തൃക്കാക്കര നഗരസഭയിലെ പണക്കിഴി ആരോപണം: അധ്യക്ഷ അജിത തങ്കപ്പനും കോണ്‍ഗ്രസും കുരുക്കിലേക്ക്

തൃക്കാക്കര നഗരസഭയിലെ പണക്കിഴി ആരോപണത്തില്‍ അധ്യക്ഷ അജിത തങ്കപ്പനും കോണ്‍ഗ്രസും കുരുക്കിലേക്ക്. അജിത തങ്കപ്പന് എതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സിസി ടിവി ക്യാമറ ദൃശ്യങ്ങളും കൗണ്‍സിലര്‍മാരുടെ മൊഴിയും പരിശോധിച്ചശേഷം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് എസ്പിക്ക് കൈമാറി. അതേസമയം വിജിലന്‍സിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ഭരണപക്ഷം ആരോപിച്ചു.

തൃക്കാക്കര നഗരസഭാ കാര്യാലയത്തിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളും കൗണ്‍സിലര്‍മാരുടെ മൊഴിയും പരിശോധിച്ചശേഷമാണ് വിജിലന്‍സ് പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ നഗരസഭാധ്യക്ഷയുടെ ക്യാബിനില്‍ നിന്നും കൗണ്‍സിലര്‍മാര്‍ കവറുമായി പോകുന്നത് വ്യക്തമായി കാണാം. കവറില്‍ പണമാണെന്ന് കൗണ്‍സിലര്‍മാര്‍ മൊഴിയും നല്‍കിയിട്ടുണ്ട്. തുടര്‍ന്നാണ് കേസില്‍ വിശദമായ അന്വേഷണം വേണമെന്ന ശുപാര്‍ശയോടെ വിജിലന്‍സ് എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

നഗരസഭാ അധ്യക്ഷയെ ചോദ്യം ചെയ്യേണ്ടി വരുമെന്നും അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം നഗരസഭാ കവാടത്തിന് മുന്നില്‍ എല്‍ഡിഎഫ് നടത്തുന്ന സമരം തുടരുകയാണ്. ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ജനാധിപത്യ കേരള കോണ്‍ഗ്രസും അജിത തങ്കപ്പന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. തെളിവുകള്‍ നശിപ്പിക്കാനുളള ശ്രമമാണ് നഗരസഭാധ്യക്ഷ നടത്തുന്നതെന്നും പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം വിജിലന്‍സിന്റെ നടപടി നിയമവിരുദ്ധമാണെന്ന നിലപാടിലാണ് ഭരണപക്ഷം. വിജിലന്‍സിനെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും നിയമനടപടി ആലോചിക്കുമെന്നും ഭരണപക്ഷ കൗണ്‍സിലര്‍ ഷാജി വാഴക്കാല പറഞ്ഞു. അധ്യക്ഷ പുറത്തുപോകുമ്പോള്‍ ക്യാബിന്‍ പൂട്ടുന്നത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് ഭരണപക്ഷത്തിന്റെ വിശദീകരണം.

ഏറെ വിവാദമായ പണക്കിഴി ആരോപണത്തില്‍ തെളിവുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയതോടെ നഗരസഭാ അധ്യക്ഷയ്ക്ക് ക്ലിന്‍ ചിറ്റ് നല്‍കിയ കോണ്‍ഗ്രസും പ്രതിരോധത്തിലായിരിക്കുകയാണ്. നഗരസഭാ അധ്യക്ഷ പണം നല്‍കിയെന്ന് കണ്ടെത്തിയാല്‍ പണത്തിന്റെ ഉറവിടവും വ്യക്തമാക്കേണ്ടി വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here