നവംബർ ഒന്നിന് കെ.എ.എസ് നിയമന ശുപാർശ: മുഖ്യമന്ത്രി

നവംബർ ഒന്നിന് കെ.എ.എസ് തസ്തികകളിൽ നിയമന ശുപാർശ നൽകാനാണ് പി. എസ്.സി തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലക്കാട് പി.എസ്.സി ജില്ലാ ഓഫീസ് ഓൺലൈൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.എ.എസ് അഭിമുഖം സെപ്റ്റംബറിനുള്ളിൽ പി.എസ്.സി പൂർത്തിയാക്കും. എൻട്രി കേഡറിൽ സർക്കാർ സർവീസിൽ പ്രവേശിക്കുന്ന ഒരാളാണ് ഭാവിയിൽ ഉയർന്ന തസ്തികയിൽ എത്തുന്നത്.ഉദ്യോഗാർത്ഥിയുടെ കഴിവും കാര്യക്ഷമതയും പരിശോധിക്കാനുതകും വിധം പി.എസ്.സി പരീക്ഷാ സിലബസിൽ മാറ്റം കൊണ്ടുവരാനാകണം.

സർക്കാർ ജോലി എന്നത് ജീവനോപാധി മാത്രമല്ല, ജനസേവനം കൂടിയാണെന്ന ബോധം ഉദ്യോഗാർത്ഥികളിൽ ഉയർത്താനാകും വിധം സിലബസിൽ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.എല്ലാ വകുപ്പുകളിലെയും ഒഴിവ് കൃത്യതയോടെ റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

എല്ലാ ജില്ലകളിലും പി.എസ്.സിക്ക് ഓൺലൈൻ പരീക്ഷ നടത്താൻ കേന്ദ്രങ്ങൾ ഉണ്ടാവണം. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ 887 പേർക്ക് ഓൺലൈൻ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യമുണ്ട്.

പാലക്കാട് ആരംഭിച്ചിരിക്കുന്ന കേന്ദ്രത്തിൽ 345 പേർക്ക് പരീക്ഷ എഴുതാനാകും. കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിലും ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ ആരംഭിക്കും. കോട്ടയത്ത് പി.എസ്.സി ഓഫീസ് കെട്ടിടത്തിന്റേയും ഓൺലൈൻ കേന്ദ്രത്തിന്റേയും നിർമാണം അന്തിമഘട്ടത്തിലാണ്.

ആവശ്യമുള്ളതിന്റെ അഞ്ചിരട്ടി വരെ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന നിലയാണ് ഇപ്പോൾ കേരള പി.എസ്.സി സ്വീകരിക്കുന്നത്. നിയമനം ലഭിക്കുന്നതിനേക്കാൾ പതിൻമടങ്ങ് നിയമനം ലഭിക്കാത്തവരായി ലിസ്റ്റിലുണ്ടാവും. റാങ്ക് ലിസ്റ്റിൽ വന്നതിനാൽ നിയമനം ലഭിക്കുമെന്ന് ഇവർ കരുതുകയും ചെയ്യും.

റാങ്ക്‌ലിസ്റ്റുകളുടെ ഈ സ്ഥിതി പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നതിന് ജസ്റ്റിസ് ദിനേശൻ കമ്മീഷനെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷ കാലയളവെടുത്താൽ 1,61,361 പേർക്ക് സംസ്ഥാന പി. എസ്. സി മുഖേന നിയമനം നൽകി. നിരവധി ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന കാലമായിട്ടുകൂടി പി. എസ്. സിയുടെ പ്രവർത്തനം സ്തുത്യർഹമായ നിലയിൽ മുന്നോട്ടു പോയെന്നാണ് നിയമനങ്ങളുടെ എണ്ണം സൂചിപ്പിക്കുന്നത്.

പൊതുസംരംഭങ്ങളിൽ നിന്നും സേവനങ്ങളിൽ നിന്നും സർക്കാർ പിൻവാങ്ങുന്ന നിലയാണ് ഈ കാലയളവിൽ രാജ്യത്തുണ്ടായത്. എന്നാൽ അങ്ങനെ പിൻവാങ്ങുന്ന ഒരു നിലയും സംസ്ഥാനം സ്വീകരിച്ചില്ല. ആരോഗ്യ രംഗത്ത് ആവശ്യമായ നിയമനം നടത്താത്ത പ്രദേശങ്ങളും സംസ്ഥാനങ്ങളും കൊവിഡിനെ നേരിട്ട അനുഭവവും നിയമനം നടത്തിയ കേരളം നേരിട്ട നിലയും നമ്മുടെ മുന്നിലുണ്ട്.

സിവിൽ സർവീസിനെ ശക്തിപ്പെടുത്താൻ പി. എസ്. സിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ആവശ്യമായ പശ്ചാത്തല സൗകര്യമൊരുക്കാനും വേണ്ട പിന്തുണ നൽകുകയെന്നതാണ് സർക്കാരിന്റെ സമീപനം.

ലാസ്റ്റ്‌ഗ്രേഡ് സർവീസ് മുതൽ ഡെപ്യൂട്ടി കളക്ടർ തസ്തിക വരെ നീളുന്ന 1760 ഓളം വിവിധ തസ്തികകളിൽ പി. എസ്. സി നിയമനം നടത്തുന്നു. പ്രതിവർഷം ആയിരത്തോളം റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നു. 25000 ത്തോളം അഭിമുഖങ്ങൾ നടത്തുകയും 30000 ത്തോളം നിയമന ശുപാർശകൾ നൽകുകയും ചെയ്യുന്നു.

വിജ്ഞാപനമിറങ്ങി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ മുമ്പ് അഞ്ചോ ആറോ വർഷമെടുത്തിരുന്നെങ്കിൽ ഇപ്പോൾ രണ്ടു വർഷത്തിനുള്ളിൽ എല്ലാ നടപടികളും പൂർത്തിയാക്കാൻ പി. എസ്. സിക്ക് കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here