തിയുടെയോ പിന്തുണ കിട്ടുന്നതും ഒഴിവാക്കാന്‍ രക്ഷാസമിതി പ്രതിജ്ഞാബദ്ധമാണ്.

രണ്ട് പ്രസ്താവനയും തയ്യാറാക്കിയത് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയ ടിഎസ് തിരുമൂര്‍ത്തിയാണ്. ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതി അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ ആയിരിക്കുമ്പോള്‍ ആണ് സുപ്രധാന നയ രൂപീകരണം ഇത്തരത്തില്‍ നടക്കുന്നത്. ഐക്യരാഷ്ട്ര സഭ താലിബാനെ അംഗീകരിച്ച് വെള്ളപൂശാന്‍ ഉള്ള ശ്രമമാണ് നടത്തുന്നത് എന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ള നിരവധിപേര്‍ വിമര്‍ശിച്ചിരുന്നു.

ഇന്ത്യയില്‍ ജനക്കൂട്ട ആക്രമണങ്ങള്‍ക്ക് പ്രോത്സാഹനം കിട്ടുമ്പോള്‍ ഇന്ത്യ അധ്യക്ഷപദവിയിലുള്ള രക്ഷാസമിതി താലിബാനെ അംഗീകരിക്കുകയാണെന്ന് യെച്ചൂരി ട്വീറ്റ് ചെയ്തു. ലജ്ജാകരവും വിനാശകരവുമാണ് മോഡിസര്‍ക്കാര്‍ നിലപാട്. ഗോഡ്സെയെ ആരാധിക്കുന്നവര്‍ എന്തുംചെയ്യുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ‘ടി’യില്‍ തുടങ്ങുന്ന പദം വിട്ടുപോകാന്‍ ഇടയാകുംവിധം ദീര്‍ഘമാണ് രണ്ടാഴ്ചയെന്ന് യുഎന്നിലെ മുന്‍ ഇന്ത്യന്‍ പ്രതിനിധി സെയിദ് അക്ബറുദ്ദീന്‍ രണ്ട് പ്രസ്താവനകളും പങ്ക് വെച്ച് പരിഹസിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News