‘ഈ അഴികള്‍ക്കുള്ളില്‍, കൈകള്‍ വിലങ്ങുവെച്ച അവസ്ഥയില്‍ പ്രസവിക്കേണ്ടി വന്നാല്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് ?’ ഭീകരത ലോകത്തെ അറിയിച്ച് പലസ്തീന്‍ യുവതിയുടെ കത്ത്

ഇസ്രായേല്‍ പലസ്തീന്‍ വിഷയം ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയ ഒന്നാണ്. ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന ഗര്‍ഭിണിയായ പലസ്തീന്‍ യുവതിയുടെ കണ്ണീരില്‍ കുതിര്‍ന്ന കത്ത് ഏറെ ചര്‍ച്ചാവിഷയമാകുകയാണ്. തടവറയിലെ ഇരുമ്പഴികള്‍ക്കുള്ളില്‍ അല്‍-ദീക് എന്ന യുവതി നേരിട്ട ഭീതിജനകമായ അവസ്ഥയെ ലോകത്തെ അറിയിക്കുന്നതാണ് ഈ കത്ത്.

പ്രസവസമയം അടുത്തിട്ടും കേണപേക്ഷിച്ചിട്ടും 25കാരി അന്‍ഹാറിനെ പുറത്തുവിടാന്‍ ഇസ്രായേല്‍ തയ്യാറായില്ല. തടവറയില്‍ നിന്ന് പുറത്തിറങ്ങിയ മറ്റൊരു പാലസ്തീന്‍ യുവതിയുടെ കയ്യില്‍ നല്‍കിയ കത്താണ് ജയിലറകള്‍ക്കുള്ളിലെ യാതനകളെ പുറംലോകത്തെ അറിയിച്ചത്.

അന്‍ഹാറിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പലതവണ കുടുംബം സമീപിച്ചെങ്കിലും ഇതുവരെയും ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കോടതി തയ്യാറായിട്ടില്ല. മാര്‍ച്ച് എട്ടിനാണ് കുഫ്റ് നിമ എന്ന തന്റെ ഗ്രാമത്തില്‍ നിന്നും അന്‍ഹാറിനെ ഇസ്രഈല്‍ സേന അറസ്റ്റ് ചെയ്തത്. സേനാംഗങ്ങളെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചുവെന്നായിരുന്നു അന്‍ഹാറിനെതിരെ ചുമത്തിയ കുറ്റം.

‘നിങ്ങളില്‍ നിന്നെല്ലാം ദൂരെ, ഈ ജയിലഴികള്‍ക്കുള്ളില്‍, കൈകള്‍ വിലങ്ങുവെച്ച അവസ്ഥയില്‍ പ്രസവിക്കേണ്ടി വന്നാല്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് ? സിസേറിയന്‍ എത്രമാത്രം ദുഷ്‌കരമാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ, ഞാന്‍ ഇവിടെ ഒറ്റയ്ക്ക് ഇതെല്ലാം എങ്ങനെ നേരിടും?’എന്ന് അന്‍ഹാറിന്റെ കത്തില്‍ ചോദിക്കുന്നു.

ജൂലിയ എന്ന ഒന്നര വയസുള്ള മറ്റൊരു മകളും അന്‍ഹാറിനുണ്ട്. അന്‍ഹാറിന്റെ അമ്മയായ അയ്ഷയാണ് ഇപ്പോള്‍ ഈ കുഞ്ഞിനെ നോക്കുന്നത്. ജൂലിയ തന്റെ അമ്മയെ അന്വേഷിച്ച് രാത്രി കരയാറുണ്ടെന്നും എന്നാല്‍ തന്നെയും കുടുംബത്തിലെ മറ്റുള്ള സ്ത്രീകളെയുമെല്ലാം അവള്‍ അമ്മ എന്നു വിളിക്കുന്നത് കാണുമ്പോഴാണ് തനിക്ക് ഏറെ സങ്കടം തോന്നാറുള്ളതെന്നും അയ്ഷ പറഞ്ഞു.

ആദ്യ പ്രസവത്തിന് ശേഷം വിഷാദരോഗം അനുഭവിച്ചിരുന്ന അന്‍ഹാര്‍ അന്ന് വീട്ടില്‍ നിന്നും അല്‍പം മാറിയുള്ള കൃഷിസ്ഥലത്തേക്ക് നടക്കാനിറങ്ങിയപ്പോഴാണ് ഇസ്രായേല്‍ സേനയെത്തി അറസ്റ്റ് ചെയ്തതെന്ന് അയ്ഷ പറയുന്നു. അറസ്റ്റ് ചെയ്ത സമയത്ത് ഇസ്രഈല്‍ സേന മര്‍ദിച്ചിരുന്നുവെന്നും ഗര്‍ഭിണിയാണെന്ന് വിളിച്ചു പറഞ്ഞിട്ടും അവര്‍ അടിക്കുന്നത് നിര്‍ത്തിയില്ലെന്നും അന്‍ഹാര്‍ പറഞ്ഞിരുന്നുവെന്നും അയ്ഷ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News